print edition ട്രംപിനെതിരെ ആഞ്ഞടിച്ച്‌ ജനരോഷം; ‘നോ കിങ്‌സ്’ പ്രക്ഷോഭത്തിൽ അണിനിരന്ന്‌ 70 ലക്ഷം പേർ

us protest
വെബ് ഡെസ്ക്

Published on Oct 20, 2025, 12:04 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വികല നയങ്ങൾക്കെതിരെ യുഎസിൽ ജനരോഷം ആഞ്ഞടിക്കുന്നു. അന്പത്‌ സംസ്ഥാനങ്ങളിലും വ്യാപിച്ച ‘നോ കിങ്‌സ്‌’ ജനകീയ പ്രക്ഷോഭത്തിൽ 70 ലക്ഷം പേരാണ്‌ അണിനിരന്നത്‌. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷാേഭമായി ഇത്‌ മാറി.


‘പ്രസിഡന്റ്‌ രാജാവല്ല, ജനാധിപത്യം ഏകാധിപത്യമല്ല, രാജവാഴ്‌ചയല്ല ജനാധിപത്യം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. വാഷിങ്‌ടൺ, ന്യൂയോർക്ക്‌, ലൊസ്‌ ആഞ്ചലസ്‌, ഷിക്കാഗോ, മിയാമി എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടം അണിനിരന്നു. ന്യ‍ൂയോർക്കിലെ ടൈംസ്‌ക്വയറിൽ മാത്രം 20,000 പേർ എത്തിയതായാണ്‌ റിപ്പോർട്ടുകൾ.


വീണ്ടും അധികാരത്തിലെത്തിയശേഷം ട്രംപിന്റെ നയങ്ങളെല്ലാം ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നതായിരുന്നു. ഏറ്റവുമൊടുവിൽ ധനബിൽ പാസാകത്തതിനെ തുടർന്നുള്ള അടച്ചുപൂട്ടലും കൂട്ടപ്പിരിച്ചുവിടലുകളും പ്രതിഷേധം ആളിക്കത്തിച്ചു. ‘അവരെന്നെ രാജാവായാണ്‌ കാണുന്നത്‌, എന്നാൽ ഞാൻ രാജാവല്ല’ എന്ന ട്രംപിന്റെ പരാമർശവും വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കി.

യൂറോപ്യൻ രാജ്യങ്ങളിലെ യുഎസ്‌ എംബസികൾക്ക്‌ മുമ്പിലും പ്രതിഷേധങ്ങൾ നടക്കുകയാണ്‌. ലണ്ടൻ, ബർലിൻ, മാഡ്രിഡ്‌, റോം‍, ടൊറന്റോ എന്നിവിടങ്ങളിലെ എംബസികൾക്കുമുന്നിൽ പ്രകടനം നടന്നു.


ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലാണ്‌ അമേരിക്കയിലാകെ പ്രതിഷേധങ്ങൾ ശക്തമാക്കിയത്‌. പ്രക്ഷോഭകർ രാജ്യദ്രോഹികളാണെന്ന്‌ റിപ്പബ്ലിക്കന്മാർ ആരോപിച്ചു. ലോകത്തിന്റെ മുഴുവൻ രക്ഷാധികാരിയായി ചമയുമ്പോഴാണ്‌ ട്രംപിന് സ്വന്തം തട്ടകത്തിലെ ജനപിന്തുണ ഇടിയുന്നത്‌.

ട്രംപിന്റെ ജനപ്രീതി 40 ശതമാനം മാത്രമാണെന്നും 58 ശതമാനം പേർ പ്രസിഡന്റ്‌ എന്ന നിലയിലുള്ള പ്രവർത്തത്തിൽ തൃപ്‌തിയില്ലാത്തവരാണെന്നും റോയിട്ടേഴ്‌സ്‌ അഭിപ്രായ സർവേയിൽ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home