വട്ടിയൂർക്കാവിലും വഴിമുട്ടും വികസനം

പാളയം
കിഫ്ബിയെ ‘കൊല്ലുന്നതോടെ’ തലസ്ഥാനത്തെ പ്രധാന അടിസ്ഥാനസൗകര്യ വികസനപദ്ധതികളും പ്രതിസന്ധിയിലാകും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ നിർമാണം നിലച്ചുപോകുന്ന സ്ഥിതിയാണുള്ളത്. വഴയില റോഡ് വികസനത്തിന്റെ രണ്ടാംഘട്ടവും പ്രതിസന്ധിയിലാണ്. വട്ടിയൂർക്കാവ് ജങ്ഷൻ റോഡ് വികസനപദ്ധതിയുടെ രണ്ടാംഘട്ടമായ മണ്ണറക്കോണം–മുക്കോല–വഴയില റോഡ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. അനുവദിക്കേണ്ട തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ കിഫ്ബിക്ക് കത്ത് നൽകിയിരുന്നെങ്കിലും സർക്കാർ നിലപാടുമൂലം പദ്ധതിത്തുക നഷ്ടപ്പെടാൻ സാധ്യതയേറിയിരിക്കുകയാണ്. അതേസമയം, പദ്ധതിയുടെ ഒന്നാംഘട്ടമായ ശാസ്തമംഗലം–മണ്ണറക്കോണം– - പേരൂർക്കട റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടികൾ അവസാനിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഈ പ്രവൃത്തി ഏറ്റെടുത്ത് ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ടായിരുന്നു. അമ്പലമുക്ക് ജങ്ഷൻ വികസനവും അനിശ്ചിതത്വത്തിൽ അമ്പലമുക്ക് ജങ്ഷൻ വികസനവും അമ്പലമുക്ക് സാന്ത്വനം ജങ്ഷൻ, മുട്ടട-–പരുത്തിപ്പാറ റോഡിന്റെ വികസനപദ്ധതിയുമാണ് ഭീഷണി നേരിടുന്ന മറ്റൊരു പ്രധാന പദ്ധതി. കിഫ്ബിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കവേയാണ് സർക്കാരിന്റെ തീരുമാനങ്ങൾ തിരിച്ചടിയാകുന്നത്. പേരൂർക്കട മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ അമ്പലമുക്ക് ജങ്ഷൻകൂടി വികസിപ്പിച്ചില്ലെങ്കിൽ പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെടാനും ജനങ്ങൾ കടുത്ത യാത്രാദുരിതം അനുഭവിക്കാനും ഇടയാകും. വട്ടിയൂർക്കാവ് നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി അനുവദിച്ച നൂറുകോടി രൂപയുടെ പദ്ധതികളും പ്രതിസന്ധിയിലായി. ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, തിരുവനന്തപുരം എയർപോർട്ട് റോഡ്, എൽഎംഎസ് മുതൽ പേരൂർക്കട വരെയുള്ള ഭാഗത്തിന്റെ നവീകരണം, പേരൂർക്കട പൈപ്പ്ലൈൻ റോഡിലെ പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ടം സർക്കാരിന്റെ തടസ്സങ്ങൾ കാരണം നിലയ്ക്കുന്ന അവസ്ഥയിലാണ്. പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിനായി കിഫ്ബി വഴി നൂറുകോടി രൂപ അനുവദിച്ചിരുന്നു. സർക്കാരിന്റെ അംഗീകാരത്തോടെ ഡിപിആർ പൂർത്തിയാക്കി ടെൻഡർ നടപടികൾക്ക് അനുമതി ലഭിച്ച പദ്ധതിയും അനിശ്ചിതത്വത്തിലാണ്.








0 comments