ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി കാണാതായ 21 പേരെ ഒരു ദിവസത്തിന് ശേഷം രക്ഷപെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലുകു പ്രവിശ്യയിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മുങ്ങി കാണാതായ 21 പേരെ ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ഒരു ചങ്ങാടത്തിൽ ഒഴുകി നടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്.
നസീല 05' (Nazila 05) എന്ന ബോട്ടാണ് ഞായറാഴ്ച രാത്രി താലിയാബു ദ്വീപിന് സമീപം അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിലും മഴയിലും ബോട്ടിന്റെ മുൻഭാഗം തകരുകയായിരുന്നു. ബോട്ട് മുങ്ങുന്നതിന് മുൻപ് തന്നെ ജീവനക്കാർ ഒരു ചെറിയ ബോട്ടിലേക്ക് മാറിയിരുന്നു. തുടർന്ന് ഇവർ ഒരു ചങ്ങാടം നിർമ്മിച്ച് അതിൽ സ്വയം കെട്ടിയിട്ടാണ് രക്ഷപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 46 കിലോമീറ്റർ അകലെ നിന്നാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്.
രക്ഷപ്പെട്ടവരെ ഗോറോന്റാലോ നഗരത്തിലേക്ക് മാറ്റി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും ദേശീയ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയുടെയും സംയുക്ത നീക്കമാണ് ദുരന്തം ഒഴിവാക്കിയത്.
പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഒരു രാജ്യമായതുകൊണ്ട് ഇന്തോനേഷ്യയിൽ ബോട്ടുകളും കപ്പലുകളും പ്രധാന യാത്രാമാർഗമാണ്. ഈ മേഖലയിലെ അപകടങ്ങൾ വലിയൊരു വെല്ലുവിളിയായി തുടരുന്നു. പലപ്പോഴും കൃത്യമായ യാത്രാരേഖകൾ ഇല്ലാതെ ആളുകൾ യാത്ര ചെയ്യുന്നത് അപകടസമയത്ത് എത്രപേർ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതും പ്രയാസകരമാക്കുന്നു.










0 comments