നിരവധിപേർക്ക് പരിക്ക്
ഡ്രൈവർ മദ്യലഹരിയിൽ; സ്വകാര്യ ബസ് മതിൽ ഇടിച്ചുതകർത്തു

വർക്കല ഇടവ വെറ്റക്കട ആലുംമൂട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് വീടിന്റെ മതിലിലിടിച്ചപ്പോൾ
വർക്കല
ഡ്രൈവർ മദ്യലഹരിയിലായതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് വീടിന്റെ മതിൽ ഇടിച്ചുതകർത്തു. നിരവധിപേർക്ക് പരിക്കേറ്റു. ശനി രാവിലെ 8.10ന് ഇടവ വെറ്റക്കട പള്ളിക്ക് മുൻവശത്തുള്ള വളവിലാണ് അപകടം. വീടിന്റെയും പള്ളിയുടെയും മതിൽ ഇടിച്ചുതകർത്തശേഷം റോഡിനുകുറുകെ നിൽക്കുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർ പാരിപ്പള്ളി നീരോന്തി സ്വദേശി രാജേഷിന് (43) എതിരെ അയിരൂർ പൊലീസ് കേസെടുത്തു. ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം കേസെടുത്തു. വർക്കലയിൽനിന്ന് പരവൂർവഴി കൊല്ലം ഭാഗത്തേക്ക് പോയ "കണ്മണി’ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളും കുട്ടികളും സ്ത്രീകളുമടക്കം മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. ഇടവ സ്വദേശികളായ റിഫാൻ (21), ഹാജിറ (22) എന്നിവർ വർക്കല താലൂക്ക് ആശുപത്രിയിലും പുല്ലാന്നിക്കോട് സ്വദേശി ശ്യാംരാജ് (36), ഇടവ സ്വദേശി നൂറ നാസർ (29) എന്നിവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു ചിലർ കൊല്ലം താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.








0 comments