വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം: ട്രംപിനെതിരെ യുഎസ് നഗരങ്ങളിൽ പ്രതിഷേധ റാലി

വാഷിങ്ടൺ : വെനസ്വേലയിലെ ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ സൈനിക ഇടപെടലിനെതിരെ യുഎസ് നഗരങ്ങളിൽ വൻ പ്രതിഷേധം. വെനിസ്വേലയിലെ അമേരിക്കൻ നടപടി ന്യായമല്ലെന്നും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നടപടി. ചിക്കാഗോ, ഡാളസ്, ന്യൂയോർക്ക്, ഫിലാഡൽഫിയ, പിറ്റ്സ്ബർഗ്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവയുൾപ്പെടെ നിരവധി അമേരിക്കൻ നഗരങ്ങളിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
മറ്റൊരു രാജ്യത്തെ അമേരിക്ക ആക്രമിക്കുമ്പോഴെല്ലാം, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആ രാജ്യങ്ങളിലെ ജനങ്ങളാണെന്നും അമേരിക്കയുടെ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വെനസ്വേലയിൽ ഇത്തരമൊരു ആക്രമണം നടത്താൻ ഡൊണാൾഡ് ട്രംപിന് അധികാരമില്ലെന്നും യുഎസ് ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ലംഘിച്ചുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
"എണ്ണയ്ക്ക് വേണ്ടി രക്തം വേണ്ട", "വെനസ്വേലയിൽ ഇപ്പോൾ ബോംബിടുന്നത് നിർത്തുക!" തുടങ്ങിയ പ്രസ്താവനകളുള്ള ബാനറുകളുമായായിരുന്നു സിയാറ്റിൽ നഗരത്തിലെ പ്രതിഷേധം. "നമ്മുടെ നികുതി പണം ഉപയോഗിച്ച് നമ്മുടെ സർക്കാർ പരമാധികാരവും ലംഘിച്ച് കടന്നുകയറിയ ഒരു രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇത് ചെയ്യാൻ നിങ്ങളെ അനുവദിക്കില്ലെന്ന് രാജ്യത്തുടനീളം പറയുക എന്നതാണ് - പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്ന ആൻസർ എന്ന സംഘടനയുടെ സംഘാടകനായ ടെയ്‌ലർ യംഗ് പറഞ്ഞു. യുഎസിൽ താമസിക്കുന്ന വെനസ്വേലക്കാരെ നാടുകടത്തുന്നതിനെതിരെയും പ്രതിഷേധക്കാർ ശബ്ദമുയർത്തി.
ന്യൂയോർക്കിലെ ബ്രൂക്ലിൻ ബറോയിൽ മഡൂറോയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിന് പുറത്തും പ്രതിഷേധക്കാർ ഒത്തുകൂടി.










0 comments