ad
Deshabhimani

പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ചത് കേരളത്തോടുള്ള കടുത്ത വിവേചനം; തെറ്റായ നടപടി തിരുത്തണം: പ്രതിപക്ഷനേതാവ്

palakkad division pinarayi vijayan
വെബ് ഡെസ്ക്

Published on Aug 22, 2026, 02:23 PM | 2 min read

തിരുവനന്തപുരം : മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ ഉൾപ്പെടെ സുപ്രധാന ഭാഗങ്ങൾ പാലക്കാട് ഡിവിഷനിൽ നിന്ന് വെട്ടിമാറ്റിയ റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേരളത്തോട് റെയിൽവേയും കേന്ദ്ര സർക്കാരും കടുത്ത വിവേചനവും അവഗണനയുമാണ് പുലർത്തുന്നത്. കടുത്ത അനീതിയാണിത്.


പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഇതുവഴി 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഈ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും ശക്തമായി ഇടപെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മംഗലാപുരം ഭാഗം മൈസൂർ ഡിവിഷനോട് ചേർക്കുന്നതോടെ പാലക്കാട് ഡിവിഷന് ഫലത്തിൽ അന്ത്യം കുറിക്കുകയാണ്. ഉള്ളാൾ വരെയുള്ള സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്.


പ്രധാന തുറമുഖ നഗരമായ മംഗലാപുരം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. പനമ്പൂർ ഗുഡ്സ് യാർഡ് വഴി കഴിഞ്ഞ സാമ്പത്തിക വർഷം 625 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. ഇത് പൂർണ്ണമായും നഷ്ടമാകും. തിരുവനന്തപുരത്തേക്ക് ഉൾപ്പെടെ നിലവിൽ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകൾ മൈസൂർ ഡിവിഷന്റെ ഭാഗമാകുന്നതോടെ സ്വന്തമായി ഒരു ട്രെയിൻ പോലും ഇല്ലാത്ത ഡിവിഷനായി പാലക്കാട് മാറും.


പാലക്കാട് കഞ്ചിക്കോടിന് അനുവദിച്ച കോച്ച് ഫാക്ടറി നടപ്പാകില്ലെന്ന് ഉറപ്പായതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് ഡിവിഷൻ വീണ്ടും വെട്ടിമുറിക്കുന്നത്. അതിവേഗ റെയിൽവേ പാത എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം പോലും നൽകിയട്ടില്ല. 2006ൽ സേലം ഡിവിഷൻ ആരംഭിച്ചതോടെ കോയമ്പത്തൂർ അടക്കം വാണിജ്യപ്രധാനമായ നഗരങ്ങൾ പാലക്കാടിന് നഷ്ടപ്പെട്ടു. പകുതിയോളം വരുമാനമാണ് അന്ന് നഷ്ടമായത്. ഇപ്പോൾ മംഗലാപുരം കൂടി വേർപെടുന്നതോടെ കേരളത്തിന്റെ റെയിൽവേ വികസനം ഇനി സ്വപ്നമായി അവശേഷിക്കും.


തിരുവനന്തപുരം ഡിവിഷൻ മാത്രമാക്കി കേരളത്തെ പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വരുമാനം കുറവാണെന്ന ന്യായത്തിൽ പുതിയ ട്രെയിനുകളൊന്നും കേരളത്തിന് ലഭിക്കാതാവും. തിരുവനന്തപുരത്തേക്ക് അടക്കം മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ഇനി മൈസൂർ ഡിവിഷന് ആയിരിക്കും. ഇത് കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കും.


റെയിൽവേയുടെ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടിക്ക് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തയ്യാറാകണം. കേന്ദ്ര നടപടി തിരുത്തിക്കാൻ മുഴുവൻ എംപിമാരേയും കൂട്ടിയോജിപ്പിച്ച് ശക്തമായി ഇടപെടണമെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home