നാൽസാർ എൻറോൾമെന്റ് വിവാദം; മനൻ മിശ്രയുടെ രാജി ആവശ്യപ്പെട്ട് ബിസിഐ കോ- ചെയർമാൻ

മനൻ കുമാർ മിശ്ര
ന്യൂഡൽഹി : നാൽസാർ സർവകലാശാലയിലെ എൻറോൾമെന്റ് വിവാദത്തിൽ ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര രാജിവയ്ക്കണമെന്ന് ബിസിഐ കോ- ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വൈ ആർ സദാശിവ റെഡ്ഡി. ബാർ കൗൺസിൽ ഇതിലും മികച്ചവരെ അർഹിക്കുന്നുണ്ടെന്ന് സദാശിവ റെഡ്ഡി ബിസിഐയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
150 കോടി രൂപയുടെ ഫണ്ട് വകമാറ്റൽ, കുടുംബ നിയമനങ്ങൾ, നാൽസാർ വിദ്യാർഥികൾക്കെതിരായ നിയമവിരുദ്ധ നടപടി എന്നിവ ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി, മനൻ മിശ്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. മൂന്ന് പതിറ്റാണ്ടായി അഭിഭാഷകനായി പ്രവർത്തിക്കുന്ന താൻ ഇത്തരമൊരു വിഷയത്തിൽ മൗനം പാലിക്കുന്നത് ശരിയായി തോന്നിയില്ലെന്നും അതിനാലാണ് തുറന്നുപ്രതികരിച്ചതെന്നും റെഡ്ഡി കത്തിൽ പറഞ്ഞു.
Related News
1961 ലെ അഭിഭാഷക നിയമപ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമായ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആരുടെയും സ്വകാര്യ സ്വത്തല്ല. ലക്ഷക്കണക്കിന് അഭിഭാഷകർ സംഭാവന ചെയ്യുന്ന ഫണ്ടുകൾ കൗൺസിലിന്റെ കൈവശമുണ്ട്. അഭിഭാഷകരുടെ ക്ഷേമത്തിനും അവർക്കുവേണ്ട സേവനങ്ങൾക്കുമാണ് ഫണ്ടുകളും അധികാരങ്ങളും ഉപയോഗിക്കേണ്ടത്, അല്ലാതെ ചെയർമാൻ സ്ഥാനം വഹിക്കുന്ന വ്യക്തിയ്ക്കുവേണ്ടിയല്ല.
കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മിശ്ര രാജിവയ്ക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടു. കത്തിൽ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കുന്നതിനായി ബിസിഐയുടെ പ്രത്യേക യോഗം വിളിക്കണമെന്നും ബിസിഐയുടെയും ബിസിഐ ട്രസ്റ്റ് പിഇആർഎൽ ഫസ്റ്റിന്റെയും അക്കൗണ്ടുകളുടെ പ്രത്യേക ഓഡിറ്റ് നടത്തണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപിയും മനൻ കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
Related News
ഹൈദരാബാദിലെ ഹൈദരബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് നിയമ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ബിസിഐ തീരുമാനിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മുഴുവൻ വിദ്യാർഥികളുടെയും എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ നിർദേശിച്ചു. മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചെങ്കിലും മനൻ കുമാറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അധികാരപരിധി മറികടന്നാണ് ബാർ കൗൺസിൽ വിദ്യാർഥികളുടെ എൻറോൾമെന്റ് തടഞ്ഞത്. വിഷയത്തിൽ സുപ്രീംകോടതിയും കൗൺസിലിന്റെ ഇടപെടലിനെ വിമർശിച്ചു.










0 comments