Deshabhimani

റിയാദും മക്കയും ലക്ഷ്യമിട്ട് ഹൂതി മിസൈൽ–ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് സൗദി

missile
വെബ് ഡെസ്ക്

Published on Nov 12, 2026, 07:09 AM | 1 min read

റിയാദ് : റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതായി സൗദി അറിയിച്ചു. മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതെന്ന് സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തതായാണ് ഔദ്യോഗിക വിശദീകരണം.


റിയാദിനു പുറമെ മക്കയെയും സൗദിയുടെ തെക്കൻ മേഖലകളെയും ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചതായും സൈനിക സഖ്യം ആരോപിച്ചു. പടിഞ്ഞാറൻ മേഖലയിലേക്ക് തൊടുത്തുവിട്ട രണ്ട് മിസൈലുകളും പ്രതിരോധസേന തടഞ്ഞു. ഇതോടെ ബുധനാഴ്ച മാത്രം ഏഴ് മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ തടഞ്ഞതായാണ് കണക്ക്.


മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദി സൈനിക സഖ്യത്തിന്റെ ആരോപണം ഹൂതി സൈനിക വക്താവ് യഹ്യ സരീ നിഷേധിച്ചു. തങ്ങളുടെ സൈനിക നീക്കങ്ങൾ എണ്ണ സംഭരണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ലക്ഷ്യമിട്ടാണെന്ന് സരീ പറഞ്ഞു.


സൗദിയിലെ പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ യാൻബുവിലെ എണ്ണ പമ്പിങ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ഈ ആക്രമണം സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണസാധ്യത കണക്കിലെടുത്ത് തായിഫ്, യാൻബു, ഖമീസ് മുഷൈത്ത് നഗരങ്ങളിൽ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.


തുടർച്ചയായ രണ്ടാം ദിവസമാണ് റിയാദിലേക്കുള്ള ഹൂതികളുടെ മിസൈൽ ആക്രമണശ്രമം സൗദി പ്രതിരോധസേന തടയുന്നത്. ചൊവ്വാഴ്ച റിയാദിനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും ഒരു ക്രൂയിസ് മിസൈലും തകർത്തതായി സൈനിക സഖ്യം അറിയിച്ചിരുന്നു.


നവംബർ എട്ടിന് റിയാദിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ഭരണകാര്യാലയത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ കെട്ടിടത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home