രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ വീടിനു നേരെ ആക്രമണം

photo credit: X
ധാക്ക: പ്രശസ്‌ത സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ വീട് (കച്ചാരിബാരി) ജനക്കൂട്ടം നശിപ്പിച്ചു. സിരാജ്ഗഞ്ച് ജില്ലയിലെ പൂർവിക വീടാണ് ജനക്കൂട്ടം നശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചതായാണ് റിപ്പോർട്ട്.
ജൂൺ 8 ന്, രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിൽ(കച്ചാരിബാരി) എത്തിയ കുടുംബം പാർക്കിങ്ങ് ഫീസിനെച്ചൊല്ലി ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടുവെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിന്നീട്, സന്ദർശകനെ ഓഫീസ് മുറിയിൽ തടഞ്ഞുവച്ച് ആക്രമിച്ചതായി ആരോപിക്കുന്നുണ്ട്. ഇതിൽ പ്രകോപിതരായ നാട്ടുകാർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങലയും പ്രതിഷേധ പ്രകടനവും നടത്തി. അതിനുശേഷമായിരുന്നു കച്ചാരിബാരിയിലെ ഓഡിറ്റോറിയം നശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഡയറക്ടറെ മർദിക്കുകയും ചെയ്തത്.
സംഭവത്തെത്തുടർന്ന്, ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പുരാവസ്തു വകുപ്പ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചതായി ബിഎസ്എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതുവരെ പ്രതികരിച്ചില്ല.
കച്ചാരിബാരി ടാഗോർ കുടുംബത്തിന്റെ പൂർവിക ഭവനവും റവന്യൂ ഓഫീസുമാണ്. ഇവിടെ താമസിക്കുമ്പോഴാണ് രവീന്ദ്രനാഥ ടാഗോർ പ്രശസ്‌തമായ നിരവധി കൃതികൾ രചിച്ചിട്ടുള്ളത്.









0 comments