സ്പെയിനിൽ നിർണായക പോരാട്ടം; ഞായറാഴ്ച പൊതുതെരഞ്ഞെടുപ്പ്

മാഡ്രിഡ് : സ്പെയിനിൽ ഞായറാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാർടിയും ആൽബർട്ടോ നൂനെസ് ഫെയ്ജൂ നയിക്കുന്ന യാഥാസ്ഥിതിക പീപ്പിൾസ് പാർടിയും തീവ്ര-വലതുപക്ഷ പാർടിയായ വോക്സും തമ്മിലാണ് പ്രധാന മത്സരം.
വാടക വർധനവിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട 87-കാരി മരിച്ച സംഭവത്തോടെ രൂക്ഷമായ ഭവന പ്രതിസന്ധിയിലുള്ള ജനരോഷം സാഞ്ചസിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാൽ സ്യൂട്ടയിലും കാനറി ദ്വീപുകളിലുമുണ്ടായ വൻ കുടിയേറ്റപ്രവാഹവും അടുത്ത അനുയായികൾക്കും ഭാര്യ ബെഗോണ ഗോമസിനുമെതിരായ അഴിമതി ആരോപണങ്ങളും കേസുകളും സാഞ്ചസിന് തിരിച്ചടിയാണ്.
തന്റെ സർക്കാർ നിർദ്ദേശിച്ച രണ്ട് അടിയന്തര ഭവന ഉത്തരവുകൾ പാർലമെന്റ് നിരസിച്ചതിനെ തുടർന്നാണ് സാഞ്ചസ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വാടക നിയന്ത്രണം, കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ സംരക്ഷണം, സ്വത്ത് വാങ്ങലുകളിൽ നിയന്ത്രണങ്ങൾ എന്നിവയിലൂടെ രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യം 2027ൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യാഥാസ്ഥിതിക, ദേശീയ പ്രസ്ഥാനങ്ങൾ പല രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്ന സമയത്തെ തെരഞ്ഞെടുപ്പിൽ യൂറോപ്പിലെ ഇടതുപക്ഷ പാർട്ടികൾക്ക് സാധ്യതയേറുകയാണ്.









0 comments