ad
Deshabhimani

അമേരിക്കൻ ​ന​ഗരങ്ങളിലാകെ മഡൂറോയുടെ ചിത്രവും വെനസ്വേലൻ പതാകയും; വൻ പ്രതിഷേധം

Demonstrators in support of Nicolas Maduro United States

ന്യൂയോർക്കിലെ പ്രതിഷേധ പ്രകടനത്തിൽനിന്ന് | Photo:AFP

വെബ് ഡെസ്ക്

Published on Jan 06, 2026, 09:51 PM | 1 min read

വാഷിങ്ടൺ: വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കിയ നടപടിക്കെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ചിക്കാഗോ, അറ്റ്‌ലാന്റ, ന്യൂയോർക്ക് സിറ്റി, സിയാറ്റിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ വെനസ്വേലൻ അധിനിവേശത്തിനെതിരെ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് വെനസ്വേലയ്ക്ക് ഐക്യദാർഡ്യവുമായി തെരുവിലിറങ്ങിയത്.


വെനസ്വേലയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അട്ടിമറിച്ച ട്രംപിന്റെ നടപടി പിൻവലിക്കണമെന്നും മഡൂറോയെയും ഭാര്യയെയും മോചിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മഡൂറോയുടെ ചിത്രം ഉൾപ്പെടെയുള്ള പ്ലക്കാർഡുകളും വെനസ്വേലൻ പതാകകളും പ്രകടനങ്ങളിൽ ഉയർന്നു. മഡൂറോയെ തടവിൽ പാർപ്പിച്ചിരിക്കുന്ന ബ്രൂക്ലിനിലെ ഡിറ്റൻഷൻ സെന്ററിന് മുന്നിലും മാൻഹട്ടൻ ഫെഡറൽ കോടതിക്ക് മുന്നിലും പ്രതിഷേധക്കാർ ഒത്തുകൂടി. സിയാറ്റിൽ, ഫിലാഡൽഫിയ, വാഷിംഗ്ടൺ ഡി സി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.









ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ കഴിഞ്ഞദിവസം അതീവസുരക്ഷയോടെ മഡുറോയെ ഹാജരാക്കിയിരുന്നു. താൻ കുറ്റം ചെയതിട്ടില്ലെന്നും താൻ തന്നെയാണ്‌ വെനസ്വേലയുടെ പ്രസിഡന്റ്‌ എന്നും യുദ്ധത്തടവുകാരനാണെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റായ തന്നെ വീട്ടിലെ മുറിക്കുള്ളിൽ നിന്നാണ്‌ പിടികൂടിയതെന്നും താൻ നിരപരാധിയാണെന്നും മഡുറോ കോടതിയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ സീലിയയും കുറ്റം നിഷേധിച്ചു. കോടതി മാർച്ച്‌ 17 ലേക്ക്‌ കേസ്‌ മാറ്റിവച്ചു. കോടതിക്ക്‌ പുറത്ത്‌ യുഎസ്‌ നടപടിക്കെതിരെ നിരവധി പേർ പ്രതിഷേധിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇരുവരെയും ജയിൽ വേഷവും കൈകാലുകളിൽ വിലങ്ങും അണിയിച്ചാണ്‌ ജയിലിൽ നിന്നും ഹെലികോപ്റ്ററിലെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home