ഇറാനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും; സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്ന് പുടിൻ

അബ്ബാസ് അരാഗ്‌ചിയ്ക്കൊപ്പം വ്ലാദിമിർ പുടിൻ | PHOTO: AFP
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് ആവർത്തിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖമേനിയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി പുടിൻ സൂചിപ്പിച്ചു. ഇറാനിയൻ ജനത അവരുടെ പുതിയ പരമോന്നത നേതാവിന്റെ കീഴിൽ ഈ പ്രയാസകരമായ പരീക്ഷണകാലത്തെ അതിജീവിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. "ഞങ്ങളുടെ ഭാഗത്തുനിന്ന്, നിങ്ങളുടെ താൽപ്പര്യങ്ങൾക്കും മേഖലയിലെ എല്ലാ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കും അനുയോജ്യമായതെല്ലാം ഞങ്ങൾ ചെയ്യും. എത്രയും വേഗം സമാധാനം കൈവരിക്കുകയാണ് ലക്ഷ്യം," പുടിൻ അരാഗ്ചിയോട് പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് അരാഗ്ചി റഷ്യയോട് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ഈ ബന്ധം കൂടുതൽ ശക്തമാകുമെന്നും വ്യക്തമാക്കി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ ഇറാൻ പോരാട്ടം തുടരുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
പാകിസ്താൻ, ഒമാൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് അരാഗ്ചി റഷ്യയിലെത്തിയത്.










0 comments