ഇന്ത്യയിലെ ദാരിദ്ര്യത്തെയും അസമത്വത്തെയും കുറിച്ചുള്ള ഗവേഷണം: ഴാങ് ഡ്രീസിന് പുരസ്കാരം

ഴാങ് ഡ്രീസ്
പാരിസ്: പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നടന്ന വേൾഡ് ഇനീക്വാലിറ്റി കോൺഫറൻസിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഴാങ് ഡ്രീസ് 'ഗ്ലോബൽ ഇനീക്വാലിറ്റി റിസർച്ച് അവാർഡിന്' അർഹനായി. ഇന്ത്യയിലെ ദാരിദ്ര്യത്തെയും അസമത്വത്തെയും അളക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്കും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, ദേശീയ ഭക്ഷ്യഭദ്രതാ നിയമം എന്നിവയ്ക്കായി നടത്തിയ വാദങ്ങൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം.
ഈ അംഗീകാരം താൻ തനിയെ നേടിയെടുത്തതല്ലെന്നും, ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും മാറ്റത്തിനായി പ്രയത്നിക്കുന്ന ജനങ്ങളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണെന്നും ഴാങ് ഡ്രീസ് പറഞ്ഞു. ഇന്ത്യയിൽ സാധ്യമായ എല്ലാത്തരം അസമത്വങ്ങളും നിലനിൽക്കുന്നുണ്ട്. സാമ്പത്തിക അസമത്വം മാത്രമല്ല, ജാതി വ്യവസ്ഥ, ലിംഗവിവേചനം, വിദ്യാഭ്യാസം ലഭിക്കുന്നതിലെ വൻതോതിലുള്ള അന്തരങ്ങൾ എന്നിവയൊക്കെ ഇവിടെയുണ്ട്. എങ്കിലും അസമത്വങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ സമ്പന്നമായ ഒരു ചരിത്രവും ഇന്ത്യയ്ക്കുണ്ട്. ഇത്തരം ചില പ്രസ്ഥാനങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്നു അദ്ദേഹം പറഞ്ഞു.
ആഗോള അസമത്വങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഗണ്യമായ സംഭാവനകൾ നൽകുന്ന ഗവേഷകർക്ക് രണ്ട് വർഷത്തിലൊരിക്കലാണ് ഗ്ലോബൽ ഇനീക്വാലിറ്റി റിസർച്ച് അവാർഡ് നൽകുന്നത്. ഈ പുരസ്കാരത്തിന്റെ രണ്ടാമത്തെ പതിപ്പാണിത്.










0 comments