ad
Deshabhimani

ക്രിക്കറ്റ് പ്രേമികളേ, ഇത് ഞങ്ങളുടെ ലോകകപ്പ്

world cup

ട്രിവാൻഡ്രം ടൈറ്റൻസ് ടീം അംഗങ്ങൾ

avatar
എസ്‌ ഒ ദിനു

Published on Jun 22, 2026, 11:27 PM | 2 min read

കഴക്കൂട്ടം​

"ഭിന്നശേഷിക്കാർക്ക് എന്ത് ക്രിക്കറ്റ്' എന്ന വാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി കേട്ടാണ്‌ ക്രിക്കറ്റ് താരം ആകണമെന്ന മോഹം എസ്‌ എ രാഹുലിൽ ഉറച്ചുപോയത്‌. പല പരിശീലകരും മടക്കി അയച്ച അതേ പയ്യൻ ഇന്ന്‌ ഇന്ത്യൻ സൗത്ത് സോൺ ക്രിക്കറ്റ് താരമാണ്. കേരളത്തിലെ ഭിന്നശേഷിക്കാർക്കുവേണ്ടി ഐപിഎൽ മാതൃകയിൽ ടൂർണമെന്റ്‌ നടത്തുന്നയാളുമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരനായിരുന്ന അച്ഛൻ എസ് ശിവൻകുട്ടിയുടെ സ്മരണാർഥം നടത്തുന്ന അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ്‌ (ഭിന്നശേഷിക്കാർക്കുള്ളത്) നാലാം എഡിഷൻ ഇത്തവണ തിരുവനന്തപുരത്ത് അരങ്ങേറുമ്പോൾ അതിലെ പ്രധാന കളിക്കാരനായും സംഘാടകനായും രാഹുലുണ്ട്. പല പരിശീലകരും കൈവിട്ട രാഹുലിനെ ഏറ്റെടുത്തത് സാക്ഷാൽ സഞ്ജു സാംസണിന്റെ കോച്ചായ ഫിലിപ്‌ സി ജേക്കബാണ്. ആവശ്യമറിയിച്ചപ്പോൾ, വീടിനോട് ചേർന്ന ഗ്രൗണ്ടിൽ പരിശീലനത്തിനെത്താനായിരുന്നു നിർദേശം. ആറു വർഷം പരിശീലനം. ഫിലിപ്പ് സാറിന്റെ സഹായത്തോടെ 2023ലാണ്‌ തിരുവനന്തപുരം ഡബറ്റ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് രൂപീകരിച്ചത്‌. പ്രസിഡന്റ്‌ എ ഷിബുവിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ഭിന്നശേഷിക്കാരായ താരങ്ങളെ കണ്ടെത്തി സൗജന്യ പരിശീലനം നൽകി. 2023ൽ ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ ആദ്യ ടൂർണമെന്റ്‌ നടത്തി. ശിവൻകുട്ടി സ്മാരക അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിൽ താരങ്ങൾക്ക് യാത്രാചെലവ്, ഭക്ഷണം, താമസ സൗകര്യം എല്ലാം ക്ലബ് സൗജന്യമായാണ് നൽകുന്നത്. 4–-ാം സീസണിലെ ക്രിക്കറ്റ് ടൂർണമെന്റിനു മുന്നോടിയായി ട്രിവാൻഡ്രം ടൈറ്റൻസ് ടീം പരിശീലനത്തിലാണ്‌. അവധി ദിവസങ്ങളിൽ മുഴുവൻ സമയവും മറ്റ്‌ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമായാണ് പരിശീലനം. 14 അംഗങ്ങളിൽ 40 ശതമാനവും അസ്ഥിവൈകല്യമുള്ളവരാണ്. ​ബിഗ്ബോസ് താരം അഭിലാഷ്, ഗവ. സെക്രട്ടറിയറ്റിയിലെ എസ് എ രാഹുൽ (വൈസ് ക്യാപ്റ്റൻ), കേരള പൊലീസിലെ ബി ഷാജഹാൻ, അനിമൽ ഹസ്ബൻഡറിയിലെ ആർ ജിഷ്ണു, ഗവ. ഹൈസ്കൂൾ ജീവനക്കാരൻ എസ് സൂരജ്, ജാസിർ (ക്യാപ്റ്റൻ), യു വിഷ്‌ണു, ഷാൻ ബാബു, റാഹിൻ റഹീം, മനുമോൻ, ഗൗതം, ടി ഒ ആകാശ്, അബിൻ, ആഷിക് എന്നിവർ അംഗങ്ങളും അനൂപ് പരിശീലകനുമാണ്. ആറ്‌ ടീമുകളായി തിരിഞ്ഞ്‌ മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ജൂലൈ 11, 12 തീയതികളിലാണ് മത്സരം. സംസ്ഥാന ടീമിനെ ഇതിൽനിന്ന്‌ സെലക്ട് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home