വൈറസ് വകഭേദങ്ങൾ പ്രതിരോധിക്കാൻ AI വാക്സിൻ റെഡി; മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത വൈറസ് പ്രതിരോധ വാക്സിൻ ചരിത്രത്തിലാദ്യമായി മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു. യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ ഗവേഷകർ എഐ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ തരം വാക്സിനാണ് പരീക്ഷിച്ചത്.
നിലവിലുള്ള കോവിഡ് വകഭേദങ്ങളെ മാത്രമല്ല ഭാവിയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള മാരകമായ കൊറോണ വൈറസുകളെ വരെ ചെറുക്കാൻ ഈ ഒറ്റ വാക്സിന് സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നു. 'യൂണിവേഴ്സൽ വാക്സിൻ' യാഥാർത്ഥ്യമാവുന്നു എന്നാണ് വിശേഷണം. ഡിഐഒസിൻവാക്സ് (DIOSynVax) എന്ന ബയോടെക്നോളജി കമ്പനിയുമായി സംയുക്തമായാണ് ഗവേഷണം നടത്തിയത്.
എന്തുകൊണ്ട് ഈ വാക്സിൻ
വ്യത്യസ്തമാകുന്നു
പരമ്പരാഗത വാക്സിനുകൾ ഒരു നിശ്ചിത വൈറസിനെ മാത്രം ലക്ഷ്യം വെച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ വൈറസുകൾക്ക് നിരന്തരം ജനിതകമാറ്റം സംഭവിക്കുന്നതിനാൽ, കാലക്രമേണ ഈ വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുന്നു. കോവിഡ് വാക്സിനുകൾ ഇടയ്ക്കിടെ പരിഷ്കരിക്കേണ്ടി വന്നതും, എല്ലാ വർഷവും പുതിയ ഫ്ലൂ വാക്സിനുകൾ എടുക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.
കേംബ്രിഡ്ജ് ടീം ഈ പ്രതിസന്ധി മറികടക്കാൻ എഐ-യുടെ സഹായം തേടി. സാർസ്, കോവിഡ് 19 എന്നിവ ഉൾപ്പെടുന്ന 'സാർബെക്കോവൈറസ്' (Sarbecovirus) കുടുംബത്തിലെ ആയിരക്കണക്കിന് വൈറസുകളുടെ ജനിതക ഘടന നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്തു. തുടർച്ചയായ ജനിതകമാറ്റങ്ങൾക്കിടയിലും മാറാതെ അവശേഷിക്കുന്ന വൈറസിന്റെ ചില പൊതുവായ ഭാഗങ്ങൾ കണ്ടെത്താൻ എഐ വഴി കഴിഞ്ഞു. ഈ സ്ഥിരതയുള്ള ഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഘടകങ്ങൾക്കെതിരെ 'സൂപ്പർ ആന്റിജൻ' (Super Antigen) സാധ്യമാക്കുകയാണ് ചെയ്തത്. അതിനാൽ വൈറസിന് എത്ര ജനിതകമാറ്റം സംഭവിച്ചാലും ഈ വാക്സിൻ ഫലപ്രാപ്തി കാണിക്കേണ്ടതാണ്.
നിലവിലുള്ള പല കോവിഡ് വാക്സിനുകളും mRNA സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ, പുതിയ വാക്സിൻ ഡിഎൻഎ അധിഷ്ഠിതമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് സ്ഥിരത കൂടുതലാണ്. ഇവ വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടി വരുന്നില്ല. ഇത് വികസ്വര-ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്നത് എളുപ്പമാക്കും.
സൂചിയില്ലാത്ത കുത്തിവെയ്പ്പ്
ഈ വാക്സിൻ എടുക്കാൻ സൂചികൾ ആവശ്യമില്ല. അതിശക്തമായ വായുപ്രവാഹത്തിന്റെ സഹായത്തോടെ ചർമ്മത്തിലൂടെ വാക്സിൻ ശരീരത്തിലേക്ക് കടത്തിവിടുന്ന രീതിയാണ് അവലംബിക്കുക. ഇത് വേദനയില്ലാത്തതും വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുന്നതുമാണ്.

എബോള, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾക്കെതിരെയും ഈ സാങ്കേതികവിദ്യ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ആഫ്രിക്കയിൽ ഇപ്പോൾ പടരുന്ന എബോളയുടെ 'ബുന്ദിബുഗ്യോ' വകഭേദത്തിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമല്ല. എന്നാൽ ഒരു വൈറസ് കുടുംബത്തെ മൊത്തമായി ലക്ഷ്യമിടുന്ന ഇത്തരം ബ്രോഡ്-സ്പെക്ട്രം വാക്സിനുകൾ ഉണ്ടായാൽ പുതിയ വകഭേദങ്ങൾ പടർന്നുപിടിക്കുന്നതിന് മുൻപ് തന്നെ അവയെ തടഞ്ഞുനിർത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിക്കും എന്ന പ്രതീക്ഷ ഉയരുന്നു.
വാക്സിൻ സുരക്ഷിതമോ
ആദ്യ ഘട്ട മനുഷ്യപരീക്ഷണത്തിന്റെ ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണ്. വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി ഗവേഷകര്‍ പറയുന്നു. വിവിധ തരം സാർബെക്കോവൈറസുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ ഈ വാക്സിന് സാധിച്ചതായാണ് അവര്‍ വ്യക്തമാക്കുന്നത്. ജേണൽ ഓഫ് ഇൻഫെക്ഷനിൽ' (Journal of Infection) ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതമാണെന്ന് തെളിഞ്ഞതോടെ, അടുത്ത ഘട്ടമായി ഇരുനൂറിലധികം പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട (Phase II) പരീക്ഷണങ്ങൾക്ക് ഗവേഷകർ തുടക്കം കുറിക്കുകയാണ്. കേംബ്രിഡ്ജിലും സൗതാംപ്ടണിലുമായി 18-നും 50-നും ഇടയിൽ പ്രായമുള്ള 49 ആരോഗ്യവാന്മാരായ വോളന്റിയർമാരിലാണ് ഒന്നാം ഘട്ട പരീക്ഷണം നടത്തിയത്.
"വൈറസുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള രീതി അനുസരിച്ച് വാക്സിൻ വിപണിയിലെത്തുമ്പോഴേക്കും വൈറസ് മാറിയിട്ടുണ്ടാകും. എന്നാൽ ഈ പുതിയ യൂണിവേഴ്സൽ വാക്സിൻ ഭാവി സുരക്ഷിതമാക്കുന്ന ഒന്നാണ് (Future-proofed). ഒരു പുതിയ വൈറസ് പടരുന്നതിന് മുൻപ് തന്നെ നമുക്ക് ഈ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞാൽ ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനും ലോക്ക്ഡൗണുകൾ ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കും." — പ്രൊഫ. സോൾ ഫോസ്റ്റ് (ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ, യൂണിവേഴ്സിറ്റി ഓഫ് സൗതാംപ്ടൺ)
വെല്ലുവിളികൾ ഇനിയും ബാക്കി
പരീക്ഷണം വിജയകരമാണെങ്കിലും ചില പരിമിതികൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ശരീരത്തിലുണ്ടായ രോഗപ്രതിരോധ ശേഷി താരതമ്യേന മികച്ചതായിരുന്നു. ഈ പ്രതിരോധശേഷി എത്രകാലം നിലനിൽക്കുമെന്നോ, ബൂസ്റ്റർ ഡോസുകൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാത്രമല്ല, യഥാർത്ഥ ലോകത്ത് വൈറസ് ബാധ തടയാൻ ഇതിന് എത്രത്തോളം സാധിക്കുമെന്ന് ഉറപ്പാക്കാൻ വലിയ തോതിലുള്ള പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്. വൈറസ് വകഭേദങ്ങളെ പൂർണ്ണമായി പ്രതിരോധിക്കുന്ന ഒരു 'യൂണിവേഴ്സൽ വാക്സിൻ' വിപണിയിലെത്താൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം. മെഡിക്കൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രതീക്ഷ പകരുന്ന ചുവടുവെപ്പാണ് നടത്തിയിട്ടുള്ളത്.










0 comments