ad
Deshabhimani

'ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി' തിരിച്ചടിക്കുന്നു; ട്രംപിന്റെ ഉപരോധ യുദ്ധം യുഎസ് സഖ്യരാജ്യങ്ങളുടെ ചുമലിൽ

us sanctions
വെബ് ഡെസ്ക്

Published on Aug 22, 2026, 12:28 PM | 2 min read

ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറാനെതിരെ പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധം ഇറാനൊപ്പം പശ്ചിമേഷ്യയിലെ യുഎസ് പക്ഷ രാജ്യങ്ങളെയും നേരിട്ട് ബാധിക്കുന്നതാവും. നേരിട്ടുള്ള യുദ്ധ ചെലവ് കുറച്ചു കൊണ്ടുള്ള അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിന്റെ ബാധ്യതകൾ ഇതുവഴി പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മേലാവും പതിക്കുക. കാലഹരണപ്പെട്ട തന്ത്രമെന്ന് വിശേഷിപ്പിച്ച് ട്രംപിന്റെ ഭീഷണി ഇറാൻ തള്ളിയതിന് പിന്നിൽ ഈ സാമ്പത്തിക യാഥാര്‍ത്ഥ്യവും ഉൾപ്പെടുന്നു.


ഇറാനുമായി വ്യാപാരബന്ധം തുടരുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും എതിരെയും ഉപരോധം കടുപ്പിക്കുമെന്നും യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഉപരോധ രൂപത്തിലും അല്ലാതെയും പശ്ചിമേഷ്യൻ സഖ്യ രാജ്യങ്ങളുടെ നടുവൊടിക്കും.


ഇറാന്റെ ഇറക്കുമതിയുടെ 30 ശതമാനവും നടക്കുന്നത് യു എ ഇ വഴിയാണ്. ഇറാന്റെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ദുബായ് ആസ്ഥാനമായുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ്. ഇവയെല്ലാം ഒറ്റയടിക്ക് വേണ്ടെന്ന് വെക്കുക സാഹസികമാവും.


ഉപരോധ യുദ്ധവും

സഖ്യരാജ്യങ്ങളുടെ ചെലവിൽ


യു എ ഇയിൽ ഉൾപ്പെടുന്ന ഏഴ് പരമാധികാര എമിറേറ്റുകളിൽ ഒന്നു പോലും ഉത്പന്നങ്ങളുടെയും ലോക വ്യാപരത്തിന്റെയും കാര്യത്തിൽ സ്വാശ്രിതമല്ല. ഇറാനെതിരെ അമേരിക്ക പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധം അവര്‍ മറികടന്നിരുന്നത് ഈ ഗൾഫ് രാജ്യങ്ങൾ വഴിയുള്ള റി എക്സ്പോര്‍ടിങ് വഴിയാണ്. ഇതര ലോക രാജ്യങ്ങളുമായി ഇടപാട് നടത്തുന്നതിന് ഉപരോധം നിലനിൽക്കുന്നതിനാൽ യു എ ഇയിൽ എത്തിച്ച് റി എക്സ്പോര്‍ട് ചെയ്യുകയാണ് ചെയ്തിരുന്നത്. ഇത്രയും ബൃഹത്തായ വ്യാപാര അവസരങ്ങളെ ഒറ്റയടിക്ക് നിര്‍ത്തലാക്കുക വലിയ തിരിച്ചടിയാവും. വൻ സാമ്പത്തിക പ്രതിസന്ധി ഈ രാജ്യങ്ങൾക്ക് വരുത്തി വെക്കും. ഇതു കൂടി മുൻ നിര്‍ത്തിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കാലഹരണപ്പെട്ട തന്ത്രമെന്ന് ട്രംപിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്.


പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പ്രധാന വ്യാപാരമായ റീ എക്സ്പോര്‍ടിങ് മേഖല തകരുക മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളും ഭീഷണി നേരിടും. ഇറാൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന എണ്ണയിതര ഉത്പന്നങ്ങളിൽ 13 ശതമാനവും യു എ ഇയിലേക്കാണ്. ഇറാന്റെ ലോക വ്യാപാരത്തിൽ 25 ശതമാനത്തിൽ അധികം പങ്കും കൈകാര്യം ചെയ്യുന്നതും യു എ ഇ അധിഷ്ഠിത കമ്പനികളാണ്.


ഇവയ്ക്ക് പുറമെ ഇന്ത്യയും ചൈനയും ഉൾപ്പെടെ രാജ്യങ്ങളെയും തുടര്‍ന്നും ഉപരോധം ബാധിക്കും. ചൈന ഇപ്പോഴും ഇറാനിൽ നിന്നുള്ള എണ്ണ ഇടപാട് തുടരുന്നുണ്ട്. സ്വന്തം കറൻസിയായ യുവാൻ ആണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഷാ‍ഡോ ഫ്ലീറ്റുകൾ വഴിയാണ് ഈ ഇടപാടുകളിൽ അധികവും എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇനിയും ഉപരോധ നിരക്കുകൾ വര്‍ധിപ്പിക്കുന്നതോടെ ഈ രണ്ടു രാജ്യങ്ങളുടെയും സാമ്പത്തിക ഊര്‍ജ രംഗങ്ങളിലും പ്രതിഫലനം ഉണ്ടാവും. എന്നാൽ ചൈനയെ സംബന്ധിച്ച് ഇത് ചെറുതായിരിക്കും. റഷ്യൻ എണ്ണയ്ക്ക് വീണ്ടും ഉപരോധം പ്രഖ്യാപിച്ചത് നടപ്പിലാക്കിയാൽ ഇന്ത്യ വലിയ പ്രതിസന്ധി നേരിടും. യു എ ഇ വഴി ഇന്ത്യ ഇറാനിലേക്ക് അരി, തേയില, മരുന്നുകൾ എന്നിവ കയറ്റി അയക്കുന്നുണ്ട്.


റഷ്യ ഇറാൻ ബദൽ പാതയ്ക്ക്

പുതിയ ഊര്‍ജം


അമേരിക്കയുടെ നിരന്തര ഭീഷണികൾ മറികടക്കാൻ റഷ്യയും ഇറാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (INSTC - International North-South Transport Corridor) പദ്ധതിക്ക് ഇത് പുതിയ ഊര്‍ജമാവും. പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കൻ ഡോളറിന്റെയും സ്വാധീനത്തിലുള്ള കടൽപ്പാതകളെയും ബാങ്കിങ് സംവിധാനങ്ങളെയും ഒഴിവാക്കി പുതിയ പാതയ്ക്കുള്ള നീക്കമാണിത്.


അന്താരാഷ്ട്ര ബാങ്കിങ് സന്ദേശമനുസരിച്ച് പ്രവർത്തിക്കുന്ന 'SWIFT' സിസ്റ്റത്തിൽ നിന്ന് റഷ്യയെയും ഇറാനെയും അമേരിക്ക വിലക്കിയിട്ടുണ്ട്. ഇതിന് ബദലായി റഷ്യയുടെ SPFS എന്ന ബാങ്കിങ് സിസ്റ്റവും ഇറാന്റെ SEPAM സിസ്റ്റവും തമ്മിൽ നേരിട്ട് ബന്ധിപ്പിച്ചു കഴിഞ്ഞു. ഇത് വഴി വിദേശ ബാങ്കുകളുടെ സഹായമില്ലാതെ പണമിടപാടുകൾ നടത്താം. യു.എസ് അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങളും നാവിക ഉപരോധങ്ങളും മറികടക്കാൻ റഷ്യ, കാസ്പിയൻ കടൽ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു 'കര-കടൽ സുരക്ഷാ ഇടനാഴി' രൂപപ്പെടുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിനെ 7,200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഇറാനുമായി ബന്ധിപ്പിക്കുന്ന ബദൽ നീക്കമാണ് തുടരുന്നത്.













deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home