ad
Deshabhimani

കവർസ്റ്റോറി

ചരിത്രത്തോട്‌ പൊരുതുന്ന ദ്വീപ്‌

ഫിദൽ കാസ്‌ട്രോ
avatar
എ കെ രമേശ്‌

Published on Aug 22, 2026, 01:57 PM | 16 min read



1492‐ൽ കൊളംബസ് ക്യൂബയിൽ കാൽകുത്തിയപ്പോൾ കണ്ടത് 4000 വർഷങ്ങൾക്കുമുമ്പ് തന്നെ ജനവാസമുള്ള ഒരു ദേശത്തെയായിരുന്നു. തന്റെ കപ്പലോട്ടത്തിന്റെ ചെലവ് വഹിച്ച ഡോൺ ജുവാൻ ആരഗണിന്റെ പേരാണ് അദ്ദേഹം ആ ദ്വീപിന് ചാർത്തിക്കൊടുത്തത്. ജുവാൻ എന്ന പേര് ദ്വീപിനിട്ടപ്പോൾ അത് ജുവാനയായി. ജുവാന്റെ പിതാവ് ഫെർഡിനാൻഡ് രണ്ടാമൻ അന്തരിച്ചപ്പോൾ അപ്പേരിലും കുറച്ചുനാൾ അറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് തദ്ദേശവാസികൾ നൽകിയ പഴയ പേരിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു. അവരുടെ തൈനോ (Taino) ഭാഷയിലുള്ള ക്യൂബനകാൻ എന്ന വിളിപ്പേരേ നിലനിന്നുള്ളൂ. അതിന്റെ അർഥം"മഹത്തായ സ്ഥലം’ എന്നാണത്രെ!

ഫിദൽ കാസ്‌ട്രോഫിദൽ കാസ്‌ട്രോ

അധിനിവേശങ്ങളുടെ തുടർക്കഥ


കൊളംബസിനെ പിന്തുടർന്ന സ്‌പാനിഷ് കടന്നുകയറ്റക്കാർ 1510‐ൽ ഗവർണറായി നിയമിച്ച വെലാക്വസ് ക്യൂബയെ ചോരക്കളമാക്കിക്കൊണ്ടാണ് അധിനിവേശ നടപടികൾ ആരംഭിച്ചതു തന്നെ. കിഴക്കൻ ക്യൂബയിലെ മലനിരകളിൽ പാർത്തിരുന്ന ആദിവാസി ഗോത്രസമൂഹത്തെ മുഴുവൻ കൊന്നൊടുക്കിയാണ് അയാൾ സ്‌പെയിനിന്റെ പതാക പാറിച്ചത്.

പഴശ്ശി രാജാവ് ആദിവാസികളെ കൂടെ കൂട്ടിയാണ് ബ്രിട്ടീഷുകാരെ നേരിട്ടതെങ്കിൽ ക്യൂബയിൽ ആദിവാസി മൂപ്പന്മാർ തന്നെ സ്വയം സംഘടിച്ച് ചെറുത്തുനിൽപ്പ് നടത്തുകയായിരുന്നു. ഹാത്വേ (Hatuey) എന്ന കുലമൂപ്പന്റെ നേതൃത്വത്തിലാണ് അവർ സംഘടിച്ചത്. ആ വീരപുരുഷനെ കുറ്റിയിൽ കെട്ടിത്തൂക്കി ചുട്ടുകൊല്ലുകയായിരുന്നു സ്‌പാനിഷ് കൈയേറ്റക്കാർ! അന്നുമുതൽ വെട്ടിപ്പിടുത്തങ്ങളുടെയും കീഴടക്കലുകളുടെയും തുടർക്കഥകളാണ് അരങ്ങേറിയത്.

1762‐ൽ ബ്രിട്ടീഷ് പടക്കപ്പൽ ഹവാന ഉൾക്കടലിൽ എത്തുന്നുണ്ട്. ക്യൂബയെ കൈവശത്താക്കുന്നുണ്ട്. ഒടുക്കം 11 മാസത്തെ അധിനിവേശത്തിനു ശേഷം ക്യൂബയെ സ്‌പെയിനിന് തിരിച്ചേൽപ്പിച്ച് മടങ്ങുകയായിരുന്നു ബ്രിട്ടൺ!

ആദിവാസി വിഭാഗത്തെ അക്ഷരാർഥത്തിൽ തുടച്ചുനീക്കിയ സ്‌പെയിൻ, ക്യൂബൻ മണ്ണിൽ പൊന്നുവിളയിക്കാനായി ആഫ്രിക്കയിൽനിന്ന് അടിമകളെ ആട്ടിത്തെളിച്ചെത്തിച്ചു. അധിനിവേശത്തിന്റെ ഒരു നൂറ്റാണ്ടിനിടയിൽ കാടുകൾ വെട്ടിത്തെളിയിക്കപ്പെട്ടു. പുതിയ പ്ലാന്റേഷനുകളും ഖനികളും സ്ഥാപിതമായി. അതിന്റെ ഭാഗമായി ആയിരക്കണക്കിന് ജലസ്രോതസ്സുകളാണ് വറ്റി വരണ്ടത്. കരിമ്പ് മാത്രമായി പ്രധാന കൃഷി. ഭൂമിയുടെ ഉടമസ്ഥതയത്രയും അധിനിവേശക്കാർക്കും അവരുടെ ഒത്താശക്കാർക്കുമായിരുന്നു.


ദശവർഷ യുദ്ധം


സ്‌പെയിനിന്റെ അവസാന കോളനിയായിരുന്നു ക്യൂബ. അധിനിവേശത്തിനെതിരെ ഉയർന്നുവന്ന സ്വാഭാവിക പ്രതിരോധം 1868‐ലാണ് ജനകീയ പ്രതിഷേധമായി ശക്തിയാർജിക്കുന്നത്. ആ വർഷം ഒക്ടോബർ 10‐ന് കിഴക്കൻ ക്യൂബയിൽ ഒറിയന്റ് പ്രവിശ്യയിൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ആരംഭിച്ച പോരാട്ടം 10 വർഷം നീണ്ടുനിന്നു. ഒരു പ്ലാന്ററായ കാർലോസ് മാനുവൽ ഡി സെസ്‌പെഡസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്:

"മനുഷ്യനെ ദൈവം സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യമായ സ്വാതന്ത്ര്യത്തിന്റെ നന്മകൾ അനുഭവിച്ചറിയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാഹോദര്യം, സഹിഷ്‌ണുത, നീതി എന്നിവയിൽ ഞങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നു; എല്ലാ മനുഷ്യരെയും സമന്മാരായി കാണാനും ഞങ്ങളോടൊപ്പം സമാധാനപരമായി ജീവിക്കാൻ തയ്യാറുള്ള സ്‌പാനിഷ് ജനങ്ങളെപ്പോലും ഈ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കാതിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

നിയമനിർമാണത്തിലും നികുതിവിഹിതങ്ങളുടെ വിതരണത്തിലും നിക്ഷേപത്തിലും ജനങ്ങൾ പങ്കാളികളാകണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

അടിമത്തം നിർത്തലാക്കുക, അർഹരായവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നിവയും ഞങ്ങളുടെ ലക്ഷ്യങ്ങളിൽ പെടുന്നു. യോഗം ചേരാനുള്ള സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സത്യസന്ധമായ ഭരണം പുനഃസ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഞങ്ങൾ ആഗ്രഹിക്കുന്നു; ഒപ്പം ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെയും മഹത്വത്തിന്റെയും അടിത്തറയായ മനുഷ്യന്റെ നിഷേധിക്കാനാവാത്ത അവകാശങ്ങളെ ആദരിക്കാനും നടപ്പിലാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

കടപ്പാട്‌: ഗൂഗിൾകടപ്പാട്‌: ഗൂഗിൾ

സ്‌പാനിഷ് അടിമത്തത്തിന്റെ നുകം വലിച്ചെറിഞ്ഞ്, ഒരു സ്വതന്ത്രപരമാധികാര രാഷ്‌ട്രം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ക്യൂബ സ്വതന്ത്രമാകുമ്പോൾ, പ്രബുദ്ധമായ രീതിയിൽ രൂപകൽപ്പന ചെയ്‌ത ഒരു ഭരണഘടനാധിഷ്ഠിത സർക്കാരായിരിക്കും അവിടെ നിലവിൽ വരിക.’

10 വർഷക്കാലത്തെ ആ ജനകീയ പ്രതിരോധത്തിൽ 80,000 സ്‌പാനിഷ് പട്ടാളക്കാരും നാലു ലക്ഷം ക്യൂബക്കാരും മരണമടഞ്ഞു. ആ ദശവർഷയുദ്ധത്തിൽ സ്‌പെയിനിന് മുന്നിൽ പിടിച്ചുനിൽക്കാൻ ക്യൂബൻ ജനതയ്‌ക്കായില്ല. പക്ഷേ കോളനി വാഴ്‌ചക്കെതിരെയുള്ള സ്വാതന്ത്ര്യദാഹികളായ ജനതയുടെ ചെറുത്തുനിൽപ്പിനെ തടുത്തുനിർത്താനാവില്ലല്ലോ. അടിച്ചമർത്തപ്പെട്ട കലാപത്തിന്റെ ചാരത്തിൽനിന്ന് സ്വാതന്ത്ര്യ വാഞ്ഛയുടെ ഫീനിക്‌സ്‌ പക്ഷികൾ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്‌തു. ക്യൂബൻ സ്വാതന്ത്ര്യസമരത്തിന്റെ അപ്പോസ്‌തലനായ ഹോസെ മാർട്ടിയുടെ നേതൃത്വത്തിൽ 1895 ഫെബ്രവരി 24‐ന് മറ്റൊരു മുന്നേറ്റം ആരംഭിച്ചത് അങ്ങനെയാണ്.

1868 ഒക്ടോബർ 10‐ന്റെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ പതിനഞ്ചാം വയസ്സിൽ ഹോസെ മാർട്ടി എഴുതിയ പ്രസിദ്ധമായ കവിത ഇങ്ങനെയാണ്:

‘ഇതൊരു സ്വപ്‌നമല്ല, സത്യമാണ്:

ക്രുദ്ധരായ ക്യൂബൻ ജനത

ഒരു യുദ്ധകാഹളം മുഴക്കുന്നു;

മൂന്ന് നൂറ്റാണ്ടായി അവർ സഹിക്കുന്നത്,

അടിച്ചമർത്തലിന്റെ എല്ലാ ഇരുണ്ട ക്രൂരതകളും!

വിശാലമായ കോട്ടോ നദിമുതൽ

എസ്‌കാം ബ്രേ മലനിരകൾവരെ,

പീരങ്കികൾ ഗർജിക്കുന്നു;

ആ പോരാട്ടത്തിന്റെ മുഴക്കത്തിൽ,

ക്രൂരനായ അടിച്ചമർത്തലുകാരൻ വിറച്ചുകൊണ്ട്

വിതുമ്പുന്നു, കരയുന്നു,

ഭയന്ന് നടുങ്ങുന്നു.

അവന്റെ ശക്തിക്കും വീരനായകത്വത്തിനും

ഈ യുദ്ധക്കളങ്ങൾ ശവകുടീരങ്ങളാകുന്നു,

അവന്റെ മഹത്വത്തെ ഭീരുത്വം

മലിനമാക്കുന്നു,

ഇടിച്ചു താഴ്‌ത്തുന്നു.

ദൈവത്തിന് നന്ദി!

ഒടുവിൽ ദൃഢനിശ്ചയത്തോടെ

ക്യൂബ, തന്നെ ശ്വാസം മുട്ടിച്ച നുകം തകർത്തെറിയുന്നു,

അഭിമാനത്തോടെ, സ്വതന്ത്രയായി ശിരസ്സുയർത്തി നിൽക്കുന്നു!’

ഫിദൽ കാസ്‌ട്രോയും ചെ ഗുവേരയുംഫിദൽ കാസ്‌ട്രോയും ചെ ഗുവേരയും

ഹോസെ മാർട്ടി വഴി കാട്ടുന്നു


10 വർഷത്തെ പോരാട്ടം കൊണ്ടും നടക്കാത്ത ആ കാര്യം നേടിയെടുക്കാനാണ് ക്യൂബൻ സ്വാതന്ത്ര്യ സമരത്തിന്റെ സൈദ്ധാന്തികനും അനിഷേധ്യ നേതാവുമായിരുന്ന ഹോസെ മാർട്ടിയുടെ നേതൃത്വതിൽ വീണ്ടും പ്രക്ഷോഭമാരംഭിക്കുന്നത്. അതിനായിട്ടാണ് 1892‐ൽ ക്യൂബൻ റവല്യൂഷണറി പാർടി സ്ഥാപിക്കുന്നതും 1895‐ൽ പുതിയ പോരാട്ടം ആരംഭിക്കുന്നതും. പക്ഷേ അതിനെയും ചോരയിൽ മുക്കിക്കൊല്ലാനും പ്രക്ഷോഭത്തെ തച്ചുതകർക്കാനും സ്‌പാനിഷ് ജനറൽ വലേറിയാനൊ വീലറും സംഘവും രാജ്യമെങ്ങും കോൺസൻട്രേഷൻ ക്യാമ്പുകൾ തുറന്നു. പട്ടിണിയും രോഗവും കാരണം അവിടെ മരിച്ചുവീണത് ആയിരങ്ങളാണ്. പ്രക്ഷോഭമാരംഭിച്ച് ആഴ്‌ചകൾക്കകം ഹോസെ മാർട്ടി രക്തസാക്ഷിയായി. അതേതുടർന്ന് പ്രക്ഷോഭത്തിന്റെ പതാകയേറ്റുവാങ്ങിയത് അന്തോണിയോ മാസിയോവും മാക്‌സിമോ ഗോമസുമാണ്. മാസിയോവും പോരാട്ടത്തിൽ കൊല്ലപ്പെടുകയാണ്. സ്‌പാനിഷ് ക്രൂരതയ്‌ക്ക് മറുപടിയായി ജനങ്ങളെയാകെ അണിനിരത്തി ഒരു അഖില ക്യൂബൻ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. പഞ്ചസാര വ്യവസായമടക്കം നിശ്ചലമായി. സമ്പദ് വ്യവസ്ഥയ്‌ക്ക് കനത്ത പരിക്കേൽപ്പിക്കാൻ മാക്‌സിമോ ഗോമസിന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് കഴിഞ്ഞു.

തങ്ങളുടെ അവസാന കോളനിയായ ക്യൂബയെ കയ്യൊഴിയാൻ വയ്യാതെ സ്‌പാനിഷ് സാമ്രാജ്യത്വം ജനകീയ സമരത്തെ മറികടക്കാൻ ഇതിനിടെ അല്ലറച്ചില്ലറ നീക്കുപോക്കുകൾക്ക് തയ്യാറാവുന്നുണ്ട്. അതിലൊന്ന് 1897‐ൽ പ്രഖ്യാപിച്ച വിപുലീകൃത വോട്ടവകാശമാണ്. സ്വത്തുടമകളായ 25 വയസ്സ് കഴിഞ്ഞ വെള്ളക്കാരായ പുരുഷന്മാർക്ക് മാത്രമായുണ്ടായിരുന്ന സ്വയംഭരണാവകാശവും വോട്ടവകാശവും സാർവത്രികമാക്കുകയായിരുന്നു. (അപ്പോഴും സ്‌ത്രീകൾ അതിന് പുറത്തായിരുന്നു. 25 വയസ്സ് കഴിഞ്ഞ സകല പുരുഷന്മാർക്കും തെരഞ്ഞെടുപ്പിൽ പങ്കാളികളാവാം, അങ്ങനെ പരിമിതമായ സ്വയം ഭരണാവകാശം കയ്യാളാം എന്നു മാത്രം!)

അതിനിടെ, അപ്പുറത്ത് അമേരിക്കയിൽ ശക്തമായ ഒരാവശ്യം ഉയരുന്നുണ്ട്, തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനായി സ്‌പെയ്നിനോട് യുദ്ധം പ്രഖ്യാപിച്ച് ക്യൂബയെ കീഴടക്കാൻ. സ്‌പാനിഷ് പട്ടാളത്തിന്റെ കൊടുംക്രൂരതകൾ മുതലാക്കി ഇടപെടൽ നടത്താനുള്ള സമ്മർദങ്ങൾ ഏറി. ഇത്തരമൊരവസരം ഉപയോഗിച്ച് തൊട്ടപ്പുറത്ത് കിടക്കുന്ന, പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ക്യൂബയെ കൈവശത്താക്കണമെന്നായി മുറവിളി. അപ്പോഴും നിഷ്‌പക്ഷതയുടെ മുഖംമൂടിയണിഞ്ഞുനിന്ന അമേരിക്കൻ പ്രസിഡന്റ്‌ വില്യം മെക്കിൻലി, ക്യൂബയിലുള്ള അമേരിക്കൻ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യതയുടെ പേരിൽ, 1898 ഫെബ്രുവരിയിൽ ‘യുഎസ്എസ് മെയിൻ’ എന്ന അമേരിക്കൻ പടക്കപ്പൽ ക്യൂബയിലേക്കയക്കുകയാണ്. ഹവാനാ തുറമുഖത്തെത്തിയ ആ കപ്പൽ ദുരൂഹ സാഹചര്യത്തിൽ തകർക്കപ്പെടുകയാണ്. അതിനകം വ്യാപകമായി വളർന്ന യുദ്ധജ്വരത്തിന്റെ പശ്ചാത്തലത്തിൽ, സാഹചര്യം മുതലെടുത്ത അമേരിക്കൻ പ്രസിഡന്റ്‌ ഏപ്രിൽ മാസം കോൺഗ്രസിൽ യുദ്ധാനുമതി തേടുകയാണ്. ഏപ്രിൽ 18‐ന് കോൺഗ്രസ് ഇടപെടാൻ അനുമതി നൽകിയെങ്കിലും ക്യൂബയെ അമേരിക്കൻ അനുബന്ധമാക്കാൻ തങ്ങളില്ല എന്നാണ് പ്രഖ്യാപിച്ചത്.

​"പ്രസ്‌തുത (ക്യൂബൻ) ദ്വീപിൻമേൽ ശാന്തിയും സമാധാനവും കൈവരിക്കുന്നതിനല്ലാതെ, അതിനുമേൽ പരമാധികാരമോ ഭരണാധികാരമോ നിയന്ത്രണമോ പ്രയോഗിക്കാൻ യുണൈറ്റഡ് സ്‌റ്റേറ്റ്സിന് താൽപ്പര്യമോ ഉദ്ദേശ്യമോ ഇല്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു. കൂടാതെ, അത് കൈവരിച്ചുകഴിഞ്ഞാൽ, ദ്വീപിന്റെ ഭരണവും നിയന്ത്രണവും അവിടുത്തെ ജനങ്ങൾക്ക് തന്നെ വിട്ടുകൊടുക്കുമെന്ന തങ്ങളുടെ നിശ്ചയദാർഢ്യം ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.’

​( യുഎസ് സ്റ്റാറ്റ്യൂട്ട്സ് അറ്റ് ലാർജ്, വോള്യം 30, പേജ് 738)

1898 ഏപ്രിലിൽത്തന്നെ അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തി. മൂന്ന്‌ മാസത്തിനകം ജൂലൈ 17‐ന് സ്‌പെയിൻ അടിയറവ് പറഞ്ഞു. ഡിസംബർ 10‐ന് ഒപ്പിട്ട പാരീസ് കരാറിൽ സ്‌പെയിൻ ക്യൂബക്ക് മേലുള്ള പരമാധികാരവും ഉടമസ്ഥതയും ഉപേക്ഷിച്ചു.

ഹ്യൂഗോ ഷാവേസും  ഫിദൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസും ഫിദൽ കാസ്ട്രോയും

പറഞ്ഞതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്!


"ദ്വീപിന്റെ ഭരണവും നിയന്ത്രണവും അവിടത്തെ ജനങ്ങൾക്ക് തന്നെ വിട്ടുകൊടുക്കും’ എന്ന പ്രഖ്യാപനം കാറ്റിൽ പറത്തിക്കൊണ്ടാണ് അമേരിക്ക പിന്നീട് പ്രവർത്തിച്ചത്. ക്യൂബയെ തീർത്തും അവഗണിച്ചുകൊണ്ട്, പട്ടാള മേധാവിയായിരുന്ന ലിയൊനാർഡ് വുഡ്ഡിനെ ഗവർണറാക്കി ഹവാനയിലേക്കയക്കുകയാണ്. പാരീസ് കരാർ ഒപ്പിടുമ്പോൾ ഒരു സാക്ഷിയായിപ്പോലും ക്യൂബ ക്ഷണിക്കപ്പെട്ടില്ല. 1900 സെപ്‌തംബറിൽ ഭരണഘടനാ നിർമാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയതും അമേരിക്കൻ പട്ടാള അധികൃതരുടെ നേതൃത്വത്തിലാണ്. ക്യൂബാ‐അമേരിക്കൻ ബന്ധത്തെക്കുറിച്ച് അമേരിക്ക ആവശ്യപ്പെട്ടപ്രകാരം ഭരണഘടനയിൽ ഒരു ഖണ്ഡിക ഉൾക്കൊള്ളിക്കാഞ്ഞതുകൊണ്ട് ഒരു പുതിയ ഭേദഗതിക്ക് വേണ്ടിയായി അമേരിക്കൻ സമ്മർദം. അതാണ് പ്ലാറ്റ് അമന്റ്മെന്റ്: 1901 മാർച്ച് 2‐ന് പാസാക്കിയെടുത്ത ആ ഭേദഗതിയനുസരിച്ച് "ക്യൂബൻ സ്വാതന്ത്ര്യം നിലനിർത്തുന്നതിനും; ജീവൻ, സ്വത്ത്, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ സംരക്ഷണത്തിന് അനുയോജ്യമായ ഒരു ഗവൺമെന്റ് നിലനിർത്തുന്നതിനും; പാരീസ് ഉടമ്പടി പ്രകാരം ക്യൂബയുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്‌റ്റേറ്റ്സിനുണ്ടായിരുന്നതും ഇപ്പോൾ ക്യൂബൻ ഗവൺമെന്റ് ഏറ്റെടുത്ത് നടത്തേണ്ടതുമായ ബാധ്യതകൾ നിറവേറ്റുന്നതിനും വേണ്ടി ഇടപെടാനുള്ള അവകാശം യുണൈറ്റഡ് സ്റ്റേറ്റ്സിന് വിനിയോഗിക്കാമെന്നതിന് ക്യൂബൻ ഗവൺമെന്റ് സമ്മതം നൽകുന്നു. ക്യൂബയുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിനും അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനും ഒപ്പം സ്വന്തം പ്രതിരോധത്തിനുമായി, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റുമായി ധാരണയിലെത്തുന്ന നിശ്ചിത സ്ഥലങ്ങളിൽ കൽക്കരി സംഭരണശാലകൾക്കോ (coaling stations) നാവികത്താവളങ്ങൾക്കോ (naval stations) ആവശ്യമായ ഭൂമി ക്യൂബൻ ഗവൺമെന്റ് യുണൈറ്റഡ് സ്‌റ്റേറ്റ്സിന് വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യും.’

ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച് വാഷിങ്‌ടണിലേക്ക് ചെന്ന പ്രതിനിധി സംഘത്തിന് യുദ്ധകാര്യ സെക്രട്ടറി എലിഹുറൂട്ട് നൽകിയ മറുപടി അതിവിചിത്രമായിരുന്നു. ‘ക്യൂബാ ആൻഡ്‌ ദ പ്ലാറ്റ് അമെന്റ്മെന്റ് ’എന്ന പുസ്‌തകത്തിൽ ലെസ്ലി ബുയൽ ഉദ്ധരിച്ചതനുസരിച്ച് അതിങ്ങനെയായിരുന്നു: "ഈ ഖണ്ഡിക ക്യൂബൻ സ്വാതന്ത്ര്യത്തിന് തടസ്സമേ ആവില്ല. സ്വന്തം പതാകയ്‌ക്ക് കീഴിൽ അതിന് സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു രാഷ്‌ട്രമായി തുടരാം. ക്യൂബയ്‌ക്ക്‌ തങ്ങളുടെ പൂർണ സ്വാതന്ത്ര്യം നിലനിർത്തുന്നതിന്, ഏറ്റവും അടിയന്തരവും സങ്കീർണവുമായ സാഹചര്യങ്ങളിൽ മാത്രമേ അമേരിക്ക രക്ഷക്കെത്തുകയുള്ളൂ; ദൈവാനുഗ്രഹത്താൽ അത്തരം ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ. ഈ വകുപ്പ് ഒരുപക്ഷേ ക്യൂബൻ പൊതുജനങ്ങൾക്ക് തീർത്തും അജ്ഞാതമായി തുടർന്നേക്കാം, രാഷ്‌ട്രീയ ചരിത്ര വിദ്യാർഥികൾക്ക് മാത്രമേ ഇങ്ങനെയൊന്നിന്റെ നിലനിൽപ്പിനെക്കുറിച്ച് അറിവുണ്ടാവൂ.’ ഇതേതുടർന്ന് അക്ഷരാർഥത്തിൽ അമേരിക്കയുടെ ഒരു പിന്മുറ്റമായി മാറുകയായിരുന്നു ക്യൂബ. ഹോസെ മാർട്ടി മുൻകൂട്ടി പ്രവചിച്ചതുപോലെ, വറചട്ടിയിൽ നിന്ന് എരിതീയിലേക്കുള്ള മാറ്റം!

അമേരിക്കൻ നിർദേശാനുസരണം അംഗീകരിപ്പിച്ചെടുത്ത ഭരണഘടനയനുസരിച്ച് അമേരിക്കൻ മേൽനോട്ടത്തിൽ 1902‐ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് എസ്ട്രഡാ പാമ കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതെ വന്നപ്പോൾ കടുത്ത ജനകീയ രോഷമാണ് ഉയർന്നത്. അതിലും അമേരിക്ക ഇടപെടുന്നുണ്ട്. പാമയെ രാജിവെപ്പിക്കുന്നുണ്ട്. പക്ഷേ 1906‐ൽ പ്രൊവിൻഷ്യൽ ഗവർണറായി വില്യം ഹോവാഡ് ടാഫ്റ്റിനെയും തുടർന്ന് ചാൾസ് എഡ്വേഡ് മഗൂണിനെയും അമേരിക്കൻ പ്രസിഡന്റ്‌ റൂസ് വെൽറ്റ്‌ നേരിട്ട് നിയോഗിക്കുകയായിരുന്നു. അതിനെതിരെ സ്വാതന്ത്രേ ച്ഛുക്കളായ ദേശീയവാദികൾ ശബ്ദമുയർത്തിയെങ്കിലും അതിന് വലിയ ജനസ്വാധീനം നേടാനായില്ല. അമേരിക്കൻ നിയന്ത്രണത്തിൽത്തന്നെ നടന്ന 1909‐ലെ തെരഞ്ഞെടുപ്പിൽ ഹോസെ മിഗ്വൽ ഗോമസ് പ്രസിഡന്റായി ചുമതലയേറ്റു.

ഫിദൽ കാസ്ട്രോ, സഹോദരൻ റൗൾ കാസ്ട്രോ (ഇടത്), സഹ കമാൻഡർ കാമിലോ സീൻഫ്യൂഗോസ് (വലത്) എന്നിവരോടൊപ്പം ക്യൂബൻ വിപ്ലവകാലത്ത്ഫിദൽ കാസ്ട്രോ, സഹോദരൻ റൗൾ കാസ്ട്രോ (ഇടത്), സഹ കമാൻഡർ കാമിലോ സീൻഫ്യൂഗോസ് (വലത്) എന്നിവരോടൊപ്പം ക്യൂബൻ വിപ്ലവകാലത്ത്

മച്ചാഡോ ബാറ്റിസ്റ്റയ്‌ക്ക്

വഴിയൊരുക്കുന്നു


ഇതിനകം ക്യൂബയിൽ പൊതുജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നുണ്ടായിരുന്നു. 1912‐ ൽ ക്യൂബൻ ട്രെയ്ഡ് യൂണിയൻ ഫെഡറേഷൻ രൂപം കൊള്ളുന്നുണ്ട്. സോവിയറ്റ് യൂണിയൻ സ്ഥാപിതമായ ഉടനെ അതിന്റെ അലയൊലികൾ ക്യൂബയിലും എത്തുന്നുണ്ട്. 1925‐ൽ കമ്യൂണിസ്‌റ്റ്‌ പാർടി രൂപം കൊള്ളുന്നുണ്ട്. അതേവർഷം മെയ് മാസത്തിലാണ് മുസോളിനിയുടെ ആരാധകനായ ജെറാർദോ മച്ചാദോ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ലക്ഷണമൊത്ത ഒരേകാധിപതിയാവാൻ അത്തരമൊരാൾക്ക് ഒട്ടും പ്രയാസമുണ്ടാവില്ലല്ലോ. ഹോസെ മിഗ്വൽ ഗോമസിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന മച്ചാദോ പ്രസിഡന്റായതോടെ ജനകീയ പ്രതിഷേധങ്ങൾക്ക് മൂക്കുകയറിട്ടു. പത്രങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. പല പത്രങ്ങളും പൂട്ടിച്ചു. ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കി. സ്വാഭാവികമായും അമേരിക്കയുടെ എല്ലാ ആശീർവാദങ്ങളും അയാൾക്കുണ്ടായിരുന്നു, തിരിച്ചും.

30‐ലെ മഹാമാന്ദ്യം ക്യൂബയെയും ബാധിക്കാൻ തുടങ്ങി. ക്യൂബൻ പഞ്ചസാരയ്‌ക്ക് താരിഫ് വർധിപ്പിച്ചുകൊണ്ട് തങ്ങളുടെ വ്യാപാരതാൽപ്പര്യം സംരക്ഷിക്കാൻ അമേരിക്ക നിർബന്ധിതമായതോടെ പഞ്ചസാരക്കയറ്റുമതിക്ക് ഇടിവ് തട്ടാൻ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. തൊഴിലാളികളും വിദ്യാർഥികളും പ്രക്ഷോഭത്തിൽ അണിനിരന്നു. പട്ടാളം ഇടപെട്ടു. 1931‐ൽ പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമർത്താൻ മച്ചാദോവിന്റെ സൈന്യത്തിന് കഴിഞ്ഞു. രഹസ്യപ്പൊലീസ്‌ ഇളകിയാടി. ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടു. കോടതി ഇടപെട്ടെങ്കിലും മച്ചാദോ കുലുങ്ങിയില്ല. അമേരിക്കൻ പത്രങ്ങൾക്ക് മേൽ അയാൾ സെൻസറിങ്‌ ഏർപ്പെടുത്തി. അപ്പോഴും ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്ന ശാഠ്യത്തിലായിരുന്നു അമേരിക്കൻ സർക്കാർ.


മച്ചാദോവിന് സ്ഥാനഭ്രംശമുണ്ടായാൽ അത് അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരാവും എന്നായിരുന്നു മധ്യസ്ഥത്തിന് പ്രസിഡന്റ്‌ റൂസ് വെൽറ്റ് നിയോഗിച്ച സ്‌പെഷൽ അംബാസിഡർ നിരീക്ഷിച്ചത്. അത് ശരിയായിരുന്നുതാനും. മച്ചാദോ ഭരണത്തിന് മാത്രം എതിരായല്ല പ്രക്ഷോഭകാരികൾ രംഗത്തിറങ്ങിയത്. അമേരിക്കയുടെ "സാമ്പത്തിക സാമ്രാജ്യത്വം’ അവസാനിപ്പിക്കാൻകൂടിയാണ്. മുൻകാല പ്രക്ഷോഭങ്ങളിൽനിന്ന് രാഷ്‌ട്രീയ ഉള്ളടക്കത്താൽ വ്യത്യസ്‌തമായിരുന്നു ആ സമരം. പ്രക്ഷോഭകാരികൾ ഒരു പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. അവർ 36 പഞ്ചസാരക്കമ്പനികൾ പിടിച്ചെടുത്തു. ജനകീയാസ്വാസ്ഥ്യം വ്യാപിച്ചതോടെ പട്ടാളത്തിനെ ഇറക്കേണ്ടിവന്നു. തനിക്കും കുടുംബത്തിനും സ്വത്തുവകകൾക്കും യാതൊരു കഷ്ട നഷ്ടവും വരുത്തരുത് എന്ന വ്യവസ്ഥയിൽ മച്ചാദോ സ്ഥാനമൊഴിഞ്ഞ് വിമാനം കയറി.

കൊളോണിയൽ വാസ്തുവിദ്യകൊണ്ട്‌ സമ്പന്നമായ  ഹവാനയിലെ പാസിയോ ഡി മാർട്ടിയിലെ ഒരു തെരുവ് കൊളോണിയൽ വാസ്തുവിദ്യകൊണ്ട്‌ സമ്പന്നമായ ഹവാനയിലെ പാസിയോ ഡി മാർട്ടിയിലെ ഒരു തെരുവ്

അതിനുശേഷം അമേരിക്കൻ മധ്യസ്ഥത്തിൽ കാർലോസ് മാനുവൽ ഡി സെസ്‌പഡെസിനെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു. മച്ചാദോ നാടുവിട്ട് രക്ഷപ്പെടുന്നതിനിടയ്‌ക്ക് ഒരുദിവസ പ്രസിഡന്റായി ആൽബെർട്ടോ ഹെരേര ഫ്രാഞ്ചിയും വാഴിക്കപ്പെടുന്നുണ്ട്. കാർലോസ് മാനുവൽ സെസ്‌പഡെസിന്റെ ഭരണം അധികനാൾ തുടരാൻ പട്ടാളം അനുവദിച്ചില്ല.

23 ദിവസത്തിനകം ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ നേതൃത്വത്തിൽ ഒരു പട്ടാള അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുകയായിരുന്നു. 1933 സെപ്‌തംബറിലാണത്. ഒരു പെന്റാർക്കിയാണ് അഞ്ച്‌ ദിവസം ഭരണം നിയന്ത്രിച്ചത്. പട്ടാളം അതിനെ നിയന്ത്രിച്ചു. ബാറ്റിസ്‌റ്റ പട്ടാളത്തെ നിയന്ത്രിച്ചു. അത്തരമൊരാൾക്കാണ് തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാ നാവുക എന്നറിയാവുന്ന അമേരിക്ക ബാറ്റിസ്റ്റയെയും നിയന്ത്രിച്ചു.

1933‐ൽ പ്രസിഡന്റായി നിയുക്തനായ റമൺ ഗ്രാവു സാൻ മാർട്ടിന് അമേരിക്കൻ താൽപ്പര്യം വേണ്ടത്ര സംരക്ഷിക്കാനായില്ല. ക്യൂബയിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക്‌ കമ്പനി ഈടാക്കിയ അതിഭീമമായ ചാർജ് വെട്ടിക്കുറയ്‌ക്കണമെന്ന പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കാഞ്ഞതിനെത്തുടർന്ന് വൈദ്യുതി പ്ലാന്റ് തന്നെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ബാറ്റിസ്‌റ്റയ്‌ക്കും അമേരിക്കയ്‌ക്കും സഹിക്കാനായില്ല അത്. പട്ടാളം ഇടപെട്ടു. ബാറ്റിസ്‌റ്റയുടെ നിർദേശപ്രകാരം പ്രസിഡന്റ്‌ രാജി വയ്‌ക്കാൻ നിർബന്ധിതനായി. പിന്നെ മൂന്ന്‌ ദിവസത്തേക്ക് പ്രസിഡന്റായത് കാർലോസ് ഹെവിയ ആണ്. അയാളെ മാറ്റി സ്വന്തക്കാരനായ കേണൽ കാർലോസ് മെൻഡീറ്റയെ പ്രസിഡന്റായി അവരോധിക്കുകയാണ് ബാറ്റിസ്റ്റ. ഗ്രാവുവിനെക്കൊണ്ടുള്ള എടങ്ങേറൊന്നുമുണ്ടാവില്ല മെൻഡീറ്റയിൽനിന്ന് എന്നറിയാവുന്ന പട്ടാളവും അമേരിക്കയും അദ്ദേഹത്തിന് പൂർണപിന്തുണ നൽകി.

ജനങ്ങളാകട്ടെ, പൊറുതികെട്ടിരുന്നു. നിരന്തരമായ പണിമുടക്കങ്ങളും വിപ്ലവകരമായ മുന്നേറ്റങ്ങളും കൂടിക്കൂടി വന്നു. 1935 മാർച്ചിൽ നടന്ന പൊതുപണിമുടക്കത്തിനു നേരെ പട്ടാളം നിർദാക്ഷിണ്യം കടന്നാക്രമണങ്ങൾ അഴിച്ചുവിട്ടു. 100 പേർ രക്തസാക്ഷികളായി. ഇതിനകം സൈന്യത്തിലും പുറത്തും ബാറ്റിസ്റ്റ പിടിമുറുക്കുകയായിരുന്നു. ഡിസംബറിൽ മെൻഡീറ്റ രാജിവച്ചു. 1936‐ൽ ബാറ്റിസ്റ്റ പിന്നണിയിൽ കരുക്കൾ നീക്കിക്കൊണ്ട് മിഗ്വൽ ഗോമസിനെ പ്രസിഡന്റാക്കി. 1940‐ലാണ് അതു വരെ തെളിവിൽ പട്ടാളത്തെയും ഒളിവിൽ ഭരണത്തെയും നിയന്ത്രിച്ചിരുന്ന ബാറ്റിസ്‌റ്റ പരസ്യമായി ഭരണത്തിൽ നേരിട്ടിടപെടാനായി പ്രസിഡന്റാവുന്നത്.


ചിബാസ് പ്രവചിച്ച ദുരന്തം


ബാറ്റിസ്റ്റ 1944‐ൽ പ്രസിഡന്റ്‌ പദവി ഒഴിഞ്ഞെങ്കിലും പിന്നെ നടന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാനായില്ല. പ്രസിഡന്റ്‌ പദവിയിലിരുന്ന് സമ്പാദിച്ചുകൂട്ടിയ വൻ തുകയുമായി ബാറ്റിസ്‌റ്റ ഫ്ലോറിഡയിലേക്ക് ചേക്കേറി. പ്രവാസജീവിതം നയിക്കുമ്പോൾത്തന്നെ അദ്ദേഹം ക്യൂബൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനൊക്കെയുള്ള സ്വാധീനവും ആൾബലവും ഉള്ളതുകൊണ്ടാണല്ലോ അസാന്നിധ്യത്തിലും ജനപ്രതിനിധിയായിത്തീരാനായത്.

1952‐ൽ കാർലോസ് പ്രിയോ സൊകാറസ് പ്രസിഡന്റ് ആയിരിക്കെ, ക്യൂബയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട ബാറ്റിസ്റ്റ ഒരു പുതിയ പാർടിക്ക് രൂപം നൽകുകയും അടുത്ത തെരഞ്ഞെടുപ്പിൽ താൻ പ്രസിഡന്റായി മത്സരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കാർലോസ് പ്രിയോ കടുത്ത കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും യൂണിയൻ പൊളിയനുമായിരുന്നതുകൊണ്ട് ബാറ്റിസ്‌റ്റയുടെ വരവിൽ പലരും സന്തുഷ്ടരായിരുന്നെങ്കിലും അയാൾ തനിനിറം കാട്ടാൻ അധികസമയമെടുത്തില്ല.

ഓർത്തഡോക്സ് പാർടി നേതാവും ഫിദൽ കാസ്ട്രോവിന്റെ അഭിവന്ദ്യ ഗുരുവുമായിരുന്ന എഡ്‌വേഡോ ചിബാസ്, വരാനുള്ള ദുരന്തം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഹവാനയിൽ തന്റെ പതിവ് റേഡിയോ പ്രഭാഷണത്തിനായി സ്‌റ്റുഡിയോയിലെത്തിയ ചിബാസ് 1951 ആഗസ്‌ത്‌ 5‐ന് ക്യൂബൻ മന്ത്രിയുടെ അഴിമതി സംബന്ധിച്ച് പ്രസ്‌താവന നടത്തുമെന്നാണ് പറഞ്ഞതെങ്കിലും ബാറ്റിസ്‌റ്റ ഒരു പട്ടാള അട്ടിമറിക്ക് തയ്യാറെടുക്കുകയാണ് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ലക്ഷങ്ങളാണ് അദ്ദേഹത്തിന് ആദരമർപ്പിച്ച വിലാപയാത്രയിൽ പങ്കെടുത്തത്. 1952‐ ൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പിൽ ജയിച്ചു വരാൻ സാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു ചിബാസ്.

അദ്ദേഹം പ്രവചിച്ചതുപോലെ, ഏഴ്‌ മാസങ്ങൾക്ക് ശേഷം, 1952 മാർച്ച് 10‐ന് ബാറ്റിസ്‌റ്റ അധികാരം പിടിച്ചെടുത്തു. അതറിയേണ്ട താമസം, അമേരിക്ക പുതിയ ഭരണത്തെ അംഗീകരിച്ചു. സർവാത്മനാ പിന്തുണച്ചു. അയാളാകട്ടെ, ആദ്യം കൈക്കൊണ്ട നടപടി 1940‐ലെ പുതുക്കിയ ഭരണഘടന റദ്ദാക്കുകയായിരുന്നു. എല്ലാ അധികാരങ്ങളും തന്നിലേക്ക്. അതിന് കണക്കായി പുതിയ നിയമ നിർമാണങ്ങളും നടത്തി. അമേരിക്കൻ മൂലധന താൽപ്പര്യത്തിനിണങ്ങിയ മട്ടിലായിരുന്നു അവയിൽ മിക്കതും. ക്യൂബ അക്ഷരാർഥത്തിൽ പാപ്പരാവുകയായിരുന്നു. 1952 മാർച്ചിൽ ബാറ്റിസ്‌റ്റ അധികാരമേറ്റ അന്നത്തേതിന്റെ നാലിരട്ടിയായിരുന്നു അധികാരം വിട്ടൊഴിയുമ്പോഴുള്ള ദേശീയ കടം.

ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെ ഹവാനയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പുറത്ത്  ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ഫിദൽ കാസ്ട്രോക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെ ഹവാനയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പുറത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ഫിദൽ കാസ്ട്രോ

ആ ഫോൺ പറയും

ബാറ്റിസ്‌റ്റയുടെ കഥ


അമേരിക്കൻ ഉടമസ്ഥതയിലുള്ള ക്യൂബൻ ടെലിഫോൺ കമ്പനിയുടെ സേവനങ്ങൾക്കുള്ള ചാർജ് കുത്തനെ കൂട്ടിക്കൊടുത്തതിന്റെ പ്രത്യുപകാരമായി അമേരിക്കൻ അംബാസിഡർ വഴി കമ്പനി ബാറ്റിസ്‌റ്റയ്‌ക്ക് സമ്മാനിച്ചത് ഒരു സ്വർണത്തിന്റെ ടെലിഫോണായിരുന്നു. കട്ടി സ്വർണംകൊണ്ട് നിർമിച്ച കനപ്പെട്ട ഒരുരുപ്പടി. ഹവാനയിലെ വിപ്ലവ മ്യൂസിയത്തിൽ അത് ഇന്നും വെട്ടിത്തിളങ്ങി നിൽപ്പുണ്ട്!

അധികാരമേറ്റ ഉടനെ എല്ലാ രാഷ്‌ട്രീയ പാർടികളും പിരിച്ചുവിട്ട് ജനാധിപത്യാവകാശങ്ങളാകെ റദ്ദാക്കുകയായിരുന്നു ബാറ്റിസ്‌റ്റ. 1940‐ലെ ഭരണഘടന പുനഃസ്ഥാപിക്കുന്നതുവരെ തങ്ങൾ ക്ലാസിലേക്കില്ല എന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റിയിലേക്ക് കയറിപ്പോവുന്ന പടവുകളിൽ സ്ഥാപിച്ച ഭരണഘടനയുടെ "ശവപ്പെട്ടി’ക്ക് അവർ നാല് ദിവസം കാവലിരുന്നു. പട്ടാളം ഒട്ടും അമാന്തിക്കാതെ കുട്ടികളെ വെടിവച്ചുകൊന്നു. രക്ഷിതാക്കളെ മർദിച്ചൊതുക്കി. പ്രതിഷേധിച്ച ആയിരക്കണക്കിന് ക്യൂബക്കാരെയാണ് ബാറ്റിസ്‌റ്റയുടെ പട്ടാളം കൊന്നുതള്ളിയത്.


മൂന്നുവഴി മര്യാദക്കാർ

തമ്മിൽ മാത്രം


അത്തരമൊരവസരത്തിൽ ജനാധിപത്യവാദികൾക്ക് മുന്നിൽ സായുധസമരമല്ലാതെ വഴികളുണ്ടായിരുന്നില്ല. എഡ്‌വേഡോ ചിബാസിന്റെ ഓർത്തഡോക്സ് പാർടിയിൽ ആകൃഷ്ടനായിരുന്ന ഫിദൽ കാസ്ട്രോയും കൂട്ടരും കമ്യൂണിസ്റ്റ് പാർടിക്കാർക്കും സോഷ്യലിസ്‌റ്റുകൾക്കുമൊപ്പം ഒരു സായുധ സംഘത്തിന് രൂപം നൽകി. 1953 ജൂലൈ 26‐ന് സൈനികത്താവളമായ മൊൻകാഡോ ആക്രമിച്ചുകൊണ്ടാണ് സംഘം വിപ്ലവപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ഏറ്റുമുട്ടൽ പട്ടാളത്തിന് കനത്ത ഷോക്കാണ് ഉണ്ടാക്കിയതെങ്കിലും വിപ്ലവ സംഘത്തിനും വലിയ പരിക്കുകൾ നേരിട്ടു. 165 വിപ്ലവകാരികളാണ് കൊല്ലപ്പെട്ടത്. ഫിദൽ കാസ്ട്രോയെയും സംഘത്തെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. സൈനിക ക്കോടതി 15 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. കോടതിയിലെ വിചാരണ സ്വന്തം ആശയം പ്രക്ഷേപണം നടത്താനായുള്ള അവസരമാക്കി മാറ്റുകയായിരുന്നു ഫിദൽ. സ്വന്തം കേസ് വാദിച്ചുകൊണ്ട് അദ്ദേഹം നടത്തിയ "ചരിത്രം എന്നെ കുറ്റക്കാരനല്ല എന്ന് വിധിക്കും’ എന്ന സുദീർഘപ്രസ്‌താവന തടവറകളെ ദേദിച്ചു കൊണ്ട് ലോകത്തെങ്ങും അലയൊലികൊണ്ടു. ജനകീയ പ്രതിരോധവും ലോക പൊതുജനാഭിപ്രായവും കാരണം കാസ്ട്രോയെയും സഖാക്കളെയും 11 മാസത്തിനകം മോചിപ്പിക്കാൻ ബാറ്റിസ്റ്റ നിർബന്ധിതനായി.


ജൂലൈ 26 പ്രസ്ഥാനം


ജയിൽ മോചിതരായ വിപ്ലവകാരികൾ മെക്സിക്കോവിലേക്ക് കടന്ന് അവിടം കേന്ദ്രീകരിച്ച്, മൊൺകാഡോ ആക്രമണത്തിന്റെ ഓർമയ്‌ക്കായി "ജൂലൈ 26’ പ്രസ്ഥാനത്തിന് രൂപംകൊടുത്തു. അവിടെ വച്ചാണ് വിശ്വവിപ്ലവകാരി അർജന്റീനക്കാരനായ ചെഗുവേര സംഘത്തോടൊപ്പം ചേരുന്നത്. ആളും ആയുധങ്ങളും സംഘടിപ്പിച്ചുകൊണ്ട് അതിസാഹസികമായി ആ പോരാളികൾ ഗ്രാൻമ എന്ന ഒരു കൊച്ചു യാത്രാബോട്ടിൽ ക്യൂബയിലേക്ക് തിരിക്കുകയാണ്. ബോട്ടിൽ കയറിയ ചെ കാസ്ട്രോവിനോട് ചോദിക്കുന്നുണ്ടായിരുന്നു, തങ്ങൾക്ക് കയറാനുള്ള കപ്പൽ കടലിൽ ഏറെ അകലെയാണോ എന്ന്! അത്രയും ചെറിയ ഒരു നൗകയിൽ, ഇത്രയും ദീർഘമായ യാത്ര പ്ലാൻ ചെയ്യുന്ന കാര്യം അതിസാഹസികനായ ചെ ഗുവേരയ്‌ക്ക് പോലും ഉൾക്കൊള്ളാനായില്ല എന്നർഥം.

1956 നവംബർ 24‐നാണ് 82 അംഗസംഘം മെക്‌സിക്കോ വിടുന്നത്. കടൽച്ചുഴികളെയും കൊടുംവിശപ്പിനെയും അതിജീവിച്ച് അതിസാഹസികമായി അവർ ക്യൂബൻ തീരത്തെത്തി. സെയ്റാ മെയ്സ്ട്രാ പർവതപ്രദേശത്ത് ഒളിത്താവളമൊരുക്കി ഗറില്ലാ പരിശീലനവും സാക്ഷരതാ പ്രവർത്തനവും അവർ ഏറ്റെടുത്തു.

സായുധ സംഘട്ടനം ഒഴിവാക്കാനായി ബാറ്റിസ്റ്റയ്‌ക്ക് മുന്നിൽ അവർ ഒരു നിർദേശം വച്ചു: എല്ലാ രാഷ്‌ട്രീയ തടവുകാരെയും മോചിപ്പിക്കുക, തെരഞ്ഞെടുപ്പ് മൂന്ന്‌ മാസത്തിനകം നടത്തുക, ബാറ്റിസ്‌റ്റ അധികാരമൊഴിയുക എന്നിവയായിരുന്നു വ്യവസ്ഥകൾ. നാട്ടുമ്പുറങ്ങളിലും പട്ടണങ്ങളിലും ജനങ്ങൾ ഹർഷാരവത്തോടെയാണ് വിപ്ലവ സംഘത്തിന്റെ തീരുമാനങ്ങളെ സ്വാഗതം ചെയ്‌തത്. ജനം കനത്ത പിന്തുണ നൽകി. ഹവാനയിലേക്കുള്ള വഴിയിലൂടെ മാർച്ച്ചെയ്‌തുപോവുന്നതനുസരിച്ച് വിപ്ലവസേനയിൽ ആളുകൾ കൂടിക്കൂടി വന്നു. ബാറ്റിസ്‌റ്റയുടെ പട്ടാളം വഴിനീളെ തീയുണ്ടകൾ വിതറി യാത്രാതടസ്സം സൃഷ്ടിക്കാൻ നോക്കിയിട്ടും അതൊന്നും കൂസാതെ വിപ്ലവകാരികളുടെ ആയുധവും വഹിച്ചുള്ള വാനുകൾ മുന്നോട്ട് നീങ്ങി. ആ വാഹനങ്ങളിൽ ചിലത്, അതേ വെടിയുണ്ടത്തുളകളോടെ ഇപ്പോൾ വിപ്ലവ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്.

വിപ്ലവസേന സയ്റെ മെയ് സ്ട്രയിൽനിന്ന് തലസ്ഥാന നഗരമായ ഹവാനയിലെത്തുന്നതിനിടയ്‌ക്ക് തൊഴിലാളികൾ പണിമുടക്കിയും വിദ്യാർഥികൾ പഠിപ്പ് മുടക്കിയും അവർക്കൊപ്പം ചേർന്നു. ഒരു തോക്കിനും നിയന്ത്രിക്കാനാവാത്ത ബഹുജനരോഷം ഒഴുകിപ്പരന്നപ്പോൾ ബാറ്റിസ്റ്റ, കുഞ്ഞ് അമ്മയുടെ മാറിലേക്കെന്നപോലെ വീണ്ടും അമേരിക്കയെ അഭയം പ്രാപിച്ചു.

ഫിദൽ കാസ്ട്രോ തന്റെ ഇളയ മകൻ ഫിദൽ കാസ്ട്രോ  ഡയസ്- ബാലാർട്ടിനൊപ്പം ഫിദൽ കാസ്ട്രോ തന്റെ ഇളയ മകൻ ഫിദൽ കാസ്ട്രോ ഡയസ്- ബാലാർട്ടിനൊപ്പം

പുതിയൊരു ക്യൂബ


1959 ജനവരി ഒന്നിന് വിപ്ലവ ശക്തികൾ വിജയിച്ചതോടെ കാസ്‌ട്രോയുടെ നേതൃത്വത്തിൽ ക്യൂബൻ ചരിത്രം പുതിയൊരധ്യായം ചമയ്‌ക്കുകയായിരുന്നു. അമേരിക്കയുടെ അടുക്കള മുറ്റമായിരുന്ന ക്യൂബ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്യൂബൻ പ്രസിഡന്റിനേക്കാൾ സ്ഥാനം അമേരിക്കൻ അംബാസിഡർക്കായിരുന്നു എന്ന അവസ്ഥയാണ് മാറിയത്. അമേരിക്കൻ മൂലധന താൽപ്പര്യങ്ങളല്ല, ക്യൂബൻ ജനതയുടെ ഉത്തമ താൽപ്പര്യങ്ങളാണ് സംരക്ഷിക്കുക എന്ന് വിപ്ലവ ഗവൺമെന്റ് തെളിയിച്ചുകൊണ്ടിരുന്നു. വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ദേശസാൽക്കരിക്കപ്പെട്ടു. കൃഷിഭൂമിയിൽ അള്ളിപ്പിടിച്ചിരുന്ന കുത്തക മൂലധന താൽപ്പര്യം അറുത്തെറിയപ്പെട്ടു. ഖനിത്തൊഴിലാളികളേക്കാൾ എണ്ണത്തിൽ കൂടുതലായിരുന്നു വിപ്ലവപൂർവ ക്യൂബയിൽ വേശ്യകളുടെ എണ്ണം. വേശ്യാവൃത്തി നിരോധിക്കപ്പെട്ടു. ചൂതാട്ട കേന്ദ്രങ്ങൾക്ക് താഴ് വീണു. പുതിയൊരു ക്യൂബ പിറവികൊണ്ടു. വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവർക്കും സൗജന്യമാക്കി.


സ്വാഭാവികമായും പിറന്നുവീണ പുതിയ ക്യൂബ തങ്ങളുടെ തന്നെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ സാമ്രാജ്യത്വ ഭീകരർ പഴയ കംസന്റെ മട്ടിലായി പെരുമാറ്റം. അമേരിക്കയ്‌ക്ക് സ്വന്തം അടുക്കളമുറ്റമാണ് നഷ്ടമാവുന്നത്. സ്വത്ത് നഷ്ടപ്പെട്ടവർക്കും പദവി പോയവർക്കുമൊക്കെ അഭയം നൽകി അവരെ ഉപയോഗിച്ച് അട്ടിമറി പ്രവർത്തനം നടത്താൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ നിയോഗിക്കപ്പെട്ടു. പ്രസിഡന്റ്‌ കാസ്ട്രോയെ കൊന്നാൽ തീരുന്നതാണ് വിപ്ലവ ക്യൂബ എന്നു കരുതി നൂറുകണക്കിന് വധശ്രമങ്ങളാണ് അദ്ദേഹത്തിനു നേരെ നടന്നത്. ബേ ഓഫ് പിഗ്സ് ആക്രമണം വഴി ക്യൂബയെന്ന നവജാത ശിശുവിനെ നശിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമത്തെ കാസ്ട്രോയും കൂട്ടരും നേരിട്ടത് ജനങ്ങളെ അണിനിരത്തിയാണ്. അങ്ങനെത്തന്നെയാണ് അട്ടിമറി ശ്രമങ്ങളെയും കുത്തിത്തിരുപ്പുകളെയും നേരിട്ടതും. ഫ്ലോറിഡയിലെ മിയാമിയിൽ തമ്പടിച്ചുകൊണ്ട് പ്രവാസികളായിക്കഴിയവേ, എന്നെങ്കിലുമൊരിക്കൽ പഴയ പ്രതാപം വീണ്ടെടുത്ത് ക്യൂബയിലേക്ക് മടങ്ങാമെന്ന് കരുതി, വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം നൽകാൻ തയ്യാറായ ഒരു സംഘത്തെ ബ്രദേഴ്സ് ടു റെസ്‌ക്യു എന്ന പേരിൽ ഒരുക്കി നിർത്തിയത് സിഐഎയാണ്. മിയാമി കേന്ദ്രമാക്കി പ്രവർത്തിച്ച ആ അട്ടിമറി സംഘത്തിന്റെ രഹസ്യ വിവരങ്ങൾ തത്സമയം മണത്തറിഞ്ഞ് ഹവാനയിലേക്ക് വിവരമെത്തിക്കാനായി അതിസമർഥരായ ഒരു കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തെ സജ്ജമാക്കിക്കൊണ്ടാണ് ക്യൂബ ഇതിനോട് പ്രതികരിച്ചത്. 90 കിലോമീറ്റർ മാത്രം ദൂരെ കിടക്കുന്ന ഒരു കൊച്ചു ദ്വീപരാഷ്‌ട്രത്തെ സൈനികമായി തകർത്തെറിയുക അത്ര എളുപ്പമല്ല, അത്രക്കേറെ സോഷ്യലിസ്റ്റാശയങ്ങൾ ആ ജനതയിലേക്കാകെ കിനിഞ്ഞിറങ്ങിയിരിക്കുന്നു എന്നറിയാവുന്നതു കൊണ്ടാണ് അമേരിക്ക കുത്തിത്തിരുപ്പുകളുടെയും അട്ടിമറികളുടെയും വഴി തെരഞ്ഞെടുത്തത്. ക്യൂബയുടെ പ്രധാന വരുമാന സ്രോതസ്സുകളായ പഞ്ചസാര വ്യവസായത്തിനും ടൂറിസ്റ്റ് സംരംഭങ്ങൾക്കും കനത്ത പരിക്കേൽപ്പിക്കാൻ അമേരിക്ക പദ്ധതിയിട്ടു. അമേരിക്ക വേണ്ടെന്നുവച്ച ക്യൂബൻ പഞ്ചസാര യത്രയും വാങ്ങിച്ചുകൊണ്ടാണ് സോവിയറ്റ് യൂണിയൻ ഇതിനോട് പ്രതികരിച്ചത്. അമേരിക്ക ക്യൂബയിൽ ഇടപെടുന്നപക്ഷം തങ്ങളും മിസൈലുകളിറക്കി പ്രതിരോധിക്കും എന്ന് മോസ്‌കോ തെളിയിച്ചു കാട്ടിയപ്പോഴാണ് സാമ്രാജ്യത്വ വാദികൾ അതിൽനിന്ന് പിന്തിരിഞ്ഞത്.


ഉപരോധങ്ങൾ


സൈനികമായും രാഷ്‌ട്രീയമായും അത്ര എളുപ്പത്തിൽ തോൽപ്പിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണ് സാമ്പത്തികമായി ക്യൂബയെ ഞെരിക്കാൻ അമേരിക്ക ശ്രമിക്കുന്നത്. ആറരപ്പതിറ്റാണ്ടു കാലത്തെ ഉപരോധമാണ് അവർ ക്യൂബയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത്. 1917‐ലെ ശത്രുക്കളുമായുള്ള കച്ചവടം സംബന്ധിച്ച Trading with the Enemy Act ഉം 1961‐ലെ വിദേശസഹായ നിയമവും (Foreign Assistance Act) പ്രകാരം തയ്യാറാക്കിയ 1962‐ലെ Cuban Assets Control Regulations (CACR) വഴിയാണ് അമേരിക്കയിലുള്ള എല്ലാ ക്യൂബൻ ആസ്‌തികളും മരവിപ്പിച്ചത്. ക്യൂബയുമായുള്ള ധനപരവും വാണിജ്യപരവുമായ എല്ലാ ഇടപാടുകളും അതുവഴി നിരോധിക്കുകയായിരുന്നു. അമേരിക്കയിലേക്കുള്ള ക്യൂബൻ കയറ്റുമതി അപ്പാടെ തടഞ്ഞു. ക്യൂബയുമായി ഡോളറിൽ ഇടപാട് നടത്തുന്നതിൽനിന്ന് അമേരിക്കക്കാരും അല്ലാത്തവരുമായ മനുഷ്യരെ തടഞ്ഞു. അമേരിക്കൻ ഘടകസാമഗ്രികളോ, സാങ്കേതികവിദ്യയോ, പാറ്റന്റവകാശമോ 10 ശതമാനത്തിലേറെയുള്ള ചരക്കുകളൊന്നും ക്യൂബയിലേക്ക് കയറ്റുമതി ചെയ്യരുത് എന്നായി നിരോധനം.

1982‐ലാണ് അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ ക്യൂബയെ ഭീകര രാഷ്‌ട്രമായി (State Sponsor of Terrorism -SSOT) പ്രഖ്യാപിച്ചത്. വീണ്ടും 2021‐ലും 2025‐ലും അത് ആവർത്തിക്കുകയും ചെയ്‌തു. അത് തുടരുന്നതിന്റെ ഫലമായി അതികർക്കശമായ വ്യവസ്ഥകളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്.

ക്യൂബൻ ഉപരോധകാര്യത്തിൽ തങ്ങൾ പറയുന്നതപ്പടി അനുസരിക്കാത്ത അന്താരാഷ്‌ട്ര ബാങ്കുകൾക്ക് കനത്ത പിഴയാണ് അമേരിക്ക ചുമത്തിയത്. അതിൻപടി 2021‐ന് ശേഷം 200 വിദേശബാങ്കുകളാണ് ക്യൂബയുമായുള്ള ബന്ധം വിച്ഛേദിക്കാൻ നിർബന്ധിതമായത്.

ഹവാനയിലെ തെരുവിൽ പരമ്പരാഗത സംഗീതജ്ഞരുടെ ഒത്തുചേരൽഹവാനയിലെ തെരുവിൽ പരമ്പരാഗത സംഗീതജ്ഞരുടെ ഒത്തുചേരൽ

ഇങ്ങനെ നാനാവിധത്തിൽ ശ്വാസംമുട്ടിച്ച് ക്യൂബൻ സമ്പദ് വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ ഭാഗമായി വലിയ വ്യാപാരക്കമ്മിയാണ് വന്നുപെട്ടത്. ആകാവുന്ന കയറ്റുമതി മുഴുവൻ നടത്തിയിട്ടും 2024‐ ൽ 536.8 കോടി ഡോളറാണ് ഇറക്കുമതിച്ചെലവിനായി ക്യൂബ കൂടുതലായി കണ്ടെത്തേണ്ടിവന്നത്.

ഇതാകട്ടെ നിത്യജീവിതം ദുരിതമയമാക്കിത്തീർക്കുകയാണ്. അവശ്യവസ്‌തുക്കളുടെ വില കുതിച്ചു കയറുന്നു. ഭക്ഷ്യ ദൗർലഭ്യം സ്ഥിതി കൂടുതൽ വഷളാക്കുന്നു.

വിദേശങ്ങളിൽനിന്ന് ബന്ധുക്കളയക്കുന്ന കാശ് അമേരിക്കൻ ഉപരോധത്തിന്റെ പരിധിയിൽ പെടില്ല. പക്ഷേ വെസ്റ്റേൺ യൂണിയൻ പോലുള്ള റെമിറ്റൻസ് സേവനങ്ങൾ 2025 ഫെബ്രുവരിയോടെ അവസാനിപ്പിച്ചതോടെ, അതിനും വിലക്ക് വീണ മട്ടാണ്.

ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടതും യാത്രാ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചതും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പരിമിതപ്പെടുത്തിയതും കാരണം ക്യൂബയിലേക്കുള്ള ടൂറിസം തകർച്ചയെ നേരിടുകയാണ്. രാജ്യത്തെ മൊത്തം ജിഡിപിയുടെ 10 ശതമാനം സംഭാവന നൽകുന്ന ഒരു മേഖലയെയാണ് ഇങ്ങനെ അംഗഭംഗപ്പെടുത്തുന്നത്.

അമേരിക്കൻ ഉപരോധം ഭയന്ന് ക്യൂബയിലേക്ക് ചരക്കുകൾ അയക്കാൻ വിദേശക്കമ്പനികൾ മടിക്കുകയാണ്. ഏറ്റ കയറ്റുമതി തന്നെയും ഏത് നിമിഷവും മുടങ്ങിയേക്കാം എന്ന ഭീതി നിലനിൽക്കെ, ദീർഘകാല പ്ലാനിങ്ങിനുള്ള സാധ്യത ഇല്ലാതായി. പാലും പാലുൽപ്പന്നങ്ങളും ബീഫും പോർക്കുമടക്കം മിക്ക ഭക്ഷ്യസാധനങ്ങളുടെയും ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇറക്കുമതി സാധ്യമായ ഇനങ്ങൾക്ക് തന്നെ 45 ദിവസം മുൻകൂറായി കാശടയ്‌ക്കണം, അതിന്റെ സപ്ലയർമാർക്ക് പ്രത്യേക ലൈസൻസുണ്ടായിരിക്കണം. വളഞ്ഞവഴിക്ക് നാടൊക്കെ ചുറ്റിയേ സാധനം ക്യൂബയിലെത്തൂ താനും.

സാമ്പത്തിക ഞെരുക്കം കാരണം കാശിന് ബുദ്ധിമുട്ടുന്ന ഒരു ഗവൺമെന്റിന് സ്വാഭാവികമായും പശ്ചാത്തല സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. പവർ പ്ലാന്റുകളും ശുദ്ധജല പദ്ധതികളും റോഡുകളും കെട്ടിടങ്ങളും എല്ലാം തന്നെ നവീകരണത്തിന്റെ അഭാവത്തിൽ തകർച്ച നേരിടുകയാണ്. ഇതിന്റെ ഭാഗമായി 18/20 മണിക്കൂർ ‘ലോഡ് ഷെഡ്ഡിങ്ങിന് നിർബന്ധിതമാവുകയാണ് ക്യൂബ. 95,555 രോഗികൾ ജനറൽ സർജറിക്കായി കാത്തിരിക്കുകയാണ്. ​5152 പേരാണ് അർബുദ ശസ്‌ത്രക്രിയക്കായി കാത്തിരിക്കുന്നത്. 2888 ക്യൂബക്കാർ ഹീമോഡയാലിസിസ് ചികിത്സയിലാണ്; അനുബന്ധ സാമഗ്രികളുടെ കുറവ് കാരണം ഡയാലിസിസ് കിറ്റുകൾ വീണ്ടും ഉപയോഗിക്കേണ്ടിവരുന്നു. കുടിവെള്ള ലഭ്യത ഗണ്യമായി തടസ്സപ്പെടുകയാണ്.

ഇതിന്റെ നടുക്കാണ് നിരാശരായ സാങ്കേതിക വിദഗ്ധരുടെ ഒന്നിച്ചുള്ള കുടിയൊഴിച്ചു പോകലും മസ്‌തിഷ്‌ക ചോർച്ചയും. ഇതിന്റെ ഫലമായി ആരോഗ്യ,- വിദ്യാഭ്യാസ മേഖലകളിൽ 30 മുതൽ 50 ശതമാനംവരെ തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.

ഇങ്ങനെ സകല മേഖലകളിലും വിനാശം വിതയ്‌ക്കുന്ന അതിനീചമായ ഉപരോധം ഏർപ്പെടുത്തുന്നത് നിലവിലുള്ള അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് യുഎൻ റാപ്പർട്ടിയർ തന്നെ പറയുന്നുണ്ട്. തങ്ങളുടെതിൽനിന്ന് വ്യത്യസ്‌തമായ ഒരു ഭരണക്രമം പിന്തുടരുന്നു എന്ന ഒറ്റക്കുറ്റം ചുമത്തി ക്യൂബക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത ഈ ആക്രമണത്തെ അപലപിക്കാനും ക്യൂബയ്‌ക്ക് സാമ്പത്തിക സഹായം എത്തിക്കാനും ജനാധിപത്യ സമൂഹമാകെ ഒന്നിച്ചുയരേണ്ട സമയമായിരിക്കുന്നു എന്നു തന്നെയാണ് ഐക്യരാഷ്‌ട്ര സഭയുടെ നിലപാടും.


പുതിയ ആക്രമണങ്ങൾ


ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഘടനവാദികളുടെ സംഘടനയായ ബ്രദേഴ്സ് ടു റെസ്‌ക്യുവിന്റെ നേതൃത്വത്തിൽ ക്യൂബൻ അതിർത്തി ലംഘിച്ച് പലതവണ പറന്ന് കാസ്ട്രോ വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്‌തു കൊണ്ടിരുന്ന വൈമാനികരെ വെടിവച്ചു വീഴ്‌ത്തിയതിന്റെ പേരിൽ അന്നത്തെ സൈനിക മേധാവിയായ റൗൾ കാസ്ട്രോയെ കുറ്റവാളിയെന്ന് കണ്ടെത്തി നടപടികളുമായി മുന്നോട്ട് പോവുകയാണ് അമേരിക്ക. സിഐഎ പിന്തുണയുള്ള ഏത് ചാരസംഘടനയ്‌ക്കും ഏത് രാജ്യാതിർത്തിയും ലംഘിച്ച് എന്ത് വിധ്വംസക പ്രവർത്തനവും നടത്താമെന്നാണ് അതുവഴി അമേരിക്ക പറയുന്നത്. രാജ്യങ്ങളുടെ പരമാധികാരം വകവച്ചു കൊടുക്കാൻ തയ്യാറല്ല തങ്ങൾ എന്ന് വെനസ്വേലയിൽ തെളിയിച്ചുകാട്ടിയവർ ക്യൂബയെയാണ് അടുത്ത ലക്ഷ്യമാക്കുന്നത്. അതിർത്തി ലംഘിച്ച് ക്യൂബയിലേക്ക് കടന്ന് അവിടത്തെ വ്യോമസേനയെ വെല്ലുവിളിച്ച ഭീകരവാദികളായ വൈമാനികരെ വെടിവച്ചതിന്റെ പേരിൽ ക്യൂബൻ ഗവൺമെന്റിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഫ്ലോറിഡയിലെ ഒരു കോടതിയിൽനിന്ന് അമേരിക്ക ഉത്തരവ് നേടുകയും അതുപ്രകാരം അമേരിക്കൻ ബാങ്കിലുണ്ടായിരുന്ന 490 ലക്ഷം ഡോളർ ക്യൂബൻ നിക്ഷേപം പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട് അന്ന്. അതും പോരാഞ്ഞാണ് ഇപ്പോൾ റൗൾ കാസ്ട്രോയെ കുറ്റവാളിയാക്കി നടപടിക്ക് മുതിരുന്നത്! ശുദ്ധ തെമ്മാടിത്തമാണത് എന്ന് ലോകം വിലയിരുത്തുമ്പോഴാണ്, അതിലും വലിയ കടന്നാക്രമണവുമായി അമേരിക്ക ഇറങ്ങിപ്പുറപ്പെട്ടത്.

അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപാർട്ട്മെന്റ് ഈയിടെ പുറത്തിറക്കിയ ഒരു രേഖയിൽ (cuba: The capital of 21st century communism) ക്യൂബയെ വീണ്ടും ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കുകയാണ്. ക്യൂബ അമേരിക്കക്കെതിരെ നടത്തിയ പോരാട്ടം അടിസ്ഥാനപരമായി സാമ്പത്തിക നയങ്ങളെയോ, പരമാധികാരത്തെയോ, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക പ്രദേശത്തിന്റെ ഉടമസ്ഥാവകാശത്തെയോ ചൊല്ലിയുള്ള തർക്കമായിരുന്നില്ലെന്നും അത് യഥാർഥത്തിൽ പാശ്ചാത്യ നാഗരികതക്കെതിരായ ഒരു വിപ്ലവമായിരുന്നു എന്നുമാണ് പുതിയ കണ്ടെത്തൽ. പാശ്ചാത്യ രാജ്യങ്ങളിലെ യുവതലമുറയെ അവരുടെ സ്വന്തം ചരിത്രപാരമ്പര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനുമെതിരെ തിരിയാൻ പ്രേരിപ്പിക്കുകയെന്നതായിരുന്നു അതിനായി ഉപയോഗിച്ച പുതിയ, അതിസൂക്ഷ്മമാർഗം എന്നാണ് ആ രേഖ കണ്ടെത്തുന്നത്.

ഫിദൽ കാസ്‌ട്രോയും ചെ ഗുവേരയുംഫിദൽ കാസ്‌ട്രോയും ചെ ഗുവേരയും

" ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിൽ ആഞ്ഞടിച്ച തീവ്ര ഇടതുപക്ഷ ഭീകരതയുടെ അലയടികൾക്ക് ക്യൂബ വെറുമൊരു പ്രചോദനം മാത്രമായിരുന്നില്ല, മറിച്ച് അതിന് സജീവമായ പിന്തുണയും സഹായവും നൽകുകയും ചെയ്‌തിരുന്നു. കുപ്രസിദ്ധമായ ‘വെതർ അണ്ടർഗ്രൗണ്ട്' (Weather Underground) എന്ന സംഘടന രൂപപ്പെട്ടത്, അതിന്റെ നേതൃത്വത്തിന് ക്യൂബൻ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന നേരിട്ടുള്ള ബന്ധത്തിലൂടെയാണ്. തുടർന്നുള്ള വർഷങ്ങളിൽ അമേരിക്കയിലുടനീളം ഈ തീവ്ര ഇടതുപക്ഷ ഭീകരസംഘടന നടത്തിയ ബോംബാക്രമണങ്ങളിൽ ക്യൂബൻ ചാരന്മാർ രഹസ്യമായ പ്രവർത്തന പിന്തുണ നൽകി. നഗരകേന്ദ്രീകൃത ഭീകരവാദത്തിന്റെയും ഗറില്ലാ യുദ്ധത്തിന്റെയും തന്ത്രങ്ങൾ പഠിക്കാൻ അമേരിക്കൻ തീവ്രവാദികളുടെ പ്രതിനിധിസംഘങ്ങൾ ക്യൂബയിലേക്ക് യാത്ര ചെയ്‌തു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും സജീവവും മാരകവുമായ ഭീകരസംഘടനകളിൽ ഒന്നായി മാറിയ പോർട്ടോ റിക്കൻ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനും പരിശീലനം നൽകുന്നതിനും ആയുധമണിയിക്കുന്നതിനും ക്യൂബൻ രഹസ്യാന്വേഷണ ഏജന്റുമാർ സഹായിച്ചു. ‘ബ്ലാക്ക് പാന്തർ' (Black Panther) നേതാക്കൾ അമേരിക്കൻ മണ്ണിൽ തങ്ങൾ ചെയ്‌ത കുറ്റകൃത്യങ്ങൾക്ക് നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, അവർക്ക് സുരക്ഷിതമായ അഭയകേന്ദ്രം ഒരുക്കിയതും ക്യൂബയായിരുന്നു.

​വിപ്ലവത്തിന്റെ ഈ പുതിയ പ്രത്യയശാസ്‌ത്രത്തിന്റെ തലസ്ഥാനമായി ഉയർന്നുവന്നത് മോസ്‌കോ അല്ല, മറിച്ച് ഹവാനയായിരുന്നു. പുതിയ ആശ്രിത രാജ്യങ്ങളെ (client states) നേടുന്നതിലും അമേരിക്കൻ മുതലാളിത്ത ചേരിയുടെ ആഗോള സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതിലുമുള്ള വ്യക്തമായ തന്ത്രപരമായ നേട്ടം കണ്ട്, സോവിയറ്റുകൾ ക്രമേണ ഗ്ലോബൽ സൗത്തിലുടനീളമുള്ള പല ‘തേഡ് വേൾഡിസ്‌റ്റ്‌ (Third Worldist - മൂന്നാം ലോക വിപ്ലവ) പ്രക്ഷോഭങ്ങളെയും വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്തുണച്ചു. എന്നാൽ ക്രംലിൻ (സോവിയറ്റ് യൂണിയൻ) മൂന്നാം ലോകവാദത്തെ സ്വീകരിച്ചത് എപ്പോഴും ഒരു താൽക്കാലിക സൗകര്യത്തിന് വേണ്ടിയുള്ള സഖ്യമായിട്ടായിരുന്നു; തികച്ചും അസ്വസ്ഥജനകമായ പ്രത്യയശാസ്‌ത്ര പശ്ചാത്തലത്തിലാണ് അവരത് ചെയ്‌തത്. തങ്ങളുടെ പരമ്പരാഗത മാർക്‌സിസ്‌റ്റ്‌ പാർടി നയങ്ങളുമായി ഇത്തരം തീവ്രമായ സിദ്ധാന്തങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തണമെന്ന് സോവിയറ്റുകൾക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. അവർ മൂന്നാം ലോകവാദത്തെപ്പറ്റി സംസാരിച്ചത് ഒരു രണ്ടാം ഭാഷ പോലെയായിരുന്നു. എന്നാൽ ക്യൂബക്കാർക്ക് അത് അവരുടെ മാതൃഭാഷ തന്നെയായിരുന്നു.


​പഴയ സോവിയറ്റ് ഇടതുപക്ഷം പാർടിയെയും തൊഴിലാളി യൂണിയനുകളെയും സാമ്പത്തിക വർഗസമരത്തിന്റെ മാർക്‌സിസ്‌റ്റ്‌് സിദ്ധാന്തങ്ങളെയും ചുറ്റിപ്പറ്റിയാണ് കെട്ടിപ്പടുത്തിരുന്നതെങ്കിൽ,‘ന്യൂ ലെഫ്റ്റ്' ഊർജം ഉൾക്കൊണ്ടത് ബ്ലാക്ക് പവർ (Black Power), തീവ്ര ഫെമിനിസം, മൂന്നാം ലോക മോചനം, അതിനെല്ലാമുപരിയായി പാശ്ചാത്യ സംസ്‌കാരത്തെയും ചരിത്രത്തെയും സ്വത്വത്തെയും അതിന്റെ എല്ലാ രൂപങ്ങളിലും കടുത്ത ഭാഷയിൽ നിരസിക്കൽ എന്നിവയിൽ നിന്നുമാണ്. ഈ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത് പോലെ, അമേരിക്കയിലും ലോകമെമ്പാടുമുണ്ടായ ഈ മാറ്റത്തിൽ ക്യൂബൻ വിപ്ലവത്തിനുണ്ടായിരുന്ന സ്വാധീനം എത്രത്തോളമാണെന്ന് എത്ര വിവരിച്ചാലും അധികമാകില്ല’ എന്നും നിരീക്ഷിക്കുന്ന ആ രേഖ പക്ഷേ അമേരിക്ക ഊറ്റം കൊള്ളുന്ന സ്വന്തം ചാരസംഘടനയായ സിഐഎ, ക്യൂബൻ രഹസ്യാന്വേഷണ വിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര ദുർബലമാണ് എന്ന് പച്ചയ്‌ക്ക് പറയുന്നുണ്ട്:

പ്രസിദ്ധമായ ‘ബേ ഓഫ് പിഗ്സ്' (Bay of Pigs) അധിനിവേശത്തിന് തുടക്കമിടാൻ അമേരിക്കൻ സിഐഎ (CIA) ചുമതലപ്പെടുത്തിയ പ്രതിനിധി യഥാർഥത്തിൽ ക്യൂബയ്‌ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു ഇരട്ട ഏജന്റായിരുന്നു (double agent). ഇരുപതിലധികം വർഷത്തോളം ക്യൂബയിലുള്ള ഡസൻകണക്കിന് യുഎസ് ചാരന്മാരിൽനിന്നുള്ള വിവരങ്ങളാണെന്ന് വിശ്വസിച്ച് സിഐഎ ഉപയോഗിച്ചതെല്ലാം ക്യൂബൻ ഭരണകൂടം വളരെ ശ്രദ്ധാപൂർവം ചമച്ചുനൽകിയ വ്യാജ വിവരങ്ങളായിരുന്നു (disinformation). ​1989 വരെ ‘ഡയറക്ഷൻ ജനറൽ ഡി ഇന്റലിജൻസിയ' (DGI) എന്നറിയപ്പെട്ടിരുന്ന ‘ഡയറക്ഷൻ ഡി ഇന്റലിജൻസിയ' (DI) ആണ് ക്യൂബയുടെ പ്രധാന വിദേശ രഹസ്യാന്വേഷണ ഏജൻസി. ഇന്നും ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഹ്യൂമൻ- ഇന്റലിജൻസ് (human-intelligence) ശൃംഖലകളിലൊന്നായി ഇത് തുടരുന്നു എന്ന് സ്‌തുതിക്കുന്നുമുണ്ട് ആ രേഖ.

30 വർഷംമുമ്പ്‌ സിവിലിയൻ വിമാനങ്ങൾ വെടിവച്ചിട്ട സംഭവത്തിൽ റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഹവാനയിലെ യുഎസ് എംബസിക്ക് മുന്നിൽ നടന്ന പ്രകടനം30 വർഷംമുമ്പ്‌ സിവിലിയൻ വിമാനങ്ങൾ വെടിവച്ചിട്ട സംഭവത്തിൽ റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഹവാനയിലെ യുഎസ് എംബസിക്ക് മുന്നിൽ നടന്ന പ്രകടനം

വെല്ലുവിളി ലോകത്തിനു നേരെ


അമേരിക്കയ്‌ക്ക് ഒരു വൻ ഭീഷണിയാണ് ക്യൂബ എന്ന് വരുത്തിത്തീർത്ത് പൊതുജനാഭിപ്രായം തങ്ങൾക്കനുകൂലമാക്കി മാറ്റാനാണ് ആ 100 പേജ് രേഖ പുറത്തിറക്കിയിരിക്കുന്നത്. സമാധാനപരമായ സഹവർത്തിത്വം എന്നത് നേരത്തെ സോവിയറ്റ് യൂണിയൻ മുന്നോട്ടുവച്ച ഒരാശയമാണ്. മുതലാളിത്തവും സോഷ്യലിസവും തമ്മിൽ ഏറെ വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, രണ്ട് വ്യത്യസ്ത വ്യവസ്ഥകളായി നിലനിൽക്കുമ്പോഴും അവ തമ്മിൽ സഹവർത്തിത്വം സാധ്യമാണ് എന്നായിരുന്നു സോവിയറ്റ് പക്ഷം. എന്നാൽ ചൂഷണരഹിതമായ ഒരു സാമ്യവാദവ്യവസ്ഥയെ നിലനിൽക്കാൻ അനുവദിക്കില്ല എന്നാണ് അമേരിക്ക പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്ര സഭ പോലും അമേരിക്കൻ നിലപാട് തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടും തങ്ങളുടെ ഭ്രാന്തൻ നടപടികളുമായി മുന്നോട്ട് പോവാനാണ് അമേരിക്കൻ ശ്രമം. ഇത് ലോകത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. ക്യൂബയ്‌ക്ക് നേരെയുള്ള ഉപരോധവും ആക്രമണവും അവസാനിപ്പിക്കണം എന്നു തന്നെയാണ് ലോകം പറയുന്നത് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home