ഖത്തറിൽ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിന് നേരെ മിസൈൽ ആക്രമണം; ഊർജ്ജ വിപണിയിൽ ആശങ്ക

ദോഹ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ പ്ലാന്റിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു.
ഇസ്രയേൽ ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്റെ ഈ നടപടി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റാസ് ലഫാൻ ലക്ഷ്യമാക്കി ഇറാൻ അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്.
ഇതിൽ നാലെണ്ണം ഖത്തർ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തെങ്കിലും അഞ്ചാമത്തെ മിസൈൽ പ്ലാന്റിൽ പതിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ ഖത്തറും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി.
ഖത്തറിലെ ഇറാൻ എംബസിയിലെ മിലിട്ടറി - സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.









0 comments