ad
Deshabhimani

print edition ഗാസയിൽനിന്ന്‌ 
പിൻമാറണം ; ഇസ്രയേലിനോട്‌ ഖത്തറും ഇ‍ൗജിപ്‌തും

israel
വെബ് ഡെസ്ക്

Published on Dec 08, 2025, 05:11 AM | 1 min read


ദോഹ

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന്‌ പിൻമാറണമെന്ന്‌ ഖത്തറും ഇ‍ൗജിപ്‌തും. ഇസ്രയേൽ സെൈന്യത്തെ ഗാസയിൽനിന്ന്‌ പൂർണമായി പിൻവലിക്കാതെ ഗാസ സമാധാന കരാർ പൂർണമാകില്ലെന്ന്‌ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൾ റഹ്‌മാൻ അൽതാനി ദോഹ ഫോറത്തിൽ പറഞ്ഞു. ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറി ഗാസയിൽ ജനങ്ങൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ വരണമെന്ന്‌ അദ്ദേഹം പറഞ്ഞു.


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബന്ദികളെ പരസ്‌പരം കൈമാറിയെങ്കിലും തുടർ നടപടികൾ നിലച്ചിരിക്കുകയാണ്‌. കരാറിന്റെ ഭാഗമായി ഗാസയിൽനിന്ന്‌ പിൻമാറണമെന്ന വ്യവസ്ഥ ഇസ്രയേൽ സൈന്യം പാലിച്ചിട്ടില്ല. ഇസ്രയേൽ പിൻമാറിയാൽ ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക്‌ കൈമാറാമെന്ന്‌ ഹമാസ്‌ നേതാക്കൾ അറിയിച്ചിട്ടുണ്ട്‌.


ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ഈ മാസം നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഗാസയുടെ ഭരണച്ചുമതല വഹിക്കുന്ന ബോർഡ് ഓഫ് പീസ് എന്നറിയപ്പെടുന്ന രാജ്യാന്തര സമിതിയെ നിയമിച്ചേക്കും. ട്രംപ്‌ ആയിരിക്കും സമിതിയുടെ അധ്യക്ഷൻ. ഇസ്രയേൽ എല്ലാ ദിവസവും വെടിനിർത്തൽ ലംഘിക്കുന്നതിനാൽ, എത്രയും വേഗം രാജ്യാന്തരസേനയെ ഗാസയിൽ വിന്യസിക്കേണ്ടതുണ്ടെന്ന്‌ ഈജിപ്ത്‌ വിദേശ മന്ത്രി ബദർ അഹമ്മദ് മുഹമ്മദ് അബ്‌ദെലാട്ടി പറഞ്ഞു. ദ്വിരാഷ്‌ട്ര പരിഹാരമല്ലാതെ പ്രശ്‌നം മറികടക്കാൻ മറ്റ്‌ മാർഗങ്ങളില്ലെന്ന്‌ സ‍ൗദി അറേബ്യയുടെ പ്രതിനിധിയും പറഞ്ഞു.


വടക്കൻ 
ഗാസയിൽ 
ആക്രമണം

വെടിനിർത്തൽ കരാർ ചർച്ചകൾ തുടരുന്നതിനിടെ ഇസ്രയേൽ വടക്കൻ ഗാസയിൽ ആക്രമണം തുടരുന്നു. വടക്കൻ ഗാസയിൽ ആക്രമണത്തിൽ വൃദ്ധയും മകനുമുൾപ്പെടെ ഏഴ്‌ പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലും ആക്രമണമുണ്ടായി. 2023 ഒക്‌ടോബർ മുതൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 70,360 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 171,047 പേർക്ക്‌ പരിക്കേറ്റു. 200 പേരെ ബന്ദികളാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home