print edition ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ

ലെബനനിലെ അൽഹോഷിൽ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം | Photo: AFP
ബെയ്റൂത്ത് : വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ സൈനികനീക്കം ശക്തമാക്കുന്നു. ഹിസ്ബുള്ളയ്‍ക്ക് എതിരായ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ, ലെബനനിലുടനീളം വ്യോമാക്രമണമുണ്ടായി. കിഴക്കൻ ബെക്കാ താഴ്‌വരയിലും മറ്റു പ്രദേശങ്ങളിലും ശക്തമായ ആക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുമായി യുദ്ധത്തിലാണെന്നും കനത്ത പ്രഹരമേൽപ്പിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ഇതുവരെ അറുനൂറിലധികം ഹിസ്ബുള്ള സൈനികരെ വധിച്ചെന്നും അവകാശപ്പെട്ടു.
ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലേക്ക് ഉൾപ്പെടെ സൈനിക നടപടി വ്യാപിപ്പിക്കണമെന്ന് ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസാലെൽ സ്‌മോട്രിച്ച്, ഇതമർ ബെൻഗ്വീർ എന്നിവർ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ വെടിനിർത്തൽ ലംഘനത്തിന് തിരിച്ചടിയായി 22 ഡ്രോൺ-–റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേലി സൈനികർ, ടാങ്കുകൾ, ബാരക്കുകൾ, കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രത്യാക്രമണം.
ലബനനും ഇസ്രയേലും 45 ദിവസത്തെ വെടിനിർത്തൽ നീട്ടാൻ ധാരണയായിരുന്നുവെങ്കിലും ഏറ്റുമുട്ടൽ തുടരുകയാണ്. അടുത്തയാഴ്ച വാഷിങ്‌ടണിൽ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.വെടിനിർത്തൽ കരാർ ഒപ്പിട്ടശേഷം ഇസ്രയേൽ ആക്രമണം പ്രധാനമായും തെക്കൻ ലെബനനിൽ മാത്രമായിരുന്നെങ്കില്‍ ഇപ്പോൾ സിറിയൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ മേഖലകളിലേക്കും യുദ്ധം വ്യാപിച്ചു.










0 comments