ad
Deshabhimani

മേയറുടെ അറസ്‌റ്റിൽ വ്യാപക പ്രതിഷേധം: തുർക്കിയയിൽ 1133 പേർ അറസ്റ്റിൽ

istanbul protest
വെബ് ഡെസ്ക്

Published on Mar 25, 2025, 12:00 AM | 1 min read

അങ്കാറ : ഇസ്‌താംബുൾ മേയർ എക്രം ഇമാമോഗ്ലുവിന്റെ അറസ്റ്റിൽ തുർക്കിയയിലെമ്പാടും പ്രതിഷേധം. പതിനായിരങ്ങളാണ്‌ തെരുവിലിറങ്ങിയിരിക്കുന്നത്‌. പലയിടത്തും പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. രാജ്യത്തിന്റെ വവിധ ഭാഗങ്ങളിൽ 1133 പേർ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. 2028ൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ തടയാനാണ്‌ അറസ്‌റ്റെന്ന്‌ റിപ്പോര്‍ട്ടുണ്ട്.


എന്നാല്‍ ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ്‌ പാർടി(സിഎച്ച്‌പി)യുടെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി ഇമാമോഗ്ലു തെരഞ്ഞെടുക്കപ്പെട്ടു. പത്തൊമ്പതിനാണ്‌ പ്രസിഡന്റ്‌ റജെബ് തയ്യിപ്‌ എർദോഗന്റെ കടുത്ത എതിരാളിയായ ഇമാമോഗ്ലുവിനെ അഴിമതിക്കുറ്റം ചുമത്തി പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റമാണ്‌ ഇപ്പോൾ ചുമത്തിയിരിക്കുന്നത്‌. ഞായറാഴ്‌ച കോടതി ഔദ്യോഗികമായി അറസ്റ്റ്‌ രേഖപ്പെടുത്തി. ജയിലിലടയക്കാൻ ഉത്തരവിട്ടു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.


എന്നാല്‍, ശക്തമായ നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ്‌ നൽകി. പ്രക്ഷോഭം റിപ്പോർട്ട്‌ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ 10 മാധ്യമപ്രവർത്തകരെയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. അറസ്റ്റിന്‌ പിന്നാലെ ഇമാമോഗ്ലുവിനെ മേയർ സ്ഥാനത്തുനിന്ന്‌ മാറ്റിയതായി സർക്കാർ പ്രഖ്യാപിച്ചു. ക്രമക്കേട്‌ ആരോപിച്ച്‌ ഇസ്‌താംബുൾ സർവകലാശാല അടുത്തിടെ ഇമാമോഗ്ലുവിന്റെ ബിരുദം റദ്ദാക്കി. സർവകലാശാല തീരുമാനം കോടതി ശരിവച്ചാൽ അദ്ദേഹത്തിന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. പ്രസിഡന്റാകാൻ കുറഞ്ഞത്‌ ബിരുദമെങ്കിലും വേണമെന്നാണ്‌ തുർക്കിയ ഭരണഘടന അനുശാസിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home