കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധാന്യങ്ങൾ അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: എഫ്സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ ചോർച്ച തടയാനും ശാസ്ത്രീയ സംഭരണ സൗകര്യങ്ങൾ വർധിപ്പിക്കാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൽഹാദ് ജോഷിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത്, പ്രത്യേകിച്ച് ശക്തമായ മഴയും ഉയർന്ന അന്തരീക്ഷ ഈർപ്പവുമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ, ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങൾ ഇപ്പോഴും ശാസ്ത്രീയമല്ലാത്ത 'കവർ ആൻഡ് പ്ലിന്ത്' (CAP) അഥവാ തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം.
തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായിരിക്കുന്ന ഈ സാഹചര്യത്തിൽ, തുറന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ നശിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടുകളും 2014-ലെ ഉന്നതതല സമിതിയും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, തുറസ്സായ സ്ഥലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും ഭക്ഷ്യധാന്യങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ട്. താൽക്കാലിക തറകളും ഷീറ്റുകളും നിർമിക്കാനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി പണം ചെലവഴിക്കുന്നതിന് പകരം, സ്ഥിരതയുള്ള സ്റ്റീൽ സൈലോകളും (Steel Silos), അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാൻ കഴിയുന്ന ശാസ്ത്രീയ സംഭരണശാലകളും നിർമിക്കാൻ ഫണ്ട് വിനിയോഗിക്കണം.
ധാന്യങ്ങൾ ഗോഡൗണുകളിൽ കിടന്ന് നശിക്കാൻ അനുവദിക്കാതെ, പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് 2010-ൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോവിഡ് കാലത്തെ എന്ന പോലെ 'പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന' മാതൃകയാക്കി കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധാന്യങ്ങൾ സൗജന്യമായോ സബ്‌സിഡി നിരക്കിലോ അനുവദിക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങൾ പാഴായിപ്പോകുന്നത് തടയാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരവും അനുകൂലവുമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










0 comments