ad
Deshabhimani

സിഎംഎ കോഴ്‌സ്‌; ഹയർ സെക്കൻഡറിക്കാർക്ക് അവസരം

students with laptop
avatar
പ്രൊഫ. കെ പി ജയരാജൻ

Published on Jun 10, 2026, 11:43 AM | 2 min read

അക്കൗണ്ടിങ്, ഫിനാൻസ് മാനേജ്മെന്റ്‌ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുന്ന പ്രൊഫഷണൽ കോഴ്‌സാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ്‌ അക്കൗണ്ടിങ് (CMA). കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനുകീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ്‌ ഓഫ് ഇന്ത്യയാണ്‌ (ICMAI) ഈ പഠന പ്രോഗ്രാം നൽകുന്നത്‌.


​കോഴ്‌സ് ഘടന


മൂന്ന്‌ ലെവലുകളിലായാണ്‌ (ഘട്ടങ്ങൾ) കോഴ്സിന് പഠിക്കേണ്ടത്. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന്‌ ലെവലുകളിലായി ആകെ 20 പേപ്പറുകൾ പഠിക്കണം. തുടർന്ന് പ്രായോഗികപരിശീലനവും നേടിയാൽ പ്രോഗ്രാം പൂർത്തിയായി.


ഫൗണ്ടേഷൻ ലെവൽ: കോഴ്‌സ് ദൈർഘ്യം നാലുമാസം. ഫണ്ടമെന്റൽസ് ഓഫ് അക്കൗണ്ടിങ്, ലോ ആൻഡ് എത്തിക്സ്, ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്‌, ബിസിനസ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ നാല്‌ പേപ്പറുകൾ പഠിക്കണം.


ഇന്റർമീഡിയറ്റ് ലെവൽ: ഫൗണ്ടേഷൻ പേപ്പറുകൾ പാസായാൽ ഇന്റർമീഡിയറ്റ് കോഴ്‌സിന് ചേരാം. ഇവിടെ രണ്ടു ഗ്രൂപ്പുകളിലായി എട്ട് വിഷയങ്ങൾ പഠിക്കണം. ഒന്നാംഗ്രൂപ്പിൽ ഫിനാഷ്യൽ അക്കൗണ്ടിങ്, ലോ ആൻഡ് എത്തിക്സ്, ഡയറക്ട് ടാക്സ്, കോസ്റ്റ് അക്കൗണ്ടിങ് എന്നിവയാണ് വിഷയങ്ങൾ. ഗ്രൂപ്പ് രണ്ടിൽ ഓപ്പറേഷൻ മാനേജ്മെന്റ്‌ ആൻഡ് സ്ട്രാറ്റജിക് മാനേജ്മെന്റ്‌, കോസ്റ്റ് ആൻഡ് മാനേജ്മെന്റ്‌ അക്കൗണ്ടിങ് -ഫിനാൻഷ്യൽ മാനേജ്മെന്റ്‌, ഇൻഡയറക്ട് ടാക്സ്, കമ്പനി അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് എന്നിവ പഠിക്കണം.


ഫൈനൽ ലെവൽ: ഇവിടെയും രണ്ടു ഗ്രൂപ്പുകളിലായി എട്ട് വിഷയങ്ങളാണുള്ളത്. കോർപറേറ്റ് ആൻഡ് ഇക്കണോമിക്സ് ലോ, സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെന്റ്‌, കോസ്റ്റ് മാനേജ്മെന്റ്‌, ഡയറക്ട് ടാക്സ് ആൻഡ് ഇന്റർനാഷണൽ ടാക്സേഷൻ എന്നിവ ഗ്രൂപ്പ് ഒന്നിലെ വിഷയങ്ങൾ. ഗ്രൂപ്പ് രണ്ടിൽ കോർപറേറ്റ് ഫിനാൻഷ്യൽ റിപ്പോർട്ടിങ്, ഇൻഡയറക്ട് ടാക്സ് ലോ ആൻഡ് പ്രാക്ടീസ്, കോസ്റ്റ് ആൻഡ് മാനേജ്മെന്റ്‌ ഓഡിറ്റ് എന്നീ മൂന്ന്‌ പേപ്പറുകൾക്കുപുറമെ ഒരു ഇലക്ടീവ് വിഷയവും പഠിക്കണം. സ്ട്രാറ്റജിക് പെർഫോമൻസ് മാനേജ്മെന്റ്‌ ആൻഡ് ബിസിനസ് വാല്യൂഷേൻ/ റിസ്ക് മാനേജ്മെന്റ്‌ ഇൻ ബാങ്കിങ് ആൻഡ് ഇൻഷുറൻസ്/ എൻട്രപ്രണർഷിപ് ആൻഡ് സ്റ്റാർട്ടപ് എന്നിവയാണ് ഇലക്ടീവ് പേപ്പറുകൾ.


അപേക്ഷാ യോഗ്യത


10+2 പാറ്റേണിൽ ഹയർ സെക്കൻഡറി/ തത്തുല്യം പാസായവർക്ക് ഫൗണ്ടേഷൻ കോഴ്‌സിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറി പാസായി ഫൗണ്ടേഷൻ കോഴ്‌സ് ജയിച്ചവർക്ക് ഇന്റർമീഡിയറ്റ് ലെവലിന് രജിസ്റ്റർ ചെയ്യാം. ഫൈൻ ആർട്സ് ഒഴികെയുള്ള ബിരുദധാരികൾക്കും നേരിട്ട് ഇന്റർമീഡിയറ്റ് പരീക്ഷ എഴുതാം. ഐസിഎംഎഐ തന്നെ നടത്തുന്ന അക്കൗണ്ടിങ് ടെക്‌നീഷ്യൻസ് സർട്ടിഫിക്കറ്റ് പരീക്ഷ/ സിഎ കോഴ്‌സ് ഇന്റർമീഡിയറ്റ് ജയിച്ചവർക്കും അർഹതയുണ്ട്.


ഇന്റർമീഡിയറ്റ് പാസായി 15 മാസത്തെ സ്കിൽ, ഇൻഡസ്ട്രി/പ്രായോഗിക പരിശീലനം പൂർത്തിയാക്കിയാൽ ഫൈനൽ ലെവൽ പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. എല്ലാ പേപ്പറുകളും ജയിച്ച് നിശ്ചിത ഓറിയന്റേഷൻ പ്രോഗ്രാമും പൂർത്തിയാക്കിയാൽ സിഎംഎ യോഗ്യത നേടി.


മറ്റ് വിവരങ്ങൾ


സിഎംഎ പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ ജൂൺ, ഡിസംബർ മാസങ്ങളിലായി നടക്കും. ഡിസംബർ സെഷൻ പരീക്ഷ എഴുതാൻ ജൂലൈ 31നകവും ജൂണിലെ പരീക്ഷയ്‌ക്ക് ജനുവരി 31നുള്ളിലും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത് ഏഴുവർഷത്തെ കാലാവധിക്കുള്ളിൽ മൂന്ന്‌ ലെവലുകളിലായി കോഴ്‌സ് യോഗ്യത നേടിയാൽ മതി.


തൊഴിലവസരങ്ങൾ


പൊതുമേഖലാ സ്ഥാപനങ്ങൾ, വൻകിട വ്യവസായങ്ങൾ തുടങ്ങിയവയിൽ സിഇഒ, ഫിനാൻസ് ഡയറക്ടർ, സ്ട്രാറ്റജിക് ഹെഡ്, ഫിനാൻസ് കൺട്രോളർ, റിസ്‌ക് മാനേജർ, കോസ്റ്റ് കൺട്രോളർ, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ ജോലികളിൽ സാധ്യതയുണ്ട്‌. ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടിങ് സർവീസസ്, ഇന്ത്യൻ റവന്യു സർവീസസ്, ഇന്ത്യൻ ഇക്കണോമിക് സർവീസസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസസ് എന്നിവയിൽ ഉയർന്ന ജോലി ലഭിക്കാം. ജിഎസ്ടി ഓഡിറ്റ്, കോസ്റ്റ് ഓഡിറ്റ്, ഇന്റേണൽ ഓഡിറ്റ്, സർവേയർ ആൻഡ് ലോസ് അസസ്സർ, ടാക്സ് കൺസൾട്ടൻസി തുടങ്ങിയ മേഖലയിൽ പ്രാക്ടീസും ചെയ്യാം. വിവരങ്ങൾക്ക്: https://icmai in,www.sircoficwai.in ഫോൺ: 044/28554443, 28554326, ഇ–മെയിൽ: [email protected], [email protected]


വിദേശത്ത്‌


മാനേജ്മെന്റ്‌ അക്കൗണ്ടിങ്ങിലും ഫിനാൻഷ്യൽ മാനേജ്മെന്റിലും ഒരു പ്രൊഫഷണൽ സർട്ടിഫിക്കേഷൻ യോഗ്യതയ്‌ക്ക് വിദേശത്ത് ചേരാവുന്ന കോഴ്സാണ് സർട്ടിഫൈഡ് മാനേജ്മെന്റ്‌ അക്കൗണ്ടന്റ്‌ (സിഎംഎ). ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ അക്കൗണ്ടന്റ്‌സ്‌ (യുഎസ്എ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് മാനേജ്മെന്റ്‌ അക്കൗണ്ടന്റ്‌സ്‌ (ഓസ്ട്രേലിയ) തുടങ്ങിയവയാണ് ഈ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നത്. വിവരങ്ങൾക്ക്: www.imanet.org



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home