print edition നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് സെലൻസ്‌കി; വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് പുടിൻ

മോസ്‌കോ: കഴിഞ്ഞ വർഷം അലാസ്‌കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വിട്ടുവീഴ്ചകൾ ഉക്രയ്‌ൻ അംഗീകരിച്ചാൽ അഞ്ച് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവിമാരുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇൗ നിർദേശം മുന്നോട്ടുവച്ചത്. ചർച്ചകൾ അനുസരിച്ചുള്ള വിട്ടുവീഴ്ചകൾക്ക് റഷ്യ തയ്യാറാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മധ്യസ്ഥരാകാൻ കഴിയില്ല. റഷ്യയെ തകർക്കാൻ വർഷങ്ങളായി ശ്രമിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നും പുടിൻ ചോദിച്ചു.
അതേസമയം, റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് കാണിച്ച് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്കി പുടിന് നേരിട്ട് കത്തെഴുതി. മുഖാമുഖം ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സ്വിറ്റ്സർലൻഡ്, തുർക്കിയ, അറബ് രാജ്യങ്ങൾ തുടങ്ങിയ ഏതെങ്കിലും വേദികളിൽ വെച്ച് നേരിട്ട് ചർച്ച നടത്താൻ സന്നദ്ധമാണെന്നും അറിയിച്ചു.
ചർച്ചകൾ നടക്കുന്ന സമയമത്രയും പൂർണമായ വെടിനിർത്തലിന് ഉക്രയ്ൻ തയ്യാറാണെന്നും ആദ്യപടിയായി തടവുകാരെ മുഴുവൻ കൈമാറണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. എന്നാൽ വൊളോദിമിർ സെലൻസ്കിയുടെ പ്രസിഡന്റ് പദവിയുടെ നിയമസാധുതയെ പുടിൻ ചോദ്യം ചെയ്‌തു. പ്രസിഡന്റ് പദവിയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. ഉക്രയ്‌നിൽ തെരഞ്ഞെടുപ്പ് നടത്തുമോയെന്നും ചോദിച്ചു.
സുഖോയ് സു-57 ഇന്ത്യയ്‌ക്ക് നൽകും
സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് സു-57 ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി ഈ യുദ്ധവിമാനം ഇന്ത്യയിൽ സംയുക്തമായി നിർമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.യുദ്ധവിമാനങ്ങൾക്ക് പുറമെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിലും ഇന്ത്യയുമായി സഹകരിക്കാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന "സുദർശൻ ചക്ര' വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗം റഷ്യൻ നിർമിത എസ്-400 മിസൈലുകളാണ്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഇടപെടില്ലെന്ന് പുടിൻ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ബഹുമുഖമാണ്. അതിലേക്ക് മറ്റൊരു രാജ്യം ഇടപെടുന്നത് ശരിയല്ല. ഇന്ത്യയുമായുള്ള റഷ്യയുടെ ശക്തമായ ബന്ധം ചൈനയെ അസ്വസ്ഥമാക്കുന്നില്ല, അതുപോലെ ചൈനയുമായുള്ള റഷ്യയുടെ കൂട്ടുകെട്ട് ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments