print edition ഹൂതി താവളങ്ങളിൽ സൗദി ആക്രമണം

മനാമ: യമന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും സർക്കാർ അനുകൂല സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. തായിസ് നഗരത്തിന് പടിഞ്ഞാറുള്ള അൽ റുബൈ പ്രദേശത്തെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സൗദി സഖ്യസേനയും കനത്ത ആക്രമണം നടത്തി. ഹൂതി താവളങ്ങൾ തകർന്നതായി തായിസ് മിലിട്ടറി ആക്‌സിസ് മീഡിയ സെന്റർ സ്ഥിരീകരിച്ചു.
ഞായറാഴ്ച തായിസ്, ലാഹ്ജ്, അൽ ദാലി പ്രവിശ്യകളിലെ ഹൂതി കേന്ദ്രങ്ങളെയും സേനാ കേന്ദ്രീകരണങ്ങളെയും ലക്ഷ്യമിട്ട് യമൻ സർക്കാർ സേന ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തായിസ് കവലയിലെ വാണിജ്യകേന്ദ്രത്തിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.
സൗദി സഖ്യം ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രാദേശിക ഗതാഗത പാതകളെ ബന്ധിപ്പിക്കുന്ന പാലങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുമെന്ന് ഹൂതി വക്താക്കൾ മുന്നറിയിപ്പ് നൽകി.
പോരാട്ടം കടുത്തതോടെ യമനിൽ ഒരാഴ്ചയ്ക്കുള്ളിൽ, 164 പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരായി.
സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതി ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനാൽ വിദ്യാലയങ്ങളിൽ ഒരാഴ്ചക്കാലം പഠനം ഓൺലൈനാക്കി.









0 comments