തന്നെ ജയിലിലെത്തിച്ച മനുഷ്യനെ മറന്നില്ല; സ്വത്തിന്റെ പങ്ക് നൽകി വിഖ്യാത ഹാക്കർ കെവിൻ മിറ്റ്നിക്ക്

ന്യൂഡൽഹി: തന്നെ ജയിലിലാക്കാൻ പൊലീസിനെ സഹായിച്ച ആൾക്ക് മരണശേഷം തന്റെ സ്വത്തിന്റെ ഒരു പങ്ക് സമ്മാനമായി നൽകി ലോകപ്രശസ്ത ഹാക്കർ കെവിൻ മിറ്റ്നിക്ക്. കെവിൻ നൽകിയ തുക ഉപയോഗിച്ച് തന്റെ സ്വപ്ന വാഹനമായ 'പോർഷെ 911 കരേര 4 ജിടിഎസ്' (Porsche 911 Carrera 4 GTS) വാങ്ങിയ വിവരം സുഹൃത്തായ ഷോൺ നൺലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ അപൂർവ്വ സൗഹൃദത്തിന്റെ കഥ പുറംലോകം അറിയുന്നത്.
തൊണ്ണൂറുകളിൽ 'നോവൽ' (Novell) എന്ന ടെക് കമ്പനിയിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ഷോൺ നൺലി. അക്കാലത്ത് കമ്പനിയുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്യാൻ കെവിൻ മിറ്റ്നിക്ക് കഠിനമായി ശ്രമിച്ചിരുന്നു. ഒരു ദിവസം രാത്രി വൈകി കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ പേരിൽ ഷോണിനെ വിളിച്ച മിറ്റ്നിക്ക്, സിസ്റ്റത്തിന്റെ നിർണായക ആക്സസ് ആവശ്യപ്പെട്ടു. സംശയം തോന്നിയ ഷോൺ ഫോൺ കട്ട് ചെയ്യുകയും, ആവശ്യമുണ്ടെങ്കിൽ വോയ്സ് മെയിൽ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മിറ്റ്നിക്ക് അയച്ച വോയ്സ് മെയിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച ഷോൺ, അത് അന്വേഷണ ഏജൻസികൾക്ക് കൈമാറി. മിറ്റ്നിക്കിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച ഏറ്റവും ശക്തമായ തെളിവ് ഇതായിരുന്നു. ഇതേത്തുടർന്ന് മിറ്റ്നിക്ക് അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്തു.
തുടക്കത്തിൽ അന്വേഷണവുമായി സഹകരിച്ചെങ്കിലും കേസ് നീണ്ടുപോയതോടെ ഷോൺ ഇതിൽ നിന്നും പിന്മാറുകയും മിറ്റ്നിക്കിന്റെ വക്കീലന്മാരെ ബന്ധപ്പെടുകയും ചെയ്തു. വൈകാതെ മിറ്റ്നിക്ക് ജയിൽ മോചിതനായി. പുറത്തിറങ്ങിയ ശേഷം മിറ്റ്നിക്ക് ഷോണിനോട് ആത്മാർത്ഥമായി മാപ്പപേക്ഷിക്കുകയും ഇരുവരും നേരിൽ കാണാൻ തീരുമാനിക്കുകയുമായിരുന്നു.
ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ വലിയ സൗഹൃദത്തിലായി. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ഇരുവരും ഉറ്റസുഹൃത്തുക്കളായി തുടർന്നു. 2023-ൽ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് കെവിൻ മിറ്റ്നിക്ക് മരണമടഞ്ഞു. എന്നാൽ മരണത്തിന് മുൻപ് തന്റെ ഉറ്റസുഹൃത്തായ ഷോണിന് വലിയൊരു തുക അദ്ദേഹം സമ്മാനമായി മാറ്റിവെച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഷോൺ തന്റെ സ്വപ്ന കാർ സ്വന്തമാക്കിയത്.










0 comments