ad
Deshabhimani

കടയുടെ മുന്നിൽ മദ്യപിക്കുന്നത് എതിർത്തു: യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു

Mob Attack
വെബ് ഡെസ്ക്

Published on Jun 24, 2026, 05:03 PM | 1 min read

ജയ്പൂർ: കടയുടെ മുന്നിൽ മദ്യപിക്കുന്നത് എതിർത്തതിൽ പ്രകോപിച്ച് യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു കൊന്നു. ജയ്പൂരിലെ സംഗനേർ സദർ പ്രദേശത്താണ് ക്രൂര കൊലപാതകം. 28കാരനായ സഞ്ജു ശർമ്മ എന്ന യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.


സഹോദരന്റെ കടയ്ക്ക് പുറത്തിരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തെ സഞ്ജു ശർമ്മ ചോദ്യം ചെയ്തതും എതിർത്തതുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യപസംഘം ആദ്യം അവിടെനിന്ന് പോയിരുന്നു. എന്നാൽ, പിന്നീട് മാരകായുധങ്ങളും കല്ലുകളും വടികളുമായി തിരിച്ചെത്തി.


സംഘം സഞ്ജുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. പ്രശ്നം സംസാരിച്ച് തീർക്കാൻ പുറത്തിറങ്ങിയ സഞ്ജുവിനെ സംഘം മാരകമായി ആക്രമിക്കുകയായിരുന്നു. സഞ്ജുവിനെ രക്ഷിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിൽ നാല് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.


ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരിച്ചു. സഞ്ജുവിന്റെ പിതാവ് കൈലാഷ് ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home