ചാരവൃത്തി, ബ്രിട്ടീഷ് നയതന്ത്രജ്ഞനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് റഷ്യ

മോസ്കോ:ചാരവൃത്തി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞനോട് റഷ്യ രാജ്യം വിടാൻ ആവശ്യപ്പെട്ടു.റഷ്യയിലെ യുകെയുടെ ചാർജ് ഡി അഫയേഴ്‌സ് ഡാനെ ധോളാക്കിയയെയാണ് പുറത്താക്കുന്നത്.വിദേശ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച ശേഷം ഇദ്ദേഹത്തോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ധോളാക്കി ബ്രിട്ടീഷ് ഇന്റലിജൻസിനായി ജോലി ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.ഇതിനു പിന്നാലെ നയതന്ത്രജ്ഞന്റെ അക്രഡിറ്റേഷൻ റദ്ദാക്കി.രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു.
"റഷ്യയിലെ അപ്രഖ്യാപിത ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം അനുവദിക്കില്ല.ഈ വിഷയത്തിൽ ലണ്ടൻ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും തക്കതായ മറുപടി നൽകും'’എന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഈ വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
2022ഫെബ്രുവരിയിൽ ഉക്രെയ്നുമായി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ റഷ്യയും നാറ്റോ സഖ്യകക്ഷികളും നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2025മാർച്ചിൽ ചാരവൃത്തി ആരോപണങ്ങളുടെ പേരിൽ രണ്ട് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയിരുന്നു.വെറും ആരോപണം എന്ന് ബ്രിട്ടൺ ഇതിനെ തള്ളിയിരുന്നു.










0 comments