print edition 31 ലക്ഷംപേർക്ക് സാമ്പത്തിക സഹായം ഇല്ലാതാകും; സ്‌ത്രീസുരക്ഷാ പദ്ധതി ഉപേക്ഷിക്കുമെന്ന് സതീശൻ


സ്വന്തം ലേഖകൻ
Published on Jun 22, 2026, 11:26 PM | 1 min read
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്‌ത്രീസുരക്ഷാ പദ്ധതി ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതി തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു. 31 ലക്ഷത്തിലധികം സ്‌ത്രീകൾക്കാണ് സാന്പത്തികസഹായം ഇല്ലാതാകുക. പദ്ധതിയിൽ മാർച്ചുവരെ മാസം ആയിരം രൂപവീതം നൽകിയിരുന്നു. എൽഡിഎഫ് സർക്കാർ ബജറ്റിൽ 3,720 കോടി രൂപ ഇതിന് മാറ്റിവച്ചു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഏപ്രിൽ, മെയ് മാസങ്ങളിലെ തുക വിതരണത്തിനുള്ള ഫയൽ തടഞ്ഞു. പുതുതായി ലഭിച്ച അഞ്ചുലക്ഷത്തിലേറെ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും മരവിപ്പിച്ചിരിക്കുകയാണ്.
സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ അനർഹർ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ലൊസ് ആഞ്ചലസിലുള്ളയാൾ ഈ മാസം പെൻഷൻ വന്നില്ലെന്ന് പരാതിപ്പെട്ടതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. മകൻ വിദേശത്തുള്ളതുകൊണ്ട് അമ്മയ്‌ക്ക് പെൻഷൻ അയോഗ്യത പറയുന്നതിൽ അർഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ (2021 മെയ് മുതൽ- 2026 ഏപ്രിൽ വരെ) സാമൂഹ്യ സുരക്ഷാ പെൻഷനായി 44,938.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ ഇനത്തിൽ 6,071.72 കോടി രൂപയും വിതരണംചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments