Deshabhimani

റഷ്യ ഉക്രെയ്ൻ യുദ്ധത്തിൽ വീണ്ടും സമാധാന പ്രതീക്ഷ; അബുദാബി വട്ട ചര്‍ച്ചകൾ പുനരാരംഭിക്കുന്നു

Russia Ukraine peace talks
വെബ് ഡെസ്ക്

Published on Nov 09, 2026, 05:20 PM | 2 min read

അബുദാബി:അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അബുദാബി വട്ട ചര്‍ച്ചകൾ നാളെ തുടങ്ങു. ഫെബ്രുവരിക്ക് ശേഷം ആദ്യമയാണ് ഔദ്യോഗികമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ മുഖാമുഖം എത്തുന്നത്. നവംബര്‍ 10,11 തീയതികളിലായാണ് ചര്‍ച്ച.


കഴിഞ്ഞ മാസം റഷ്യൻ നിയന്ത്രണത്തിലുള്ള ദക്ഷിണ ഉക്രേനിയൻ നഗരമായ ഒലേഷ്കിയിൽ പ്രാദേശിക വെടിനിര്‍ത്തൽ നടപ്പാക്കിയിരുന്നു. യു എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചകൾക്ക് പിന്നാലെയായിരുന്നു ഇത്. ഈ താൽക്കാലിക വെടിനിർത്തൽ ഒരു മാതൃകയായി ഇരുവിഭാഗവും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, 1,200 കിലോമീറ്റർ വരുന്ന മുൻനിര പോരാട്ടമേഖലകളിൽ കടുത്ത പോരാട്ടവും ഡ്രോൺ-മിസൈൽ ആക്രമണങ്ങളും തുടരുകയാണ്. ഒലേഷ്കിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മാനുഷിക സഹായം എത്തുന്നതും ചരക്കു നീക്കവും ഉൾപ്പെടെ സഹായകമായിരുന്നു. എന്നാൽ താത്കാലിക വെടിനിർത്തലിനെ റഷ്യ ശക്തമായി എതിര്‍ക്കുന്നു. ഇത് ഉക്രെയ്ന് ആയുധ സംഭരണത്തിനുള്ള ഇടവേള മാത്രമാവും എന്നാണ് നിലപാട്.


ചർച്ചകൾക്ക് മുന്നോടിയായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുമായി പ്രസിഡന്റ് സെലെൻസ്കി 90 മിനിറ്റ് നീണ്ട ചർച്ച നടത്തിയിരുന്നു. ഇതിനിടെ, റഷ്യയുടെ മുഖ്യ ചർച്ചാ പ്രതിനിധിയായ വ്ലാഡിമിർ മെഡിൻസ്കി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൈനിക നടപടി തുടരുമെന്ന കടുത്ത നിലപാടാണ് അവതരിപ്പിച്ചത്. എന്നാൽ നേരത്തെയും യുഎഇ ഇടപെടൽ ഇരുരാജ്യങ്ങളുടെയും ഇടയിൽ ഉണ്ടായിട്ടുണ്ട്. തടവുകാരുടെ കൈമാറ്റത്തിലായിരുന്നു ഈ ഘട്ടങ്ങളിൽ ഏറ്റവും അധികം വിജയം കണ്ടത്. രണ്ടു വര്‍ഷമായി 500 ൽ അധികം തടവുകാരെ കൈമാറി.


കടുത്ത നിലപാടുകളിൽ ഇരുപക്ഷവും


  • റഷ്യയുടെ നിലപാട്: റഷ്യ അനധികൃതമായി കൂട്ടിച്ചേർത്ത, എന്നാൽ പൂർണ്ണമായി പിടിച്ചെടുക്കാൻ സാധിക്കാത്ത നാല് പ്രദേശങ്ങളിൽ നിന്ന് ഉക്രേനിയൻ സൈന്യം പിന്മാറണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെടുന്നു. കൂടാതെ, ഉക്രെയ്ൻ നാറ്റോ (NATO) അംഗത്വ നീക്കത്തിൽ നിന്ന് പിന്മാറുക, സൈനിക ശേഷി പരിമിതപ്പെടുത്തുക, റഷ്യൻ ഭാഷയ്ക്കും റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക എന്നിവയും പുടിന്റെ വ്യവസ്ഥകളാണ്.

ഉക്രെയ്ന്റെ നിലപാട്: റഷ്യക്ക് പിടിച്ചെടുക്കാൻ കഴിയാത്ത സ്വന്തം പ്രദേശങ്ങൾ സ്വമേധയാ വിട്ടുനൽകില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഭാവിയിൽ റഷ്യൻ അധിനിവേശം തടയാൻ പശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷാ ഉറപ്പുകൾ ഉക്രെയ്ന് അത്യാവശ്യമാണ്. ചർച്ചകളുടെ ആദ്യപടിയായി ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും, അതിർത്തി തർക്കങ്ങൾ പുടിനും സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഉക്രെയ്ൻ വാദിക്കുന്നു.

യൂറോപ്യൻ ബന്ധവും വിഷയം

നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുക എന്ന സുരക്ഷാ ഉറപ്പുകളാണ് ഉക്രെയ്ൻ പ്രതീക്ഷിക്കുന്നത്. റഷ്യ വീണ്ടും ആക്രമിച്ചാൽ സഖ്യകക്ഷികൾ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാന ചോദ്യമെന്ന് സെലെൻസ്കി വ്യക്തമാക്കിയിരുന്നു.


സമാധാന കരാറിന് ശേഷം ഉക്രെയ്നിൽ യൂറോപ്യൻ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തെ റഷ്യ കർശനമായി എതിർക്കുന്നു. ഉക്രെയ്ൻ മണ്ണിലെ ഏത് യൂറോപ്യൻ സൈന്യവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ഒപ്പം, തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും കരാറിൽ വേണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. ചർച്ചകളിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് കൂടി ഇരിപ്പിടം വേണമെന്ന് ഉക്രെയ്ൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യ ഇതിനെ എതിർക്കുന്നു.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home