print edition ശബരിമല മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച: വി എൻ വാസവൻ

വി എൻ വാസവൻ
കോട്ടയം : ശബരിമല മുന്നൊരുക്കങ്ങളിൽ സംസ്ഥാന സർക്കാർ കലാതാമസമുണ്ടാക്കിയെന്ന് മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുത്ത് യോഗം വിളിച്ചത്. ഇത് വളരെ താമസിച്ചുപോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനങ്ങൾ നടപ്പാക്കാൻ ഇനി ഏറെ സമയമെടുക്കും. സർക്കാരിന്റെ വീഴ്ചയാണിത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജൂണിൽ മുന്നൊരുക്കം തുടങ്ങുമായിരുന്നു. ഒക്ടോബറെത്തുന്പോൾ പൂർണതയിലെത്തിക്കും. നവംബറിൽ നട തുറക്കുന്ന സാഹചര്യമുണ്ടാക്കും. ആറുമാസം മുമ്പേ മുന്നൊരുക്കം തുടങ്ങി ഇടത്താവളങ്ങളിൽ യോഗംചേർന്ന് മന്ത്രിയും ദേവസ്വംബോർഡ് പ്രസിഡന്റും നേരിട്ടെത്തി പ്രവർത്തിക്കുമായിരുന്നു.
32 വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം നടത്തിയാലേ ശബരിമല തീർഥാടനം ഭംഗിയായി നടക്കൂ. ഇപ്പോൾ അരവണയുടെ പ്രശ്നംവന്നു. 40 ലക്ഷത്തോളം ടൺ അരവണ അന്ന് മുൻകൂട്ടി ഉണ്ടാക്കിവച്ചിരുന്നു. അതിനാൽ നട തുറക്കുന്പോൾ പരാതിയുണ്ടായില്ല. പരാതിരഹിത തീർഥാടനകാലമായി കഴിഞ്ഞുവെന്നത് അഭിമാനമാകുന്നു.
കേന്ദ്രീകരിച്ച് എട്ട് യോഗങ്ങൾ നടത്തി. മുഖ്യമന്ത്രി പങ്കെടുത്ത് യോഗംചേർന്നു. ഇന്ന് അത്തരം മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ ഇടപെട്ടില്ല. ഇത്തവണ മുന്നൊരുക്കം നടത്താൻ സർക്കാരിനായില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാരും മന്ത്രിയുമാണ് ഇതിന് നേതൃത്വം നൽകേണ്ടത്. ദേവസ്വം ബോഡ് പ്രസിഡന്റിന് ദേവസ്വത്തിന്റെ കാര്യങ്ങളാണ് ചെയ്യാനാകുകയെന്നും വി എൻ വാസവൻ പറഞ്ഞു.








0 comments