കലിനിൻഗ്രാഡിനെ ലക്ഷ്യമിട്ടാൽ തിരിച്ചടി ഉറപ്പ്; നാറ്റോക്ക് പുടിന്റെ മുന്നറിയിപ്പ്

Image Credit : AFP
മോസ്കോ: കലിനിൻഗ്രാഡിനോ റഷ്യയിലെ മറ്റേതെങ്കിലും പ്രദേശത്തിന് നേരെയോ ആക്രമണമുണ്ടായാൽ കൈവശമുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഉക്രെയ്നെ മുൻനിർത്തി നാറ്റോ സഖ്യം റഷ്യയെ ആക്രമിക്കുന്നത് തുടരുന്നതിനിടെയാണ് പുടിന്റെ പ്രതികരണം.
യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയ്ക്ക് പദ്ധതിയില്ലെന്നും സമാധാനപരമായ പരസ്പര സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യയിലെ ഏതെങ്കിലും പ്രദേശത്തിനെതിരെ നേരിട്ടുള്ള ആക്രമണമുണ്ടായാൽ തിരിച്ചടി ഉറപ്പാണെന്നും വ്യക്തമാക്കി. മോസ്കോയിൽ നടന്ന വാൽദായ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കലിനിൻഗ്രാഡ്, പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. റഷ്യയുടെ പ്രധാന ഭൂപ്രദേശവുമായി നേരിട്ട് അതിർത്തി പങ്കിടുന്നില്ലെങ്കിലും പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ ബാൽറ്റിക് നാവികസേനയുടെ താവളവും മറ്റ് സൈനിക സംവിധാനങ്ങളുമുണ്ട്. ആണവശേഷിയുള്ള ഇസ്കന്ദർ മിസൈലുകളും ഇവിടെയുണ്ട്.
കലിനിൻഗ്രാഡിനെ റഷ്യയിൽനിന്ന് അകറ്റാനുള്ള ശ്രമമുണ്ടായാൽ ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് റഷ്യ നേരത്തെ നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കലിനിൻഗ്രാഡിനെ ലക്ഷ്യമിടുന്നില്ലെന്നാണ് റഷ്യയുടെ മുന്നറിയിപ്പിന് മറുപടിയായി നാറ്റോ സഖ്യം വ്യക്തമാക്കിയത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും റഷ്യയുടെ നിലപാടിനെതിരെ പ്രതികരിച്ചു. റഷ്യയോട് ആണവ ഭീഷണി അവസാനിപ്പിക്കണമെന്നാണ് നാറ്റോയുടെ സന്ദേശമെന്ന് റുട്ടെ പറഞ്ഞു. ഇത്തരം ഭീഷണികൾ സാഹചര്യം കൂടുതൽ വഷളാക്കുകയല്ലാതെ മറ്റൊരു തരത്തിലും സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ ഉക്രെയ്ൻ ആക്രമണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിച്ചുവെന്ന് പുടിൻ പറഞ്ഞു. ജിഡിപിയിൽ ഏകദേശം ഒരു ശതമാനത്തിന്റെ നഷ്ടമുണ്ടായെന്നും അതിന് റഷ്യ തിരിച്ചടി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.








0 comments