യുഎസിൽ ചരക്കുതീവണ്ടിയിൽ ആറു മൃതദേഹം

വാഷിങ്‌ടൺ: അമേരിക്കയിലെ ടെക്‌സാസിലെ ലറെഡോയിൽ ചരക്കുതീവണ്ടിയിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ലറെഡോയിലെ റെയിൽവേ യാർഡിലാണ് ട്രെയിനിലെ ബോക്സ് കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യൂണിയൻ പസഫിക് റെയിൽ യാർഡിലെ ജീവനക്കാരൻ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സംഭവം പുറത്തറിഞ്ഞത്.
ലാറെഡോ പോലീസ് ഡിപ്പാർട്ട്‌മെന്റ്, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI), ടെക്സസ് റേഞ്ചേഴ്‌സ് എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹങ്ങൾ വെബ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് മാറ്റി.
മരിച്ചവർ ഏത് രാജ്യക്കാരാണെന്നോ മരണകാരണമോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവദിവസം പ്രദേശത്ത് 90 ഡിഗ്രിക്ക് മുകളിൽ ചൂടുണ്ടായിരുന്നുവെങ്കിലും, അമിത ചൂടാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മെക്സിക്കോയിലേക്കുള്ള എല്ലാ ആക്സസ് പോയിന്റുകളിലും സർവീസ് നടത്തുന്ന ഏക റെയിൽറോഡാണ് യൂണിയൻ പസഫിക്. സംഭവത്തിൽ കമ്പനി ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മെക്‌സിക്കോ അതിർത്തിയോട് ചേർന്നുള്ള ഇൗ പ്രദേശത്ത് മനുഷ്യക്കടത്ത് നടക്കുന്ന മേഖലയാണ്. 2022-ൽ സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ 53 കുടിയേറ്റക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.











0 comments