ഡയമണ്ട് ലീഗ് ജാവലിൻ ത്രോ: നീരജ് ചോപ്രയ്ക്ക് വെള്ളി, സീസണിലെ മികച്ച ദൂരം കണ്ടെത്തി ഇന്ത്യൻ താരം

നീരജ് ചോപ്ര| Photo: X
ലൊസാനെ : ലൊസാനെ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് വെള്ളി. 88.14 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കൻ താരം രമേശ് പത്തിരഗെയാണ് ഒന്നാം സ്ഥാനത്തോടെ സ്വർണം നേടിയത്. സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനമായ 88.05 മീറ്റർ എറിഞ്ഞെങ്കിലും നീരജിന് രണ്ടാം സ്ഥാനമാണ് നേടാനായത്. 86.69 മീറ്റർ എറിഞ്ഞ ഗ്രനേഡയുടെ ആന്റേഴ്സൺ പീറ്റേഴ്സ് മൂന്നാം സ്ഥാനം നേടി.
തന്റെ ആദ്യ ശ്രമത്തിൽ 83.54 മീറ്റർ എറിഞ്ഞ നീരജ്, രണ്ടാം ശ്രമത്തിലാണ് സീസണിലെ മികച്ച ദൂരമായ 88.05 മീറ്റർ കണ്ടെത്തി ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ തൊട്ടടുത്ത മൂന്നാം ശ്രമത്തിൽ രമേശ് പത്തിരഗെ 88.14 മീറ്റർ എറിഞ്ഞ് ലീഡ് തിരിച്ചുപിടിച്ചു. നീരജിന്റെ മൂന്നാം ശ്രമം 83.72 മീറ്ററിൽ ഒതുങ്ങിയപ്പോൾ നാലാം ശ്രമം ഫൗളായി. അഞ്ചാം ശ്രമത്തിൽ നിന്ന് നീരജും പത്തിരഗെയും പിന്മാറി. അവസാന ശ്രമത്തിൽ 82 മീറ്ററിന് മുകളിൽ മാത്രമേ കണ്ടെത്താനായുള്ളൂ.
2026 സീസണിൽ ഇത് മൂന്നാം തവണയാണ് പത്തിരഗെ നീരജ് ചോപ്രയെ മറികടക്കുന്നത്. അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലും നീരജിനെ പിന്നിലാക്കി ലങ്കൻ താരം സ്വർണം നേടിയിരുന്നു. വിജയിക്കാനായില്ലെങ്കിലും ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്താനായത് നീരജിന് നേട്ടമായി. സീസൺ അവസാനത്തിലെ ഡയമണ്ട് ലീഗ് ഫൈനൽ യോഗ്യത നേടാനും ഈ പ്രകടനം നീരജിന് നിർണായകമാകും.









0 comments