നികുതി വെട്ടിപ്പുകേസ്: ഷക്കീറ കുറ്റവിമുക്ത; 674 കോടി രൂപ തിരികെ നൽകാൻ ഉത്തരവ്

ഷക്കീറ. photo credit: Shakira Facebook
മാഡ്രിഡ് : നികുതിവെട്ടിപ്പുകേസിൽ പ്രശസ്ത പോപ് ഗായിക ഷക്കീറയെ കുറ്റവിമുക്തയാക്കി. സ്പാനിഷ് നികുതി ഏജൻസി 2021 ൽ ചുമത്തിയ 55 മില്യൺ യൂറോ (64 മില്യൺ ഡോളർ- 617 കോടി രൂപ) പിഴ സ്പാനിഷ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊളംബിയൻ താരത്തിനെതിരെ 2011ലെ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഷക്കീറയുടെ അപ്പീൽ പരിഗണിച്ച കോടതി പലിശ ഉൾപ്പെടെ 60 മില്യൺ യൂറോ (70 മില്യൺ ഡോളർ - 674 കോടി രൂപ) തിരികെ നൽകാൻ ട്രഷറിയോട് ഉത്തരവിട്ടു. 2011-ൽ ഷക്കീറ സ്പെയിനിൽ താമസിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നികുതി വെട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. സ്പെയിനിൽ 183 ദിവസത്തിൽ കൂടുതൽ ഷക്കീറ താമസിച്ചുവെന്ന് തെളിയിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ജഡ്ജി കണ്ടെത്തി. സ്പാനിഷ് നിയമം അനുസരിച്ച് രാജ്യത്തെ 183 ദിവസം രാജ്യത്ത് താമസിച്ചാൽ മാത്രമേ വ്യക്തിഗത ആദായനികുതി അടയ്ക്കേണ്ടതുള്ളൂ.
സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും അന്തിമ വിധി വരുന്നത് വരെ പണം നൽകില്ലെന്നും നികുതി ഏജൻസി അറിയിച്ചു. 49 കാരിയായ ഷക്കീറ മുൻ ബാഴ്‌സലോണ, സ്‌പെയിൻ ഫുട്‌ബോൾ താരം ജെറാർഡ് പിക്വെയ്ക്കൊപ്പം ബന്ധത്തിലായിരുന്ന സമയത്താണ് സ്പെയിനിൽ താമസിച്ചത്. 2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്ക വക്കയുടെ (ദിസ് ടൈം ഫോർ ആഫ്രിക്ക) മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് 2011ൽ ഇരുവരും സ്പെയിനിലെത്തി. 2011 സാമ്പത്തിക വർഷത്തേക്ക് ഷക്കീറ നികുതി അടയ്ക്കേണ്ട വസതി സ്പെയിൻ ആണെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് നികുതി വിധിച്ചതെന്നും അതിനാൽ ഇവ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ആ സാമ്പത്തിക വർഷം ഷക്കീറ സ്പെയിനിൽ 163 ദിവസം മാത്രമാണ് താമസിച്ചതെന്നും കോടതി കണ്ടെത്തി. 2011 ന് ശേഷമുള്ള വർഷങ്ങൾ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
2012-14 കാലത്തെ നികുതിയടവിൽ വീഴ്ചവരുത്തിയതിന് ഷക്കീറയുടെ പേരിൽ മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസിൽ വിചാരണയിൽനിന്ന് ഒഴിവാകാൻ 2023 നവംബറിൽ പ്രോസിക്യൂട്ടർമാരുമായുണ്ടാക്കിയ കരാർപ്രകാരം ഗായിത 73 ലക്ഷം യൂറോ പിഴ ഒടുക്കിയിരുന്നു.










0 comments