കവർസ്റ്റോറി
സാർവദേശീയതയാണ് ക്യൂബയുടെ മതം

ഡോ. നിതീഷ് നാരായണൻ
Published on Aug 22, 2026, 02:41 PM | 6 min read
ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ ശ്രീലങ്കയിലെ കൊളംബോയിലെത്തിയപ്പോഴാണ് കിഴക്കൻ തിമോറിൽനിന്നുള്ള സോഷ്യലിസ്റ്റ് പാർടിയുടെ നേതാവും മുൻ ഗറില്ലാ പോരാളിയുമായ അഗസ്‌തിനോ പെരെസിനെ പരിചയപ്പെട്ടത്. നമ്മുടെയൊന്നും ചർച്ചകളിലോ നമ്മളിലേക്കെത്തുന്ന വാർത്തകളിലോ ഒന്നും പൊതുവേ കടന്നുവരുന്ന പേരല്ല കിഴക്കൻ തിമോർ എന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ പോർച്ചുഗലിന്റെ കോളനിയായിരുന്നു ഈ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യം. 1975 മുതൽ ഇന്തോനേഷ്യയുടെ അധീനതയിലുമായിരുന്നു. 2002‐ൽ മാത്രം സ്വാതന്ത്ര്യം നേടിയ ഈസ്റ്റ് തിമോറിലെ വിമോചന പോരാട്ടത്തിലെ പങ്കാളി കൂടിയായിരുന്നു അഗസ്‌തിനോ. അദ്ദേഹമാണ് സ്വാതന്ത്ര്യാനന്തര കിഴക്കൻ തിമൂറിന്റെ രാഷ്‌ട്രനിർമാണ പ്രക്രിയയിൽ ക്യൂബയുടെ അതിശയിപ്പിക്കുന്ന സാർവദേശീയ ഐക്യദാർഢ്യത്തിന്റെ അനുഭവം പങ്കുവച്ചത്.
സ്വാതന്ത്ര്യം നേടിയപ്പോൾ കിഴക്കൻ തിമൂറിൽ ആരോഗ്യ സംവിധാനങ്ങൾ തീരെയില്ലായിരുന്നു. നൂറ്റാണ്ടുകളോളം ആ നാടിന്റെ വിഭവങ്ങൾ കൊള്ളയടിച്ചവർ അന്നാട്ടിലെ മനുഷ്യർക്കായി മെച്ചപ്പെട്ട ഒരു ആശുപത്രി പോലും നിർമിച്ചില്ല. ഒട്ടും അമാന്തിക്കാതെ ക്യൂബ ഇടപെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം കഠിനമായ പ്രയാസങ്ങളുടെ ഘട്ടത്തെ ക്യൂബ പതുക്കെ തരണം ചെയ്ത് തുടങ്ങിയ കാലമായിരുന്നു അത്. ക്യൂബയിൽനിന്നും പതിനായിരത്തിലേറെ മൈലുകൾക്കപ്പുറത്താണ് ഈസ്റ്റ് തിമോർ. അതൊന്നും പക്ഷേ ക്യൂബയുടെ പരിഗണനാ വിഷയങ്ങളേയായിരുന്നില്ല. 2008 ആവുമ്പോഴേക്കും 300 ക്യൂബൻ ആരോഗ്യ പ്രവർത്തകർ തിമോറിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. 850 തിമോറീസ് വിദ്യാർഥികൾ ക്യൂബയുടെ സഹായത്തോടെ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നുമുണ്ടായിരുന്നു. 700 പേർ ക്യൂബയിലും 150 പേർ ക്യൂബൻ നേതൃത്വത്തിൽ തിമോറിൽ നിർമിച്ച ഫാക്കൾട്ടി ഓഫ് മെഡിസിനിലും. അതായത്, സ്വതന്ത്രമായി നിവർന്നുനിൽക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തേക്ക് ആരോഗ്യ പ്രവർത്തകരെ അയക്കുക മാത്രമല്ല ക്യൂബ ചെയ്‌തത്, മറിച്ച് അവിടത്തെ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഒരുക്കുക കൂടിയാണ്.
കടപ്പാട്: ഗൂഗിൾ
ക്യൂബൻ സാർവദേശീയതയുടെ ഗുണമനുഭവിച്ചവർ തിമോറിലെ ജനത മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യരാണ്. അഗസ്‌തിനോയെ കണ്ടുമുട്ടിയ അതേ സമ്മേളനത്തിൽ പങ്കെടുത്ത പാകിസ്ഥാനിൽനിന്നുള്ള റാമിസ് സൊഹൈലിന് പറയുവാനുണ്ടായിരുന്നത് 2005‐ൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായപ്പോൾ ആയിരത്തോളം ആരോഗ്യപ്രവർത്തകരുമായി ഓടിയെത്തിയ ക്യൂബയുടെ ഹെൻറി റീവ് ബ്രിഗേഡിനെക്കുറിച്ചായിരുന്നു. മറ്റാരും കടന്നുചെല്ലാത്ത ഉൾനാടുകളിലേക്ക് പോലും ക്യൂബൻ സംഘം മടിയേതുമില്ലാതെ കടന്നുചെന്ന് പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചു. അന്നാടുകളിൽ പിന്നീട് പിറന്ന കുഞ്ഞുങ്ങൾക്ക് പലരും ഫിദലിന്റെയും ചെയുടെയുമൊക്കെ പേര് നൽകിയത്രേ. കേരളത്തിൽ മാത്രമല്ല പാകിസ്ഥാനിലും മക്കൾക്ക് ഫിദലെന്ന് പേരിട്ട മാതാപിതാക്കളുണ്ട്. ഫിദലിന്റെ സ്‌നേഹം നേരിട്ടനുഭവിച്ചവർ.
ക്യൂബൻ സാർവദേശീയതയ്‌ക്ക് സമാനതകളില്ല. തങ്ങൾക്കുള്ളതെല്ലാം ലോകവുമായി പങ്കുവയ്‌ക്കുക എന്നതാണ് വിപ്ലവത്തിന്റെ തുടക്കംമുതൽ ക്യൂബ പിന്തുടർന്ന സമീപനം. ക്യൂബൻ വിപ്ലവത്തിനുശേഷം ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ചിലിയിൽ വലിയ പ്രകൃതിക്ഷോഭം ഉണ്ടാകുന്നത്. വിപ്ലവത്തെത്തുടർന്ന് ക്യൂബ വിട്ടുപോയ അവിടത്തെ വരേണ്യവിഭാഗക്കാരിൽ നല്ലൊരു ശതമാനം അന്നാട്ടിലെ ഡോക്ടർമാരായിരുന്നു. എന്നിട്ടും ചിലിയിലേക്ക് തങ്ങളുടെ ആരോഗ്യസംഘത്തെ അയക്കാൻ ക്യൂബ ഒട്ടും അമാന്തിച്ചില്ല. തിമോറാകട്ടെ ചിലിയാകട്ടെ മറ്റേതൊരു രാഷ്‌ട്രവുമാകട്ടെ, അന്നാട്ടിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിലപാടുകളോ, ക്യൂബയുമായുള്ള ബന്ധമോ, രാജ്യങ്ങൾ തമ്മിലുള്ള ദൂരമോ ഒന്നും ക്യൂബയുടെ സാർവദേശീയ പ്രതിബദ്ധതയ്‌ക്ക് ഒരിക്കലും തടസ്സമായില്ല.
ഒരു കോടിയിൽപ്പരം മാത്രം ജനസംഖ്യയുള്ള, ഭൂവിസ്‌തൃതിയിൽ നൂറ്റിനാലാം സ്ഥാനത്തുള്ള രാജ്യമാണ് ക്യൂബ. എന്നാൽ അതിരുകളില്ലാത്ത മാനവികതയുടെ കൊടിയേന്തിയ ആ ചെറിയ രാജ്യത്തെ ആരോഗ്യസംഘത്തിന്റെ സേവനം ലഭിച്ചവരിൽ നൂറ്റിഅറുപത്തിമൂന്ന് രാജ്യങ്ങളുണ്ട്. നൂറ്റിപ്പത്തോളം രാജ്യങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും ദരിദ്രരുടെയും അഭയാർഥികളുടെയും സംഘർഷഭൂമിയിൽ സകലതും നഷ്ടപ്പെട്ട മനുഷ്യരുടെയും മക്കൾ ക്യൂബയിൽനിന്നും ആരോഗ്യ വിദ്യാഭ്യാസം നേടി. തങ്ങൾ ആർജിച്ചെടുക്കുന്ന വിദ്യാഭ്യാസം എക്കാലവും ദുർബലരായ മനുഷ്യരെ സേവിക്കാനായി ഉപയോഗിക്കും എന്ന പ്രതിജ്ഞയ്‌ക്കപ്പുറം മറ്റൊന്നും ക്യൂബ ആ വിദ്യാർഥികളോട് തിരികെ ആവശ്യപ്പെട്ടില്ല. വിപ്ലവകാരികളായ ഡോക്ടർ എന്ന പദം ക്യൂബയുടെ സംഭാവനയാണ്.
ഫിദൽ കാസ്‌ട്രോയും മറഡോണയും കടപ്പാട്: ഗൂഗിൾ
മനുഷ്യരാശിക്ക് ക്യൂബ നൽകിയ സംഭാവന ആരോഗ്യപ്രവർത്തകരിലൂടെ മാത്രമാണെന്ന് കരുതരുത്. ഗറില്ലാ പോരാളികൾ, ആർട്ടിസ്റ്റുകൾ, കായിക പരിശീലകർ തുടങ്ങിയവരെല്ലാം ക്യൂബൻ ഇന്റർനാഷണലിസത്തിന്റെ ഭാഗമായിട്ടുണ്ട്. കായിക താരങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള പരിക്കുകൾക്കും മറ്റ് അസുഖങ്ങൾക്കും പ്രത്യേക മരുന്നുകളും ചികിത്സയും വികസിപ്പിച്ചെടുക്കാനും ക്യൂബയ്ക്ക് സാധിച്ചു. ക്യൂബൻ സ്‌പോർട്സ് മെഡിസിന്റെ ഗുണഭോക്താക്കളിലും വിവിധ ദരിദ്ര രാജ്യങ്ങളിലെ കായികതാരങ്ങളെ കാണാം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഫുട്ബോൾ ഇതിഹാസം മറഡോണയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ക്യൂബയിലെ ചികിത്സയായിരുന്നു. അതിനു മുമ്പ് തന്നെ ക്യൂബൻ വിപ്ലവത്തെയും ഫിദലിനെയും ചെയെയുമെല്ലാം ഹൃദയത്തിലേറ്റിയിരുന്ന സാമ്രാജ്യത്വ വിരുദ്ധൻ കൂടിയായിരുന്നല്ലോ മറഡോണ.
അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടന്ന ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളിൽ ഏവരുടെയും മനം കവർന്നത് ആഫ്രിക്കൻ ടീമുകളുടെ പ്രകടനമായിരുന്നു. ലോകകപ്പിനെത്തിയ പത്തിൽ ഒമ്പത് ആഫ്രിക്കൻ ടീമുകളും നോക്കൗട്ട് റൗണ്ടിലേക്ക് ജയിച്ചുകയറി. ആഫ്രിക്കൻ ടീമുകളുടെ പ്രകടനം ലോകത്തെ ആകർഷിക്കാനുള്ള കാരണം അവരോരോരുത്തർക്കും കടന്നുപോകേണ്ടിവന്ന കൊളോണിയൽ ക്രൂരതകളുടെ ചരിത്രം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന് അര നൂറ്റാണ്ടുമാത്രം പ്രായമുള്ള രാജ്യങ്ങൾ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊളോണിയൽ കൊള്ളയുടെയും അടിമക്കച്ചവടത്തിന്റെയും വംശീയതയുടെയും എല്ലാം ഇരകളായ ആഫ്രിക്കയിലെ ജനതയെക്കൂടി ലോകം ഓർമിച്ചു. അവരുടെ വിമോചന പോരാട്ടങ്ങളുടെ ചരിത്രവും ചർച്ചകൾക്ക് വിഷയമായി. ആഫ്രിക്കൻ സമരങ്ങളെക്കുറിച്ചുള്ള ആലോചനകളൊന്നും ക്യൂബയെ പരാമർശിക്കാതെ പൂർത്തിയാക്കാനാവില്ല. ഓരോ ആഫ്രിക്കൻ രാജ്യത്തിന്റെ വിമോചന പോരാട്ടത്തിലും തങ്ങളെക്കൂടി സമർപ്പിച്ച ചരിത്രമാണ് ക്യൂബയുടേത്. 1961 മുതലുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ പതിനേഴ് ആഫ്രിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള സമരമുന്നണിയിൽ ക്യൂബയും അണിചേർന്നു.
ഇത്തവണത്തെ ലോകകപ്പിലെ അത്ഭുതമായി മാറിയ കേപ് വെർദേ എന്ന കുഞ്ഞുരാജ്യം പോർച്ചുഗലിന്റെ കൊളോണിയൽ ആധിപത്യത്തിൽനിന്നും സ്വതന്ത്രമാകുന്നത് 1975‐ൽ മാത്രമാണ്. അറുപതുകളിൽ അമിൽകാർ കബ്രാൾ എന്ന വിപ്ലവകാരിയുടെ നേതൃത്വത്തിൽ കേപ് വെർദേയുടെയും ഗിനി ബിസാവുവിന്റെയും മോചനത്തിനായുള്ള പോരാട്ടം കനത്തപ്പോൾ അതിൽ നേരിട്ട് പങ്കെടുക്കാൻ ക്യൂബൻ ഗറില്ലാ പോരാളികളും എത്തിയിരുന്നു. ഫിദലും അമിൽകാർ കബ്രാളും തമ്മിലുണ്ടായിരുന്ന സൗഹൃദവും പ്രസിദ്ധമാണ്. ലോകത്തെ പൊരുതുന്ന മനുഷ്യരുമായാണ് ക്യൂബൻ വിപ്ലവനായകൻ സൗഹൃദം സ്ഥാപിച്ചിരുന്നത്. അത് വിമോചിതരും സ്വതന്ത്രരുമായ മനുഷ്യരുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയായിരുന്നു. അമേരിക്കയെന്ന ലോകഭീകരൻ ഉയർത്തിയ ഭീഷണികളും ഉപരോധവും നേരിടുമ്പോൾ തന്നെ ക്യൂബ ആഫ്രിക്കൻ ജനതയുടെ വിമോചന പോരാട്ടങ്ങൾക്കൊപ്പം നിന്നു. യുഎസും യുകെയും ഫ്രാൻസും പോർച്ചുഗലും ബെൽജിയവും ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളായിരുന്നു മറുഭാഗത്ത് എന്നോർക്കണം. കോംഗോയിലെ സ്വാതന്ത്ര്യ സമര പോരാളി പാട്രിസ് ലുമുംബ കൊല്ലപ്പെടുന്നത് 1961‐ലാണ്. ബൊളീവിയയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ക്യൂബൻ പടയാളികൾക്കൊപ്പം ചെ ഗുവേര കോംഗോയിലെത്തുകയും അവിടത്തെ വിമോചന പോരാളികൾക്ക് പരിശീലനം നൽകുന്നുമുണ്ട്.
ഏറ്റവും ദീർഘവും വിപുലവുമായ ക്യൂബൻ പങ്കാളിത്തം അംഗോളയിലായിരുന്നു. അത് അംഗോളയുടെ മാത്രമല്ല, നമീബിയയുടെയും സാംബിയയുടെയുമെല്ലാം സാതന്ത്ര്യത്തിലേക്ക് വഴി തുറന്നു. ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തൈഡ് ഭരണകൂടം അംഗോളയുടെയും നമീബിയയുടെയുമെല്ലാം മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്നുകൊണ്ടിരുന്നത് ആഫ്രിക്കയിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള അവരുടെ നീക്കത്തെ ചെറുക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നത് ക്യൂബയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകൂടം നിലംപൊത്തിയ ശേഷം നെൽസൺ മണ്ടേല ആദ്യം സന്ദർശിച്ച രാജ്യം ക്യൂബയായതിൽ അതിശയപ്പെടാനില്ലല്ലോ. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടിയ മണ്ടേല ജനാധിപത്യരഹിതമായ ക്യൂബയുമായി സൗഹൃദം സ്ഥാപിക്കുന്നുവെന്ന പാശ്ചാത്യ വിമർശനം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി ക്യൂബ നൽകിയ പിന്തുണയും വിശ്വമാനവികതയ്‌ക്ക് അവർ നൽകുന്ന സംഭാവനകളും യാതൊരു മടിയുമില്ലാതെ വിശദീകരിക്കുന്ന മണ്ടേലയുടെ വീഡിയോ കണ്ടവരുണ്ടാകും.
ക്യൂബയിൽ മെഡിസിൻ പഠിക്കുന്ന യുഎസ് വിദ്യാർഥികൾ
ആഫ്രിക്കയിലെ ഏകദേശം എല്ലാ രാജ്യങ്ങളിലും ക്യൂബൻ ആരോഗ്യപ്രവർത്തകർ സേവനമനുഷ്ഠിക്കുന്നുണ്ട്. ആഫ്രിക്കയിലേക്ക് പോകാൻ തെരഞ്ഞെടുക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് അവിടത്തെ സവിശേഷ ആരോഗ്യ സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക പരിശീലനവും നൽകും. പലസ്തീനിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്വന്തം രാജ്യം തന്നെയാണ് ക്യൂബ. പഠനം പൂർത്തിയാക്കിയ ശേഷവും അവർക്ക് ക്യൂബയിൽ തുടരാം. യുഎസിലെ കറുത്തവർഗക്കാരായ വിദ്യാർഥികൾക്ക് തീർത്തും സൗജന്യമായി ക്യൂബയിൽ പഠിക്കാം. കറുത്തവർഗക്കാരും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരും ചേർന്നാൽ യുഎസിലെ മെഡിക്കൽ വിദ്യാർഥികളിൽ ആറ് ശതമാനം മാത്രമേ വരൂ. ക്യൂബയിലെ ലാറ്റിനമേരിക്കൻ സ്‌കൂൾ ഓഫ് മെഡിസിനിൽനിന്നും ഡോക്ടർമാരായി മാറിയ അമേരിക്കൻ നാടുകളിലെ (യുഎസും സൗത്ത് അമേരിക്കയും ഉൾപ്പടെ) വിദ്യാർഥികളിൽ പകുതിയും കറുത്ത വർഗക്കാരാണ്. വിദ്യാർഥികൾക്ക് ക്യൂബയിൽ പരിശീലനം നൽകിക്കൊണ്ട് മാത്രമല്ല, എലാമിന്റെ ഒരു ക്യാമ്പസ് തന്നെ കാരക്കാസിൽ ആരംഭിച്ച് കൂടിയാണ് വെനസ്വേലയിൽ ഷാവേസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബൊളിവാറിയൻ വിപ്ലവത്തെ ക്യൂബ പിന്തുണച്ചത്. ഈ കൂട്ടുകെട്ട് തെക്കൻ അമേരിക്കയെ തങ്ങളുടെ അധീനതയിൽ തന്നെ നിർത്താനുള്ള യുഎസിന്റെ നവ കൊളോണിയൽ താൽപ്പര്യങ്ങളെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.
സാമ്രാജ്യത്വത്തിനെതിരായ ഏറ്റവും മൂർച്ചയുള്ള ബദലുകൾ ഉയർത്തിക്കൊണ്ടുവരാതെ മൂന്നാം ലോക ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക സാധ്യമായിരുന്നില്ല. അത്തരം ആലോചനകളുടെ മുൻപന്തിയിൽ ക്യൂബയുണ്ടായിരുന്നു.
ക്യൂബയുടെ ഹെൻറി റീവ് ബ്രിഗേഡിലെ ആരോഗ്യപ്രവർത്തകർ
1966‐ൽ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ വച്ച് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ സമ്മേളനം ചേർന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയുമെല്ലാം വിമോചന പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്ന ട്രൈക്കോണ്ടിനെന്റൽ കോൺഫറൻസ്. 82 രാജ്യങ്ങളിൽ നിന്നായി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഞ്ഞൂറിലേറെ അംഗങ്ങൾ ആ സമ്മേളനത്തിൽ പങ്കെടുത്തു.
സമീപകാലത്ത് ക്യൂബക്കെതിരായ കുറ്റപത്രമെന്നോണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ "ക്യൂബ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസത്തിന്റെ തലസ്ഥാനം' എന്ന നൂറ് പേജ് ഡോക്യുമെന്റിൽ ട്രൈക്കോണ്ടിനെന്റലിനെക്കുറിച്ച് പ്രത്യേകമായിത്തന്നെ പരാമർശിക്കുന്നുണ്ട്. പല അസത്യങ്ങളും കുത്തിനിറച്ചതാണെങ്കിലും കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ ക്യൂബയുടെ യുഎസ് വിരുദ്ധ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന ഈ ഡോക്യുമെന്റ് വായിച്ചാൽ സാമ്രാജ്യത്വ വിരുദ്ധ മനസുള്ള ഏതൊരാൾക്കും ആവേശഭരിതമാകാതിരിക്കാനാവില്ല. സാമ്രാജ്യത്വ വിരുദ്ധമായ മൂന്നാം ലോകബോധം ഉയർത്തുന്നതിൽ ഈ സമ്മേളനം വഹിച്ച പങ്ക് നിസ്‌തുലമാണെന്ന് അതിൽ അടിവരയിടുന്നുണ്ട്. മൂന്നാം ലോകം എന്നത് ഒരു രാഷ്‌ട്രീയ പദ്ധതിയായി രൂപപ്പെടുകയായിരുന്നു. അതിന്റെ നേതൃത്വത്തിൽ ക്യൂബ അചഞ്ചലമായി നിന്നു. അതിനു രാഷ്‌ട്രീയവും ആശയപരവും സംഘടനാപരവുമായ ദിശാബോധവും കെട്ടുറപ്പും നൽകി.
രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസത്തിനുമേൽ സോവിയറ്റ് ചെമ്പട നേടിയ വിജയത്തെ തുടർന്ന് മൂന്നാം ലോകരാജ്യങ്ങൾ ഓരോന്നായി കൊളോണിയൽ നുകത്തിൽനിന്നും വിമോചിതമായിക്കൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. ചില രാജ്യങ്ങളിൽ സമരം തുടരുന്നുമുണ്ടായിരുന്നു. കൊളോണിയലിസം അവസാനിച്ചെങ്കിലും സാമ്രാജ്യത്വശക്തികളുടെ നിയന്ത്രണം പല രാജ്യങ്ങൾക്കുംമേൽ ഉണ്ടായിരുന്നു. നവകൊളോണിയലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ഒക്കെ രൂപത്തിൽ അത് തുടർന്നു. മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്ന ഒന്നായി സ്വാതന്ത്ര്യത്തെ മാറ്റണമെങ്കിൽ ആ രാജ്യങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി വികസനപാത നിർണയിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ഫിദൽ ഉൾപ്പെടെയുള്ള നേതാക്കൾക്കറിയാമായിരുന്നു. അത് എളുപ്പമല്ലെന്നും സാമ്രാജ്യത്വ ശക്തികൾ മൂന്നാം ലോക രാജ്യങ്ങൾക്ക് മേൽ തങ്ങളുടെ സ്വാധീനം ദുർബലമാക്കുന്ന ഒന്നിനെയും സഹിക്കില്ലെന്നും അവർക്ക് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ലോക രാജ്യങ്ങൾക്കിടയിൽ ശക്തമായ ഐക്യദാർഢ്യപ്രസ്ഥാനവും ബഹുജനങ്ങളുടെ യോജിപ്പും ആശയപരമായ പോരാട്ടവും ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കി. 1955‐ൽ ഇന്തോനേഷ്യയിലെ ബാങ്ദൂങ്ങിൽ നടന്ന സമ്മേളനവും ഹവാനയിലെ ട്രൈക്കോണ്ടിനെന്റൽ സമ്മേളനവുമെല്ലാം ഈ ആലോചനയുടെ തുടർച്ചയിൽ ചേർന്നതാണ്. അതിനെത്തുടർന്നാണ് "ട്രൈക്കോണ്ടിനെന്റൽ മാഗസിൻ' എന്ന മൂന്നാം ലോകത്തിന്റെ ജിഹ്വ എന്ന് വിളിക്കാവുന്ന പ്രസിദ്ധീകരണം ക്യൂബയിൽനിന്നും പുറത്തിറങ്ങാൻ ആരംഭിക്കുന്നത്. ഇതിന്റെയെല്ലാം മുൻനിരയിൽ ക്യൂബയെ കാണാം. ചേരിചേരാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും ക്യൂബ മുന്നിൽ നിന്നു.
കാസ്‌ട്രോ നെൽസൺ മണ്ടേലയ്‌ക്കൊപ്പം
ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായ ഇരുപത്തിയൊൻപതാം തവണയും ക്യൂബയ്ക്ക് മേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കണം എന്ന പ്രമേയം വലിയ ഭൂരിപക്ഷത്തോടെ പാസായി. പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കൊ റൂബിയോ അതിനെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും ഒമ്പത് രാജ്യങ്ങൾ മാത്രമാണ് ഉപരോധത്തിനനുകൂലമായി വോട്ട് ചെയ്തത്. മൂന്ന് പതിറ്റാണ്ടായി ഏകദേശം ഒരേശബ്ദത്തിൽ യുഎൻ പാസാക്കുന്ന ഒരു പ്രമേയം നടപ്പിൽ വരുത്താൻ സാധിക്കുന്നില്ല എന്നതിൽ തന്നെ എത്ര ഏകപക്ഷീയമായാണ് സാമ്രാജ്യത്വ താൽപ്പര്യങ്ങൾ നടപ്പിലാക്കപ്പെടുന്നത് എന്ന് വ്യക്തമാണ്. ലോകകപ്പ് ഫുട്ബോളിലെ ഒരു മത്സരത്തിൽ യുഎസ് കളിക്കാരന് ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ അത് പിൻവലിപ്പിക്കാൻ ട്രംപ് ഇടപെട്ടതും ഫിഫ അതിനു വഴങ്ങിക്കൊടുക്കുന്നതും നാം കണ്ടതാണ്. യുഎസിന് കളിനിയമങ്ങൾപോലും മാറ്റിയെഴുതാം. എന്നാൽ ലോകം മുഴുവൻ മൂന്ന് പതിറ്റാണ്ടായി ഒറ്റ ശബ്ദത്തിൽ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നിട്ടും യുദ്ധസമാനമായ ഉപരോധത്തിൽ ഒരു മയവും വരുത്താതിരിക്കുകയുമാകാം. സാമ്രാജ്യത്വം അങ്ങനെയാണ്. അതിന്റെ ആധിപത്യത്തിനായാണ് നിയമങ്ങൾ നിർമിക്കപ്പെടുന്നത്. ക്യൂബ മറ്റൊരു ലോകത്തിന്റെ പ്രതീക്ഷയാകുന്നതും ആ നാട് നിലനിൽക്കുമ്പോൾ മറ്റൊരു ലോകംകൂടി ബാക്കിയാകുന്നതും അതുകൊണ്ട് തന്നെയാണ് .










0 comments