ad
Deshabhimani

ഓളങ്ങൾക്കൊപ്പം താളവും; കലയും കായികവും കൈകോർക്കുന്ന വിസ്മയം

Boat Race
avatar
പി എസ് മഞ്ജരി

Published on Aug 22, 2026, 01:03 PM | 2 min read

ലയും കായികവും ഒത്തുചേരുമ്പോഴത് വള്ളംകളിയാകും. ഓളത്തിരയിളക്കിത്തിനൊപ്പം താളവും കോർത്തിണക്കി വള്ളം തുഴയുന്ന കാഴ്ചക്ക് ഏഴഴകാണ്. ഇന്ന് പുന്നമടക്കായലിലെ ഓളപ്പരപ്പിൽ 71 വള്ളങ്ങളാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് മത്സരിക്കാനിറങ്ങുന്നത്. 22 വള്ളങ്ങൾ ചുണ്ടൻ വിഭാ​ഗത്തിൽ നിന്നിറങ്ങും. ചുരുളൻ -2, ഇരുട്ടുകുത്തി എ -3, ഇരുട്ടുകുത്തി ബി - 16, ഇരുട്ടുകുത്തി സി - 14, വെപ്പ് എ - 5, വെപ്പ് ബി - 4 എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ എണ്ണം. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് ട്രാക്കുകൾ സജ്ജമായിക്കഴിഞ്ഞു. പതിനായിരത്തിലധികം കാണികളാണ് ഓരോ വ‌ർഷവും ഓളപ്പരപ്പിലെ ഒളിമ്പിക്സ് ആസ്വദിക്കാനെത്തുന്നത്.


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വള്ളംകളി മത്സരമാണ് നെഹ്റുട്രോഫി. 1952ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആലപ്പുഴ സന്ദർശിക്കുന്നതിനിടെ സ്വീകരിക്കാൻ പ്രാദേശികമായി ഒരു പ്രദർശന വള്ളംകളി നാട്ടുകാ‌ർ സംഘടിപ്പിച്ചു. വള്ളംകളി കണ്ട ആവേശത്തിൽ ഡൽഹിയിലെത്തിയ ശേഷം നെഹ്‌റു ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിൽ വെള്ളിയിൽതീർത്ത ട്രോഫി വിജയികളായ നടുഭാ​ഗം ചുണ്ടന് അയച്ചുകൊടുത്തു. ഈ ട്രോഫിയിൽ അദ്ദേഹത്തിന്റെ കൈയൊപ്പോടുകൂടിയ ഒരു സന്ദേശവും ഉണ്ടായിരുന്നു :

“To the winners of the boat race which is a unique feature of community life in Travancore Cochin.”


ഈ സംഭവത്തിന്റെ സ്മരണ പുതുക്കാനായി 1954 മുതൽ എല്ലാ വർഷവും നെഹ്റു ട്രോഫി എന്ന പേരിൽ വള്ളംകളി മത്സരമായി ആരംഭിച്ചു. വള്ളംകളി മത്സരമായി ആരംഭിച്ച ശേഷം ആദ്യ വിജയി കാവാലം ടീമിന്റെ കാവാലം ചുണ്ടനായിരുന്നു. 2025ൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് നീറ്റിലറക്കിയ വീയപുരം ചുണ്ടനായിരുന്നു ഓളപ്പരപ്പിലെ രാജാവ്.


നൂറ് അടിയോളം നീളമുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശവും പ്രധാന ആകർഷണവും. എല്ലാ വർഷവും ആ​ഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഇത്തവണ വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിലാണ് മാറ്റിവെച്ചത്.


കുട്ടനാട്ടിലെ കരക്കാരും, ക്ലബുകളുമാണ് വള്ളങ്ങൾ നീറ്റിലിറക്കുന്നത്. തുഴച്ചിൽക്കാരെയും തിരഞ്ഞെടുത്ത് മത്സരത്തിൽ പങ്കെടുപ്പിക്കുന്നതും ഇവർ തന്നെയാണ്. മത്സരത്തിനായി 1.4 കിലോമീറ്റർ നീളമുള്ള ട്രാക്ക് ആണ് ഒരുക്കിയിരിക്കുന്നത്. ഒരൊറ്റമനസും ശരീരവും ഉത്സാഹവുമായി 100 മുതൽ 150 വരെ തുഴക്കാരാണ് ഒരു ചുണ്ടൻവള്ളത്തിൽ പുന്നമടയിലേക്കിറങ്ങുന്നത്. ആലപ്പുഴയിൽ നിന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള തുഴക്കാർ നെഹ്റു ട്രോഫി വള്ളംകളിക്ക് തുഴയാനെത്താറുണ്ട്. 95 തുഴക്കാരും, നാല് മുതൽ അഞ്ച് വരെ അമരക്കാരും, 9 നിലക്കാരും, രണ്ട് ഇടിയൻമാരും, ഏകദേശം 25 വഞ്ചിപ്പാട്ടുകാരും, ലീഡിം​ഗ് ക്യാപ്റ്റനുമുണ്ടാകും ഒരു വള്ളത്തിൽ.


വള്ളംകളിക്കുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുമ്പേ ആരംഭിക്കും. അതിനൊപ്പം തന്നെ തുഴച്ചിലുകാർക്കുള്ള പരിശീലനവും. കായികക്ഷമതക്കൊപ്പം താളത്തിനും വള്ളംകളിയിൽ പ്രാധാന്യമുണ്ട്. താളത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ എത്ര വേ​ഗത്തിൽ മുന്നേറുന്ന വള്ളത്തിന്റെയും തുഴത്താളം തെറ്റും. തുഴക്കാരുടെ ആവേശം കൂട്ടാൻ ആർപ്പോ വിളികളുമുയരും. വായ്ത്താരിയിട്ടും താളം പിടിച്ചും തുഴക്കാരെ പ്രോത്സാഹിപ്പിക്കുന്നത് നിലയാളുകളാണ്.


ഒറ്റയ്ക്ക് തുഴഞ്ഞാൽ വേഗം കുറയും. ഒരേ താളത്തിൽ ഒരുമിച്ച് തുഴഞ്ഞാൽ ലക്ഷ്യത്തിലേക്ക് അതിവേഗം എത്താമെന്നൊരു പാഠവും വള്ളംകളി മുന്നോട്ട് വെക്കുന്നുണ്ട്. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ നൂറുകണക്കിന് തുഴകൾ ഒരുമിച്ച് പുന്നമടയെ കീറിമുറിച്ച് മുന്നേറുമ്പോൾ കുതിക്കുന്നത് ആയിരം പ്രതീക്ഷകൾ കൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home