യാത്രാ പ്രതിസന്ധി: വിസ കാലാവധി നീട്ടി നൽകി ഖത്തർ; വ്യോമപാതകൾ അടഞ്ഞുതന്നെ

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, വിസ കാലാവധി കഴിഞ്ഞവർക്കായി ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. കാലാവധി അവസാനിച്ച എൻട്രി പെർമിറ്റുകൾക്കും വിവിധ തരം വിസകൾക്കും ഒരു മാസത്തെ അധിക സമയം കൂടി അനുവദിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ശനിയാഴ്ച മുതൽ ഖത്തർ അവരുടെ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിൽ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായതാണ് വ്യോമപാത അടയ്ക്കാൻ കാരണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രത്യാക്രമണങ്ങളുടെ ഭാഗമായി ജിസിസി രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ഇറാൻ ലക്ഷ്യമിട്ടിരുന്നു.










0 comments