ad
Deshabhimani

അറ്റകുറ്റപ്പണികൾ പൂർത്തിയായി; സൗദി എണ്ണ പൈപ് ലൈൻ പൂർണസജ്ജം

Saudi Aramco

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വിതരണ തടസം നേരിടുമോ എന്ന് ഭയപ്പെട്ടിരുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ നീക്കം ആശ്വാസം പകരുന്നതാണ്. (Photo credit : Reuters)

വെബ് ഡെസ്ക്

Published on Apr 12, 2026, 08:03 PM | 2 min read

റിയാദ് : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ആഗോള വിപണിയിലെ ആശങ്കകൾക്ക് ആശ്വാസമായി സൗദി അറേബ്യയുടെ എണ്ണ വിതരണ ശൃംഖല സാധാരണ നിലയിലേക്ക്. പശ്ചിമേഷ്യയിലെ ആക്രമണങ്ങളെത്തുടർന്ന് ഭാഗികമായി തടസപ്പെട്ടിരുന്ന രാജ്യത്തെ പ്രധാന എണ്ണ പൈപ്പ് ലൈൻ വീണ്ടും പൂർണശേഷിയിൽ പ്രവർത്തനം ആരംഭിച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.


ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിതരണം, യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് സാധാരണ നിലയിലാക്കിയത്. പശ്ചിമേഷ്യയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എണ്ണപ്പാടങ്ങൾക്കും പൈപ്പ് ലൈനുകൾക്കും ചുറ്റും സൗദി അറേബ്യ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


സൗദിയുടെ കിഴക്കൻ തീരത്തുള്ള മനിഫ എണ്ണപ്പാടത്തെ ഉൽപ്പാദനം പ്രതിദിനം ഏകദേശം 3 ലക്ഷം ബാരൽ എന്ന പൂർണ്ണ ശേഷിയിലേക്ക് പുനഃസ്ഥാപിച്ചതായും മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ ഈ എണ്ണപ്പാടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അതേസമയം ആക്രമണത്തെത്തുടർന്ന് പ്രതിദിനം 3 ലക്ഷം ബാരൽ ഉൽപ്പാദന ശേഷി നഷ്ടപ്പെട്ട ഖുറൈസ് എണ്ണപ്പാടത്തെ ഉൽപ്പാദനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഇപ്പോഴും തുടരുകയാണ്.


ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് പ്രതിദിന ഉൽപ്പാദനത്തിൽ 7 ലക്ഷം ബാരലിന്റെ കുറവുണ്ടായതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മനിഫ, ഖുറൈസ് എണ്ണപ്പാടങ്ങൾക്കുനേരെയുണ്ടായ ആക്രമണം മൂലം പ്രതിദിനം മൊത്തം 6 ലക്ഷം ബാരലിന്റെ കുറവുണ്ടായതായും ഊർജ്ജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.


സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന 1200 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാനമായ പാതയാണിത്. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ഒഴിവാക്കി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി ഉപയോഗിക്കുന്ന പ്രധാന ബദൽ മാർഗമാണിത്. ഈ പൈപ് ലൈൻ പ്രവർത്തനക്ഷമമായത് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ സഹായിക്കും.


അമേരിക്കയും ഇറാനും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും പൂർണമായും നിലച്ച അവസ്ഥയിലാണ്. വെടിനിർത്തൽ ആരംഭിച്ച ബുധനാഴ്ചക്കും വെള്ളിയാഴ്ചക്കും ഇടയിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം വഴി വെറും 22 കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത്. യുദ്ധത്തിന് മുൻപ് പ്രതിദിനം 135 കപ്പലുകൾ ഇതുവഴി കടന്നുപോയിരുന്നു.


വിതരണം സാധാരണ നിലയിലായെന്ന വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ അനിശ്ചിതത്വം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വിതരണ തടസം നേരിടുമോ എന്ന് ഭയപ്പെട്ടിരുന്ന ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് ഈ നീക്കം ആശ്വാസം പകരുന്നതാണ്. നിലവിൽ ചെങ്കടൽ വഴിയുള്ള ഇന്ധന നീക്കം സുരക്ഷിതമാണെന്ന് സൗദി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home