ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; മുന്നറിയിപ്പുമായി ഇറാഖ്

Screengrab
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. അഞ്ച് ഡ്രോണുകൾ എങ്കിലും പതിച്ചതായും ഭീകരമായ ആക്രമണമായിരുന്നുവെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂച.
മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. ശനിയാഴ്ച എംബസി വളപ്പിലെ ഹെലിപാഡിൽ മിസൈൽ പതിച്ചതായും എംബസിക്ക് മുകളിൽ പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഇതിന് മുൻപേ തന്നെ ബാഗ്ദാദിൽ മറ്റ് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം, വിദേശ നയതന്ത്രജ്ഞർ താമസിക്കുന്നതും അതീവ സുരക്ഷാ മേഖലയുമായ അൽ-റഷീദ് ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഡ്രോൺ പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തൊട്ടുപിന്നാലെ, എംബസി ലക്ഷ്യമാക്കി വന്ന നാല് റോക്കറ്റുകളെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. പ്രദേശത്ത് അഗ്നിശമന സേനയെയും ആംബുലൻസുകളെയും വിന്യസിക്കുകയും ഹോട്ടലിലേക്കുള്ള റോഡുകൾ അടയ്ക്കുകയും ചെയ്തു. ഇതുകൂടാതെ ദക്ഷിണ ഇറാഖിലെ എണ്ണപ്പാടത്തിന് നേരെയും പടിഞ്ഞാറൻ അതിർത്തി മേഖലകളിലും ആക്രമണങ്ങൾ നടന്നു.
കുറ്റവാളികളെ പിടികൂടുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിരതയെ തകർക്കുന്നതാണ് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ബാഗ്ദാദിലെ ജദിരിയ ജില്ലയിൽ ഇറാൻ പിന്തുണയുള്ള സേനയുടെ ആസ്ഥാനം ലക്ഷ്യമിട്ടുണ്ടായ ഇരട്ട വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സായുധ ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് (പിഎംഎഫ്) ഉപയോഗിച്ചിരുന്ന ഒരു വീടിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.










0 comments