മുഖച്ഛായ മാറ്റിയ പാറശാല താലൂക്ക് ആശുപത്രി

പാറശാല ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി
ബി ആർ അജീഷ്ബാബു
Published on Oct 18, 2026, 12:10 AM | 2 min read
പാറശാല
ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇടപെടലിൽ എൽഡിഎഫ് സർക്കാരിന്റ കാലത്ത് കിഫ്ബി സഹായത്തോടെ ഒന്നാംഘട്ടമായി 44 കോടി രൂപയുടെ വികസനമാണ് നടപ്പാക്കിയത്. മൂന്നുനിലകളിലായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടി ട്രോമാകെയർ ഉൾപ്പെടെയുള്ള മൾട്ടി-സ്പെഷ്യാലിറ്റി ബ്ലോക്കാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ 14 കിടക്കകളോടുകൂടിയ കാഷ്വാലിറ്റി ട്രൈയേജ് ഏരിയ, 10 കിടക്കകളുള്ള ഒബ്സർവേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തിയറ്റർ, ഇസിജി റൂം, എക്സ്-റേ റൂം, ഡോക്ടർ കൺസൾട്ടേഷൻ റൂം, വാക്സിനേഷൻ റൂം, നെബുലൈസേഷൻ റൂം, ഓർത്തോപ്രൊസീജിയർ റൂം, ഇഞ്ചക്ഷൻ റൂം, അൾട്രാസൗണ്ട് സ്കാനിങ് റൂം, ടോയ്ലറ്റ് സംവിധാനം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാമത്തെ നിലയിൽ വിവിധ ഒപി ഡിപ്പാർട്ട്മെന്റുകൾക്കുള്ള സൗകര്യങ്ങളും സെൻട്രൽ ലബോറട്ടറി, ബ്ലഡ് സാമ്പിൾ കലക്ഷൻ, ഫാർമസി, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, ടോയ്ലറ്റ് സംവിധാനം എന്നിവയും രണ്ടാമത്തെ നിലയിൽ 10 കിടക്കകളുള്ള ജനറൽ ഐസിയു, 11 കിടക്കകളുള്ള സർജിക്കൽ ഐസിയു, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫീസ് റൂം, മിനി കോൺഫറൻസ് ഹാൾ, സൂപ്രണ്ട് മുറി, ഡോക്ടർമാർക്കും നഴ്സുമാർക്കും ഡ്യൂട്ടി റൂമുകൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. മൂന്നാമത്തെ നിലയിൽ 1 മോഡുലാർ ഓപ്പറേഷൻ തിയറ്ററും രണ്ടു കൺവെർഷണൽ ഓപ്പറേഷൻ തിയറ്ററും അഞ്ചു കിടക്കകളുള്ള പ്രീ ഓപ്പറേഷൻ റൂമും, അഞ്ചു കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷൻ വാർഡും ഫാർമസി, സ്റ്റോർ റൂം, അനസ്തീഷ്യ റൂം, സ്റ്റെറയിൽ പാക്കിങ് റൂം, സ്റ്റെറയിൽ സപ്ലൈ റൂം തുടങ്ങിയവയാണ് നടപ്പാക്കുന്നത്. വിപുലമായ കുടിവെള്ളത്തിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള അഗ്നി സുരക്ഷാ സംവിധാനം, ഇലവേറ്റർ ലിഫ്റ്റ് സംവിധാനം, അപായസൂചന സംവിധാനം, മെഡിക്കൽ ഗ്യാസ് പ്ലാന്റ്, ക്ലോസ്ഡ് സർക്യൂട്ട് കാമറ സംവിധാനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഡയാലിസിസ് യൂണിറ്റ്, മാതൃ–ശിശു ബ്ലോക്ക്, ലേഡീസ് അമിനിറ്റി സെന്റർ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഫ്രീസർ സൗകര്യത്തോടുകൂടിയ മോർച്ചറി, പവർലോൺട്രി, ഒപ്റ്റോമെട്രി വിഭാഗം, തുടങ്ങി വിവിധ മേഖലകളിലായി ഒന്പതുകോടിയുടെ പ്രവർത്തനങ്ങളും നടപ്പാക്കി. രണ്ടുകോടി രൂപ അനുവദിച്ച് ആധുനികസൗകര്യങ്ങളോടുകൂടി 14 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ മന്ദിരത്തിന്റെ നിർമാണവും പൂർത്തിയാക്കി.








0 comments