സിജെപിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച സംഭവം: അഭിജിത് ദീപ്‌കെയോട് ഹാജരാകാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: കോക്രാച്ച് ജനത പാർട്ടിയുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. വിഷയത്തിൽ വിശദീകരണം കേൾക്കുന്നതിനായി പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്‌കേയോട് നേരിട്ട് ഹാജരാകാൻ കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നൽകി.
ഡൽഹിയിലെ ഇലക്ട്രോണിക്‌സ് നികേതനിൽ ജൂൺ 24-ന് (ഇന്ന്) ഉച്ചയോടെ ഹാജരാകാനായിരുന്നു നിർദേശം. കഴിഞ്ഞ മേയ് 21-നാണ് സിജെപിയുടെ ആദ്യ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതിനെതിരെ അഭിജീത്ത് ദീപ്‌കേ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നടപടി.
ജന്തർ മന്ദറിന് സമീപത്തുള്ള പാർട്ടിയുടെ പ്രതിഷേധ വേദി ഒഴിപ്പിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് സിജെപി വൃത്തങ്ങൾ ആരോപിക്കുന്നു.
പ്രതിഷേധ വേദിയിലേക്ക് കുടിവെള്ളവും ഭക്ഷണവും എത്തുന്നതിൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നുണ്ടെന്നും, ശുചിമുറികളിൽ വെള്ളമില്ലാതെ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും ദീപ്‌കേ നേരത്തെ പരാതിപ്പെട്ടിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം ദീപ്‌കേയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ പാർട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മക്കളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ എടുത്ത വായ്പകളെക്കുറിച്ചും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.









0 comments