ad
Deshabhimani

ഖത്തറിൽ വാതക പ്ലാന്റിൽ സ്‌ഫോടനം: മരിച്ചവരിൽ ഇന്ത്യക്കാരും; 66 പേർക്ക് പരിക്ക്

Qatar.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 10:30 PM | 1 min read

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിലുണ്ടായ സ്‌ഫോടനത്തിൽ ഇന്ത്യക്കാരുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ 66 പേർക്ക് പരിക്കേറ്റതായും ഖത്തർ ഊർജ മന്ത്രി സാദ് ബിൻ ഷെരീദ അൽ-കാബി സ്ഥിരീകരിച്ചു.


പ്ലാന്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ.


ഇതൊരു വ്യാവസായ അപകടമാണെന്നും അട്ടിമറിയോ ആക്രമണമോ അല്ലെന്നും ഊർജമന്ത്രി അറിയിച്ചു. പരിക്കേറ്റ 66 പേരും ചികിത്സയിലാണ്. ഇവരാരുടെയും നില അതീവ ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.മരിച്ചവരിൽ ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും സാന്നിധ്യം ഖത്തർ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.


എന്നാൽ എത്ര ഇന്ത്യക്കാരാണ് മരിച്ചതെന്ന കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. അപകടത്തിൽപ്പെട്ടവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി.


സഹായങ്ങൾക്കായി ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്: +974-55647502, +975-55384683. ഇമെയിൽ വിലാസം: [email protected]. സ്‌ഫോടനം നടന്ന ബാർസാൻ പ്ലാന്റ് ഖത്തറിന്റെ ആഭ്യന്തര ആവശ്യങ്ങൾക്കും ജലശുദ്ധീകരണ പ്ലാന്റുകൾക്കും വലിയ തോതിൽ ഗ്യാസ് നൽകുന്ന പ്രധാന കേന്ദ്രമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഖത്തർ സർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home