print edition സൗദിയിൽ ഡ്രോൺ തകർന്നുവീണ് മരണം

മനാമ: പടിഞ്ഞാറൻ സൗദിയിലെ താഇഫ് നഗരത്തിൽ ഹൂതി ഡ്രോൺ അവശിഷ്ടങ്ങൾ വീണ് യമൻ പൗരൻ കൊല്ലപ്പട്ടു. സൗദി വനിതയ്‌ക്കും പാക് സ്വദേശിക്കും പരിക്കേറ്റു. അകാശത്തുവെച്ച് തകർത്ത ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി.
അതേസമയം, യമനിൽ സൗദി അറേബ്യയെ പിന്തുണച്ച് സൈനിക ഇടപെടൽ നടത്തില്ലെന്ന് അമേരിക്ക പ്രതികരിച്ചു. മസ്‌കറ്റിലെ അമേരിക്കൻ എംബസിയിൽ അമേരിക്കൻ ഉദ്യോഗസ്ഥരും ഹൂതി പ്രതിനിധികളും നടത്തിയ രഹസ്യ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പ്രതികരണം.
ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തില്ലെന്നും 2025 ൽ ഇരുപക്ഷവും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പാലിക്കുമെന്നും ഹൂതി നേതാക്കൾ അമേരിക്കയ്ക്ക് ഉറപ്പുനൽകി. സൗദി കപ്പലുകളെ മാത്രമേ ലക്ഷ്യമിടൂ എന്നും ഹൂതികൾ അറിയിച്ചു.
ഹുതികൾക്കെതിരെ സൗദി, അമേരിക്കയുടെ സഹായം തേടിയിരുന്നു. ഹുതികളുമായുള്ള നേരത്തെ നടന്ന ഏറ്റുമുട്ടലിൽ അമേരിക്കൻ യുദ്ധ കപ്പലുകൾ വരെ ആക്രമിക്കപ്പെട്ടിരുന്നു. തുടർന്നാണ് അമേരിക്ക ഹൂതികളുമായി വെടിനിർത്തൽ കരാറിലെത്തിയത്.
അതേസമയം, യമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഹൂതി വിമതരും സൗദി പിൻതുണക്കുന്ന സർക്കാർ സേനയും തമ്മിൽ പോരാട്ടം കനത്തു. കഹ്ബൂബിലെ ചില ഉയർന്ന മലനിരകൾ യമൻ സൈന്യം പിടിച്ചെടുത്തു. സംഘർഷം കനത്തതോടെ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ 24 മണിക്കൂറിനിടെ നാലു കപ്പൽ മാത്രമാണ് സഞ്ചരിച്ചത്.










0 comments