എഐ സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

ഹലോ 2 എഐ ക്യാന്പയിൻ ലോഗോ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ പ്രസിഡന്റ് എ എ റഹീമിന് നൽകി പ്രകാശിപ്പിച്ചപ്പോൾ
തൃശൂർ: എഐ സാങ്കേതികവിദ്യ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്താനായി ‘ഹലോ 2 എഐ’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. സംസ്ഥാന സമ്മേളന വേദിയിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. ‘എഐ ഫോർ ഓൾ, പ്രോഗ്രസ് ഫോർ ഓൾ ’എന്ന ടാഗ് ലൈനോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.
സെപ്തംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നടക്കുന്ന ആദ്യഘട്ട ക്യാന്പയിനിൽ 10 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികളെയാണ് പങ്കാളികളാക്കുക. ഐ ഐടി, ബിറ്റ്സ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി എഐ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്‌ധരുടെ നേതൃത്വത്തിൽ പ്രത്യേക സിലബസ് തയ്യാറാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ക്യാമ്പയിൻ നയിക്കാൻ എഐ മേഖലയിൽനിന്നുള്ള അമ്പതോളം മെന്റേഴ്‌സിനെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറോളം ശിൽപ്പശാലകൾ നടത്തും.
രണ്ടാംഘട്ടത്തിൽ പൊതുജനങ്ങൾക്കായും ശിൽപ്പശാല നടത്തും. കൂടുതൽ വിവരങ്ങൾ www.hello2ai.in എന്ന വെബ്‌സൈറ്റിൽനിന്ന് ലഭിക്കും. ഫോൺ: 9739603058, 9447040733.










0 comments