ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ അണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ

russia us
വെബ് ഡെസ്ക്

Published on Aug 05, 2025, 12:19 PM | 2 min read

മോസ്കോ∙ യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ ആശങ്കയായി ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ. 1987ൽ യുഎസുമായി ഒപ്പുവച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) കരാറിൽ നിന്ന് റഷ്യ പിൻമാറി. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ–മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാർ.


കരാറിന് വിരുദ്ധമായി റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികരണമായി ദിവസങ്ങൾക്കകമാണ് റഷ്യയുടെ മറുപടി. യു എസ് നേരത്തെ തന്നെ ഈ കരാറിൽ നിന്നും സ്വയം പിൻവാങ്ങിയിരുന്നെങ്കിലും റഷ്യ സംയമനം തുടരുകയായിരുന്നു.


സോവിയറ്റ് യുഗത്തിലെ കരാറിൽ തുടരുന്നതിനുള്ള കാരണങ്ങൾ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1987ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് റീഗനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതൽ 5,500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് പരസ്പരം നിരോധിച്ചിരുന്നു.


അമേരിക്ക നേരത്തെ തന്നെ ഈ കരാറിൽ വിള്ളൽ വീഴ്ത്തി. 2019ൽ തന്നെ യു എസ് പിന്മാറ്റം പ്രഖ്യാപിച്ചു. പ്രകോപനം ഉണ്ടാകാതിരിക്കുന്നിടത്തോളം തങ്ങൾ യുഎസിനു സമീപം മിസൈലുകൾ വിന്യസിക്കില്ലെന്ന നിലപാടിൽ റഷ്യ ഉറച്ചു നിന്നത് കരാറിനെ ഏകപക്ഷീയമായി ദുർബലപ്പെടുത്തുന്നതിൽ നിന്നു കാത്തു.


ഇപ്പോൾ യുഎസിന്റെയും അവരുടെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥിരത ലംഘിക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതോടെയാണ് റഷ്യയുടെ പിൻമാറ്റം. റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.


കഴിഞ്ഞ ഡിസംബറിൽ തന്നെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കരാർ ഇനി പ്രായോഗികമല്ലെന്ന് പറയുകയും അമേരിക്ക ആഗോളതലത്തിൽ ആണവ ആയുധങ്ങൾ വിന്യസിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയിൻ യുദ്ധത്തിന് തുടർച്ചയായി ലോകത്തിന് ഭീഷണിയായി റഷ്യ അമേരിക്ക ബന്ധം കൂടുതൽ സംഘർഷ ഭരിതമാവുകയാണ്.



INF ഉടമ്പടി


1987-ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗനും ഒപ്പുവച്ച INF ഉടമ്പടി, 500 മുതൽ 5,500 കിലോമീറ്റർ (311 മുതൽ 3,418 മൈൽ വരെ) ദൂരപരിധിയുള്ള കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ ഉൾപ്പെടെ ഒരു മുഴുവൻ തരം ആയുധങ്ങളും പരസ്പരം വിന്യസിക്കുന്നത് നിരോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home