സാമ്പത്തികസംവിധാനങ്ങളെ നവ-കൊളോണിയലിസത്തിന്റെ ഉപകരണമാക്കരുത്
താരിഫ് യുദ്ധം ; ട്രംപിനെ തള്ളി പുടിന്‍

ബീജിങ്
അമേരിക്കയുടെ വിവേചനരഹിതമായ സാമ്പത്തിക ഉപരോധങ്ങളെയും "താരിഫ് യുദ്ധ'ത്തെയും ട്രംപിന്റെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ.
റഷ്യ–ചൈന ബന്ധം അതീവദൃഢമാണെന്നും ആഗോളവെല്ലുവിളികൾ നേരിടാന്‍ ബ്രിക്‌സ് കൂട്ടായ്‌മ ശക്തിപ്പെടുത്താന്‍ ഇരുരാജ്യവും പ്രതിജ്ഞാബദ്ധമാണെന്നും പുടിന്‍ പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ചൈനീസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികസംവിധാനങ്ങളെ നവ-കൊളോണിയലിസത്തിന്റെ ഉപകരണമായി മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അമേരിക്കയെ പേരെടുത്തു പറയാതെ പുടിന്‍ വിമര്‍ശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേലുള്ള ട്രംപിന്റെ അധിക തീരുവ ഭീഷണിയെയും സാമ്പത്തിക ഉപരോധങ്ങളെയുമാണ് പുടിന്‍ ഇങ്ങനെ പരാമർശിച്ചത്.
മനുഷ്യരാശിയുടെയാകെ പ്രയോജനത്തിനായാണ് നാം പ്രവർത്തിക്കേണ്ടത്. "വിവേചനപരമായ ഉപരോധങ്ങൾ' സാമൂഹിക സാമ്പത്തിക വികസനത്തിന് തടസ്സമാകും.
ആഗോള വെല്ലുവിളികൾ നേരിടാനും പ്രാദേശിക, അന്തർദേശീയ സുരക്ഷയിൽ സമാനകാഴ്‌ചപ്പാടുകൾ പങ്കിടാൻ ബ്രിക്‌സ് കൂട്ടായ്‌മ ശക്തിപ്പെടുത്തും.
അംഗരാജ്യങ്ങളുടെയും ലോകത്തിന്റെയും സാമൂഹിക സാമ്പത്തിക വികസനത്തിന് തടസ്സമാകുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ പൊതുനിലപാട് സ്വീകരിക്കണം. ഐഎംഎഫിലും ലോക ബാങ്കിലും എല്ലാ രാജ്യങ്ങൾക്കും തുല്യ പ്രവേശനം ഉണ്ടാകണം. "യഥാർഥ തുല്യത' അടിസ്ഥാനമാക്കിയുള്ള "സാമ്പത്തിക സംവിധാനം' പരിഷ്‌കരിക്കണം –പുടിന്‍ പറഞ്ഞു.








0 comments