Deshabhimani

print edition യൂറോപ്പിലാകെ ജനരോഷം; കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരെ പതിനായിരങ്ങൾ തെരുവിൽ

Nantes Protest

ഫ്രാൻസ് നഗരമായ നാറ്റ്സിൽ തൊഴിലാളികളും വിദ്യാർഥികളും തെരുവിലിറങ്ങിയപ്പോൾ | PHOTO: AFP

വെബ് ഡെസ്ക്

Published on Nov 22, 2026, 02:13 AM | 1 min read

പാരീസ്‌: കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരെ യൂറോപ്പിലാകെ കത്തിപ്പടർന്ന്‌ ജനരോഷം. ആഴ്‌ചകളായി തുടരുന്ന പ്രക്ഷോഭങ്ങൾക്കുപിന്നാലെ വിവിധ രാജ്യങ്ങളിൽ വെള്ളിയാഴ്‌ച തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ പതിനായിരങ്ങൾ തെരുവിലിറങ്ങി.


പാർപ്പിട അവകാശം, വാടക നിയന്ത്രണം തുടങ്ങിയവ ആവശ്യപ്പെട്ട് സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, യുകെ, പോർച്ചുഗൽ, ഗ്രീസ്, ബെൽജിയം എന്നിവിടങ്ങളിൽ സംയുക്ത പ്രതിഷേധം നടന്നു. 92 സംഘടനകൾ ഉൾക്കൊള്ളുന്ന യൂറോപ്യൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ഇടിയുസി) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലണ്ടൻ, റോം,‍ മിലാൻ, പാരീസ്‌, ലിസ്‌ബൺ തുടങ്ങിയ നഗരങ്ങളെല്ലാം ജനരോഷത്തിന്‌ സാക്ഷിയായി.


ജർമനിയിൽ ജെൻസി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. ബർലിനും ഹാംബർഗും മ്യൂണിക്കും ഉൾപ്പെടെ 75 ഓളം നഗരങ്ങളിൽ വിദ്യാർഥികളും യുവാക്കളും തെരുവിലിറങ്ങി. വിദ്യാഭ്യാസത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്‌. ഓസ്ട്രിയ, സ്വീഡൻ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു.


2010 മുതൽ യൂറോപ്പിലുടനീളം വാടക നിരക്ക്‌ 30 ശതമാനത്തോളം വർധിക്കുകയും പശ്ചിമേഷ്യയിലെ യുഎസ്‌ കടന്നാക്രമണങ്ങളോടെ ഈ വർഷം ഊർജച്ചെലവ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ. പ്രക്ഷോഭങ്ങളിലെ പ്രധാന ആവശ്യങ്ങൾ ഉറപ്പാക്കാൻ സർക്കാരുകൾ ഇടപെടുന്നില്ലെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു. ഫ്രാൻസിൽ സെപ്‌തംബറിൽ ആരംഭിച്ച സമരങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഇതുവരെ 25 യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലാളികളും വിദ്യാർഥികളും തെരുവിലിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home