ഖത്തറിന്റെ വാതക കയറ്റുമതിയിൽ 17 ശതമാനം ഇടിവ്; ലോകമെങ്ങും ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്നു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആഗോള ഊർജ്ജ വിപണിയെ തളർത്തുന്നു. ഖത്തറിന്റെ ആകെ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം ആക്രമണത്തിൽ തകർന്നതായി ഖത്തർ എനർജി സിഇഒ സാദ് അൽ കാബി അറിയിച്ചു.
ഇതോടെ പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വരുമാനനഷ്ടമാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ ഖത്തറിലെ രണ്ട് പ്രധാന എൽഎൻജി പ്രൊഡക്ഷൻ യൂണിറ്റുകൾക്കും ഒരു ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റിനും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന പ്ലാന്റുകൾ പൂർവ്വസ്ഥിതിയിലാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
ഖത്തറിൽ നിന്നുള്ള വാതക വിതരണം തടസ്സപ്പെടുന്നത് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കും. ദക്ഷിണ കൊറിയയിലെ ചിപ്പ് നിർമ്മാണ മേഖലയെയും ഇറ്റലി, ബെൽജിയം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വ്യവസായങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും.
ഈ രാജ്യങ്ങളുമായുള്ള ദീർഘകാല കരാറുകളിൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിക്കാൻ ഖത്തർ എനർജി നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യയിലെ ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി മുതൽ ദക്ഷിണ കൊറിയയിലെ ഹൈടെക് വ്യവസായങ്ങൾക്ക് ആവശ്യമായ ഹീലിയം വരെ ഖത്തറിൽ നിന്നാണ് എത്തുന്നത്.
ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതും സ്ഥിതി സങ്കീർണ്ണമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനും ഇത് കാരണമായേക്കും.









0 comments