ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി: സ്മാർട്ട്‌ഫോൺ വിപണിക്ക് തിരിച്ചടി; വില വർധനക്ക് സാധ്യത

smartphone

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 11, 2026, 01:57 PM | 2 min read

തിരുവനന്തപുരം : യുഎസ് - ഇസ്രയേൽ സഖ്യത്തിൻറെ ഇറാൻ കടന്നാക്രമണം സ്മാർട്ട്ഫോൺ വ്യവസായത്തിനും തിരിച്ചടിയാവുന്നു. റാം സ്റ്റോറേജ് ചിപ്പ് ക്ഷാമം മൂലം മേഖല വെല്ലുവിളി നേരിടുന്നതിനിടെയാണ് ഈ ഇരട്ടിപ്രഹരം. ഇത് ആ​ഗോളതലത്തിൽ സ്മാർട്ട്ഫോൺ വിതരണ ശൃംഖലയെ ബാധിച്ചേക്കും.


പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയാലുടൻ അത് വിപണിയിൽ എത്തിക്കേണ്ടതുണ്ട്. അതിനാൽ കടൽമാർ​ഗമുള്ള ചരക്കുനീക്കത്തേക്കാൾ ചെലവേറിയതാണെങ്കിലും സമയലാഭത്തിനായി സ്മാർട്ട്ഫോൺ നിർമാതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് വ്യോമ​ഗതാ​ഗതമാണ്.


ചൈനയിലും ഇന്ത്യയിലും അസംബിൾ ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ഭൂരിഭാ​ഗവും പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലേക്ക് വിമാനമാർ​ഗമാണ് എത്തിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാനമായും ചരക്കു കൈമാറ്റത്തിനായി പ്രവർത്തിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്കയുടെ കിഴക്കൻ തീരദേശ പാതയിലേക്കും അയക്കുന്നതിന് മുൻപായി ചരക്കുകൾ ഒരിടത്ത് കേന്ദ്രീകരിക്കാനും വിവിധ ഇടങ്ങളിലേക്ക് വിതരണം ചെയ്യാനും ഈ വിമാനത്താവളങ്ങൾ സൗകര്യമൊരുക്കുന്നു.


സംഘർഷങ്ങൾ തുടർന്നാൽ ലോജിസ്റ്റിക്സ് ചാർജ് വർധിക്കും. ഇതോടെ സ്മാർട്ട്ഫോൺ നിർമാതാക്കൾക്ക് മറ്റു മാർ​ഗങ്ങൾ തേടേണ്ടി വരും. ഇത് സ്മാർട്ട്ഫോണുകളുടെ വില വർധനവിന് കാരണമാകും. മാത്രമല്ല യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തിനായി സ്മാർട്ട്ഫോൺ നിർമാതാക്കൾ താഷ്കന്റ് പോലുള്ള മധ്യേഷ്യൻ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകും.


അമേരിക്കയുടെ കിഴക്കൻ തീരദേശ പാതയിലേക്കുള്ള വിതരണം കിഴക്കൻ ഏഷ്യ വഴിയോ വടക്കേ അമേരിക്ക വഴിയോ തിരിച്ചുവിട്ടേക്കാം. ആഫ്രിക്കൻ വിപണികളിലേക്കും മറ്റ് പ്രാദേശിക വിപണികളിലേക്കും ചരക്ക് എത്തിക്കാൻ അഡിസ് അബാബ, ഈജിപ്ത് തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിച്ചേക്കാം. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് യാത്രാസമയത്തിൽ വർധനയുണ്ടാക്കും. ഇത് ഏകദേശം 22,97,604 രൂപ വരെ അധിക ഇന്ധനച്ചെലവിന് കാരണമായേക്കാം.


ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികൾ കൂടുതൽ 256ജിബി ബേസ് മോഡൽ സ്മാർട്ട്‌ഫോണുകളുടെ വിലയിൽ ഇതിനോടകം തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. വമ്പൻ ബ്രാൻഡുകൾക്ക് വിപണിയിലുള്ള സ്വാധീനം കാരണം ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിർത്താൻ സാധിച്ചേക്കും. എന്നാൽ ഇടത്തരം സ്മാർട്ട്ഫോൺ കമ്പനികളായിരിക്കും ഈ വർഷം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടാൻ പോകുന്നത്.


സെമികണ്ടക്ടർ കമ്പനികൾ റാം, സ്റ്റോറേജ് ചിപ്പുകൾ എന്നിവയുടെ ചരക്ക് നീക്കത്തിന് നിർമിത ബുദ്ധി ഡാറ്റാ സെന്ററുകൾക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ 2027ലും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ വിതരണ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home